2014 ഓഗസ്റ്റ് 16, ശനിയാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ 1

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ 1.

ഭാരതരത്നം ടെൻഡു
പാരിലെക്രിക്കറ്റ്ദൈവം!
പാർലിമെന്റിലോരണ്ടേ
രണ്ടുനാൾ,നോബാൾ,പാവം!!

2014 ഓഗസ്റ്റ് 10, ഞായറാഴ്‌ച

ഹൈകു കവിതകൾ (തുടർച്ച: 2)

 ഹൈകു കവിതകൾ (തുടർച്ച: 2)



ശാസ്ത്രീയമായ (സാമ്പ്രദായികമായ) ഹൈകു കവിതകൾ മലയാളത്തിൽ ആദ്യമായി ഞാൻ ഇവിടെ പ്രകാശനം ചെയ്തു തുടങ്ങി. "7 ഹൈകു കവിതകൾ " ( 2013, ഒക്ടോബർ 8, ചൊവ്വാഴ്ച) http://jeeyu.blogspot.in/2013/10/7.html കാണുക.  തുടർന്ന്, ഹൈകു കവിതകൾ (തുടർച്ച:  1) 2013, ഒക്‌ടോബർ 27, ഞായറാഴ്‌ച പ്രകാശനം ചെയ്തു. ["ഇക്കഴിഞ്ഞ പോസ്റ്റായ  "7 ഹൈകു കവിതകൾ " ( 2013, ഒക്ടോബർ 8, ചൊവ്വാഴ്ച) ഹൈകുകളുടെ സ്വഭാവ വിശദീകരണത്തോടെ പ്രസിദ്ധീകരിച്ചുകഴിഞ്ഞപ്പോൾ അത്  ഹൈകു കവിതകളായി നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും അറിവിൽപ്പെട്ടിടത്തോളം മലയാള സാഹിത്യത്തിലെ ശാസ്ത്രീയമായ ( classic or taditional, 5-7-5 syllables and other essential features) ഹൈകു കവിതകളൂടെ ആദ്യ അവതരണവും പ്രകാശനവുമായിരിക്കുയാണ്"]


 ഇന്ന് ഹൈകു കവിതകൾ (തുടർച്ച: 2) പോസ്റ്റ് ചെയ്യുന്നു.


1. നിന്മിഴികൾ



വസന്തരാവിൽ
താരകൾ നിന്മിഴികൾ -
നിലാവ് ചുറ്റും.

2. സ്നേഹനിമിഷം


സ്നേഹനിമിഷം
നീളും അപാരകാലം -
ഇയ്യാംപാറ്റകൾ

3. ബദ്ധർ

 

ഒറ്റ ശ്വാസത്തിൽ
ബദ്ധരായി നാം പണ്ടേ -
പുഷ്പകാലമായ്.

4. ചുംബനം


നദീദേവത
അഴിമുഖം മുത്തുന്നു -
മേഘഗർജ്ജനം

5. സന്ധ്യ


പിരിയും സന്ധ്യ
പൊഴിക്കും കണ്ണീർമഴ -
മേലേ ചിദംബരം

6. ശ്യാമിനി


മിന്നാമിനുങ്ങാൽ
കണ്ണ്ചിമ്മി ശ്യാമിനി -
ഇടവം പാതി

7. മിന്നൽ


ജ്വലിക്കും മിന്നൽ
പൊളിക്കും അനന്തത -
പൊലിയും താരകൾ









************



2014 ഏപ്രിൽ 30, ബുധനാഴ്‌ച

ഭഗവാൻ ഉറങ്ങുകയല്ല.


ഭഗവാൻ ഉറങ്ങുകയല്ല.



സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന ക്രിസ്തുവചനം (Synoptic Bible ) നമ്മുടെ നടപ്പ് ജനാധിപത്യവ്യ്വസ്ഥയ്ക്കു മാതൃകയായ ബ്രിട്ടനിൽ  പണ്ടേ സ്ഥാപിതമതവും ഭരണകൂടവും തമ്മിലുള്ള അതിർരേഖയായി കാണുന്നു. ക്രിസ്തുവിന്റെ എതിരാളികൾ ദൈവപുത്രനെ കുരുക്കുവാനായി,  വിശ്വാസികളായ യഹൂദർ തങ്ങളുടെ ഭരണകൂടത്തിനു കരംകൊടുക്കന്നത് ശരിയോ എന്നു യേശുവിനോട് ചോദിച്ചപ്പോൾ അവർ വിചാരിച്ചത് യേശു ദൈവത്തിന്റെ പക്ഷംപിടിക്കുമെന്നാണ്. ശ്രീയേഷു കണക്കിനുകൊടുത്ത ഈ മറുപടി പിന്നീട് ജനായത്ത രാജ്യഭരണ മീമാംസയുടെ ആണിക്കല്ലായി കിടക്കുകയാണ്. സത്യക്രിസ്ത്യാനിയായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഈ ബിബ്ളിക്കൽ പൊരുൾ അതിന്റെ എല്ലാ ആധുനിക കാലികമാനങ്ങളോടൂംകൂടി ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.


 പാണ്ഡ്യസാമ്രാജ്യത്തിലെ സാമന്തരാജ്യവംശമായിരുന്ന ആയ് രാജ്യത്തിന്റെ കീഴിലുള്ള പ്രമുഖ രാജവംശമായിരുന്നു വേണാട് രാജകുലം. ഇന്നത്തെ കൊല്ലം,തിരുവനന്തപുരം,കന്യാകുമാരി ജില്ലകൾ അടങ്ങിയ വേണാട് രാജ്യം അവർ അടക്കിവാണിരുന്നു. തമിഴക സംഘകാലം മുതലേയുള്ളതാണ് വേൽനാട് എന്ന വേണാട്. അത് 9 -ആം ശതകത്തോടുകൂടി രണ്ടാം ചേരരാജവംശത്തിന്റെ ഭാഗമാവുകയും പിന്നീട് 11-ആം ശതകത്തോടെ ചോള സാമ്രാജ്യത്തിന്റെ അധീനതയിലാവുകയും ചെയ്തു. ചേരരാജവംശത്തിൽ ലയിച്ചതോടെയാണ് വേണാടിനു സമൃദ്ധിയുടെ നാട് എന്നർത്ഥത്തിൽ ശ്രീവാഴുംകോട് ( തിരുവിഴാംകോട്,തിരുവിതാംകൂർ, (ഇംഗ്ളീഷുകാരുടെ ട്രാവൻകൂർ))എന്ന പേർ വന്നത്. പിന്നീട്18-ആം ശതകത്തിന്റെ പകുതിയോടെ മാർത്താണ്ഡവർമ്മ മഹാരാജാവ് ആധുനിക തിരുവിതാംകൂർ രാജ്യം സൃഷ്ടിച്ചെടുക്കുകയും ചെയ്തു.

 ഇക്കാലമത്രയും വേണാട്ടരചന്മാരായ തിരുവിതാംകൂർ രാജവശത്തിന്റെ കുലക്ഷേത്രമായിരുന്നു ശീപദ്മനാഭസ്വാമി ക്ഷേത്രം. അതായത് ക്രിസ്തുവിന്റെ കാലത്തിനും മുൻപ് മുതൽതന്നെ. 9-ആം ശതകത്തിൽപോലും തമിഴകത്തെ (തെന്നിന്ത്യ) സുപ്രസിദ്ധ വിഷ്ണുക്ഷേത്രങ്ങളിലൊന്നായി ശീപദ്മനാഭസ്വാമി ക്ഷേത്രം വാഴ്ത്തപ്പെട്ടിരുന്നതായി വൈഷ്ണവാചാര്യൻ നമ്മൽവാരുടെ 'മലൈനാട്ടു തിരുപ്പതികൾ' എന്ന രചനയലെ കീർത്തന പരാമശർത്തിൽനിന്ന് മനസ്സിലാക്കാം. അപ്പോൾ, സഹസ്രാബ്ദങ്ങളായി ക്ഷേത്രംഭരിച്ചിരുന്ന രാജകുടുംബത്തിനെ ക്ഷേത്രത്തിൽനിന്ന് എങ്ങനെ അടർത്തി മാറ്റിനിർത്താനാവും? അതൊരു ക്ഷേത്രഭേദനം ആവും, ഭവനഭേദനംപോലെ.

