2010, ഓഗസ്റ്റ് 7, ശനിയാഴ്‌ച
മാസ്മരം
മാസ്മരം
നിന്റെ മനസ്സിലുയർന്നൊരു സുമമീ
നിന്നുടെ ചുണ്ടിൽ വിരിയും സ്മിതമായ്
കണ്ണിൽ കനവായ് നിനവായ്,എന്നുടെ
യുള്ളിൽ കുളിരായ്, വെയിലായ്ത്തീരാ-
നുള്ളൊരു മായികജാലമിതെന്തേ?
താവക കുളിർ കര സ്പർശന മൊരു
നവജീവനുണർത്താൻ, സിരകളിൽ
ഭാവ തരംഗത്തള്ളിൻ നുരയുടെ
പൂവുകൾ ചിതറാൻ മായമിതെന്തേ?
ദ്യോവിൻ നിറുകയിൽനിന്നുമിറങ്ങി
ഭൂവിലുറങ്ങും ബീജശതങ്ങളിൽ
ജീവനുണർത്തിയെടുത്തെന്നുള്ളിൽ
പൂവിരിയിക്കും മഴപോൽ പൊഴിയാൻ
ആവതിതേതൊരു മായാജാലം?
ഇന്ദീവരനേർമിഴികൊണ്ടെൻ മന-
മിന്ദ്രിയ ചോദിത തരളിതമായൊരു
മന്ദ്രം, മഥിതം സലിലമതാക്കി
സുന്ദര കവിതാകമലമുയർത്താ-
നെന്തൊരു വിസ്മയ വിദ്യയിരിപ്പൂ?
കോപം വില്ലു കുലച്ചു തൊടുത്തൊരു
ചാപം പോലെ, തുടുത്തൊരു ചുണ്ടിൽ
താപജ്വാലകൾ ഞൊടിയിൽ രൂപം
പ്രാപിക്കുന്നൊരു മഴവില്ലൊളിയായ്
വ്യാപിക്കുന്നതിതേതൊരു മായാജാലം?
മായികമാമീ മാനസഭാവം
പോയൊരു കാലക്കഥകളിലേതാം
നായികയെന്നേ യവനിക പിന്നിൽ
പോയിയിതെന്നാലെന്തേ, ഇന്നും എന്നിൽ
സ്ഥായീഭവമായ് പൂത്തുലയുന്നു?
ചിത്രം: ഗൂഗിൾ വഴി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