 വിഷയം ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 14-ആം നൂറ്റാണ്ടിന്റെ ആദ്യദശകത്തിനടുപ്പിച്ച് (1310-14) വേണാട്ട് രാജവംശത്തിന്റെ വെന്നിക്കൊടി തെന്നിന്ത്യ മുഴുവൻ പാറിച്ച രവിവർമ്മ കുലശേഖരന്റെ ദിഗ്വിജയത്തിനു തൊട്ടുമുൻപ് ഡൽഹി സുൽത്താൻ വേണാട് രാജ്യത്തിൽ ആക്രമണപരമായി ഇടപെട്ടതുപോലെ ഇപ്പോൾ ഡൽഹി യിൽനിന്നും ശ്രീപദ്മ്നാഭസ്വമിക്ഷേത്ര ഭരണത്തിൽ അനാരോഗ്യകരവും നിർഭാഗ്യകരവുമായ രീതിയിൽ ഇടങ്കോലിടുകില്ലെന്ന് ആശിക്കാം. ചരിത്രത്തിലെ അതുല്യമായ, അമൂല്യമായ, ഈ ലോകോത്തര ദൈവികനിധി ചിരകാലസുരക്ഷിതമായി സൂക്ഷിക്കാൻ രാജകുടുംബത്തിന്റെ പ്രാധാന്യം നിലനിർത്തിക്കൊണ്ട്തന്നെ, സർക്കാരിന്റെ സംവിധാനങ്ങളും സേവനവും ഉപയോഗിച്ച്  ആർക്കും കബളിപ്പിക്കാൻപറ്റാത്ത, പഴുതുകളോ പിഴവുകളോ ഇല്ലാത്ത, ഒരു ഭരണസംവിധാനം വിധിച്ചുനൽകാൻ ഈ ചരിത്രസന്ദർഭം പരമോന്നതനീതിപീഠം വിനിയോഗിക്കുകയാണുവേണ്ടത്. ഏതായലും പ്രപഞ്ച പരമോന്നതപീഠം ഉണ്ടല്ലോ, ...പ്രിൻസസ് ലക്ഷ്മീ ബായി പറഞ്ഞതുപോലെ: " ഭഗവാൻ ഉറങ്ങുകയല്ല".

2013 ഡിസംബർ 15, ഞായറാഴ്‌ച

സാന്ത്വനം




 സാന്ത്വനം




വിരസമാമൊരു സാന്ധ്യവേളയിൽ
വിരഹവേദനയാകവേ
അലസമാമൊരു നിമിഷമൊന്നിൽ
മനസ്സിലൂറിയ ഗാനമായ്
മഴനനഞ്ഞൊരു ചിദംബരത്തിൽ
എഴുതിവെച്ചൊരു ചിത്രമായ്
കടലിനക്കരെനിന്നുവീശിയ
കുളിരുകാറ്റിൻശീലുപോലെ
ഒരു സമീരണനുള്ളിൽനിന്നുമെൻ
ചിരപുരാതനശോകമായ്
ഹൃദയവീണയിൽ വിരലുചേർക്കെ
മൃദുലഗീതസ്വരാക്ഷരം
പകരുമാത്മനിർവൃതിതന്നെയെൻ
പരമജിവിതസാന്ത്വനം

2013 ഡിസംബർ 12, വ്യാഴാഴ്‌ച

അർവിന്ദ് കെജ്രിവാളിന്റെ ആപ്

 അർവിന്ദ് കെജ്രിവാളിന്റെ ആപ്

ആം ആദ്മി പാർട്ടി (ആപ്) അനിതരസാധാരണമായ കിടിലൻ കന്നിപ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അർവിന്ദ് കെജ്രിവാൾ തന്റെ അണ്ണാ തൊപ്പിയിൽനിന്നും പൊടുന്നനെ ഒരു മുയലിനെ ഇറക്കിവിട്ട് അമ്പരിപ്പിക്കുന്ന ജാലവിദ്യയാണ് ജനസമക്ഷം അവതരിപ്പിച്ചിരിക്കുന്നത്. ഏവരേയും വിലക്കുന്നപോലെയോ അനുഗ്രഹിക്കുന്നപോലെയൊ തരാതരമായി വിശേഷിപ്പിക്കാവുന്ന രീതിയിൽ ഉയർത്തിക്കാട്ടിയിരുന്ന കോൺഗ്രസ്സിന്റെ കൈയ്യ് താനേ താണു. താമര ഉലഞ്ഞാടി നീരിൽ താഴുമെന്നുവരെ ഭയന്നു. ഇടക്കിടെ ഉടക്കാൻ വന്നിരുന്ന അയലത്തെ ചെറുക്കൻ വീട്ടിൽനിന്ന് ഇറക്കിവിട്ടതുപോലെയായി മുന്നു തവണ-മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ വിശ്വവിഖ്യാതമായ അമ്മമുഖം.

വെറും രാഷ്ട്രീയ ശിശുവായ കെജ്രിവാളിനെ ആർക്കാണു പേടിയെന്നു ചോദിച്ചവരൊക്കെ അവിശ്വസനീയമായി കണ്ണുമിഴിക്കുന്നു. ആപിന്റെ വിജയരേണുക്കൾ മുളക്കാൻപാകത്തിൽ ഇന്ത്യയിൽ എമ്പാടും പതിച്ചുകൊണ്ടിരിക്കുകയാണ്.ഏതാണ്ട് നിശ്ചലമായി തളംകെട്ടി മുഷിഞ്ഞ വായു നിറഞ്ഞിരുന്ന ഇന്ത്യൻ രാഷ്ട്രീയ സദനത്തിൽ പൊടുന്നനെ ഇന്ദ്രപ്രസ്ഥത്തിൽനിന്ന് ഒരു വടക്കൻ കാറ്റ് വീശിയിരിക്കുന്നു. ഈ വാമനൻ അടിവച്ച് അടിവെച്ച് ഇന്ത്യ മുഴുവൻ അളന്നെടുക്കുമോ?

ആശങ്കയുടെയും ആശയുടെയും സമ്മിശ്രവികാരവീചികൾ ദീർഘതരംഗങ്ങളായി പ്രസരിക്കുകകയാണ്. ഇതിൽ ഏതു വികാരദിശയെ അടയാളപ്പെടുത്തി നിൽക്കുന്നതാണ് തരംഗഗ്രാഹി എന്നതിനെ ആശ്രയിച്ചുനിൽക്കും ഓരോരുത്തരും വായിക്കുന്ന സന്ദേശം. എന്നാൽ രാഷ്ട്രീയ സൂചനകളേക്കാൾ ഈ വിഷയത്തിൽ വേണ്ടത് സാമൂഹ്യ സൂചനകളുടെ ഇഴപിരിച്ചുള്ള വിചാരണയാണ്. ഈ മുഴച്ചുനിൽക്കുന്ന സന്നിഗ്ദ്ധതയിൽ അന്തർലീനമായ സാമൂഹ്യ ശക്തികൾക്ക് തനതായുള്ള സൂചനകളാണ് ഈ നവാഗത രാഷ്ട്രീയപാർട്ടി തരംഗമാകുമോ എന്ന ചോദ്യത്തിനു ഉത്തരം പ്രവചിക്കാൻ സഹായിക്കുന്നത്.

അണ്ണാ തലപ്പാവുകൾ അടയാളമാക്കി ഡൽഹിയിലെ തെരുവുകളിൽ കണ്ട തൊപ്പിപ്പട്ടാളം പാർട്ടിപ്രവർത്തകരെന്നതിനേക്കാൾ ഒരു തരം ജനക്കൂട്ടത്തിനെയാണ് വിവക്ഷിച്ചത്. രാംലീല മൈതാനത്തു അണ്ണാ ഹസാരെയുടെ തൊപ്പിക്കീഴിലും സംവരണവിരുദ്ധ സമരത്തിലും തടിച്ചുകൂടിയ അതേ ജനക്കൂട്ടം. അവർ തെരുവുകളിലും ചേരികളിലും മധ്യവർഗ്ഗ വസതികളിലും കോളനികളിലും ഏവർക്കും നിത്യപരിചിതമായ ചൂലുകൾ ചിഹ്നമായി ഉയർത്തിക്കാട്ടി കേറിയിറങ്ങി നടന്നു. ആർക്കും ചേരാവുന്ന ആശയ, സിദ്ധാന്ത, ബന്ധനങ്ങളില്ലാത്ത, വെറും നേരമ്പോക്കുകാർക്കും നുഴഞ്ഞുകയറാവുന്ന ഒരു ജനസഞ്ചയം.' ഇന്നെന്താ പരിപാടി'യെന്ന് തെരഞ്ഞുനടക്കുന്ന മധ്യ, ഉപരിവർഗ്ഗക്കാരായ യുവാക്കളുടെയും മധ്യവയസ്കരുടെയും ഒഴിവുസമയ വിനോദം പെട്ടെന്ന് രാഷ്ട്രീയ അർത്ഥതലങ്ങളിലേക്ക് ഒരു കൊടുംകാറ്റുപോലെ കടന്നുകയറി കളി കാര്യമാക്കി.

ഇത്തരം ജനസഞ്ചയങ്ങളെ അറബ് വസന്തത്തിലും മുല്ലപ്പൂവിപ്ലവത്തിലും വാൾസ്ട്രീറ്റ് അധിനിവേശത്തിലുമൊക്കെ നഗരഹൃദയങ്ങളിലെ ഇടങ്ങൾ നിറച്ച് സമാധാനപരമായി ഇരമ്പുന്ന ജനരോഷമായി നാം പരിചയപ്പെട്ടിട്ടുണ്ട്.. സ്വയംഭൂവായി കേന്ദ്രനേതത്വമില്ലാതെ തടിച്ചുകൂടുക (swarming). അത്തരം ഒരു ജനസഞ്ചയത്തെ മറ്റിടങ്ങളിൽ സംഭവിക്കാതിരുന്ന രീതിയിൽ   പരമ്പരാഗത രാഷ്ട്രീയ സംഘടനയുടെ ചട്ടക്കൂട് കൊടുത്ത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ വഴിയിൽ ശാക്തീകരിച്ചതാണ് കെജ്രിവാളിന്റെ വിജയം.

പരമ്പരാഗത  രാഷ്ട്രീയ ജീർണ്ണതകൾക്കെതിരായ പുതുതലമുറയുടെ കടുത്ത രോഷം, വിലക്കയറ്റവും വിപരീത ഭരണക്കെടുതികളും കൊണ്ട് പൊറുതിമുട്ടിയിരുന്ന ജനമനസ്സുകളിലെ തീക്കനലുകളെ ആളിക്കത്തിച്ചതാണ് നാം കണ്ടത്. അതേറ്റുവാങ്ങാൻ സാമ്പ്രദായികമല്ലാത്ത മറ്റൊരു  രാഷ്ട്രീയ ബദൽ തേടിനടന്നവർക്ക് അത് വിശ്വ്വസനീയമായി ഒരുക്കി കൈകളിലെത്തിച്ചു കൊടുത്തു കെജ്രിവാൾ.

എന്നാൽ ആപിന്റെ അഖിലേന്ത്യാ വ്യാപനത്തിന്റെയും വളർച്ചയുടെയും സാധ്യത എന്താണ്?  സംവരണത്തിനെതിരായി ഡെൽഹിയിൽ നടന്ന സമരം നയിച്ചവർ  യൂത്ത് ഫോർ ഇക്വാലിറ്റി എന്ന് സ്വയം വിശേഷിപ്പിച്ച  സവർണ്ണവിദ്യാർത്ഥി കളുടെ കൂട്ടായ്മയായിരുന്നു. ഇവർക്കു ആപിലും നിർണ്ണായക സ്വാധീനമുണ്ട്. അതുപോലെ ജനലോക്പാൽ സമരത്തിൽ ആർ.എസ്.എസ്. ന്റെയും  സംഘപരിവാറിന്റെയും നിഴലുകൾ വീണിരുന്നു. ഈ വിചാരങ്ങൾ മുസ്ലീം കേന്ദ്രങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. അസംബ്ലി തിരഞ്ഞെടുപ്പിൽ  മുസ്ലീം മണ്ഡലങ്ങളിലൊക്കെ കോൺഗ്രസ്സ് സ്ഥാനാർത്ഥികളാണ് വിജയിച്ചിരിക്കുന്നത് ( ജയിച്ച 8 സ്ഥാനാർത്ഥികളിൽ 4  പേർ മുസ്ലീമുകൾ). ആപിന്റെ പ്രധാന മുസ്ലീം മുഖമായിരുന്ന ഷാസിയ ഇൽമി മറ്റു കാരണങ്ങൾ കലർന്നിട്ടായിരുന്നെങ്കിലും  തോറ്റുപോവുകയാണുണ്ടായത്.

ഡെൽഹി നിവാസികൾ അഖിലേന്ത്യാജനതയുടെ പരിച്ഛേദസ്വഭാവം വഹിക്കുന്ന നാഗരികരും വേരുകൾ പ്രായേണ ബലഹീനമായിക്കഴിഞ്ഞിരിക്കുന്ന, ആദേശം ചെയ്തു ആഗതരായവരുമാണ് (migrants). മറ്റേതൊരു പൗരാാവലിയേക്കാളും അഖിലേന്ത്യാ രാക്ഷ്ട്രീയ പ്രസരം  വമിച്ചുനിൽക്കുന്ന തലസ്ഥാന നഗരയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന നയ, നിയമ,ഭരണ ഗതിവിഗതികളുടെ ചൂടും ചൂരും അണുപ്രസരണവും നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നവർ. അവരുടെ ബഹുസ്വരത ഈ രാഷ്ട്രീയ പ്രസരണങ്ങൾക്കും ചലനങ്ങൾക്കും വിധേയമായി കഴിഞ്ഞിരിക്കുന്നു.

ഡെൽഹി എല്ലാവരുടേയുമാണ്; എന്നാൽ ആരുടെയും അല്ല താനും. ഒരു പരമവിധേയത്വമോ, പ്രതേക  ജാതി മത ദേശ ഭാഷാ സമൂഹത്തിന്റെ പ്രാമാണികത്വവുമില്ല. ഉപരിശ്രേണിയിലേക്കു ഉയരാൻ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്ന അവർക്ക് ശക്തമായ വോട്ടുബാങ്ക് ബന്ധങ്ങളൊന്നുമില്ല. ആശ്വ്വാസകരമായ നഗരഭരണത്തിലും നാൾക്കുനാൾ നന്നാവുന്ന ജീവിതം കെട്ടിപ്പടുക്കുന്നതിലും മാത്രമാണ് അവർ ശ്രദ്ധിക്കുന്നത്. ഏറ്റവും മികച്ച ആളോഹരി വരുമാനമുള്ള ഡെൽഹി നിവാസികൾ മദ്യത്തിനൊ വോട്ടുകൂലിക്കൊ പേശീബലത്തിനൊ വളരെയൊന്നും വഴങ്ങുന്നവരുമല്ല. അതേസമയം പുത്തൻപണവും അധികാരവും ചേർന്നു സൃഷ്ടിക്കുന്ന ഒരു മൃഗീയ വ്യവസ്ഥിതി അവരുടെ ജീവിതത്തിന്റെ ഗുണപരിപാകങ്ങൾ നിർണ്ണയിക്കുന്നതിൽ അസ്വസ്ഥരാണ്. ഇതുപോലെയുള്ള ഒരു പരിസ്ഥിതി ആപിനെപോലെയുള്ള  രാഷ്ട്രീയ ബദലുകൾക്ക് വളരാൻ പറ്റിയ വിളനിലമാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാവങ്ങളൂടെയും സംവരണത്തിന്റെയും ധനികരുടെയും മണ്ഡലങ്ങളിൽ ആപിന്റെ സ്ഥാനാർത്ഥികൾ വിജയിച്ചിട്ടുണ്ട്.

എന്നാൽ ബാക്കിയുള്ള ഇന്ത്യ വളരെ വിഭിന്നമാണെന്നു  നമുക്ക് അറിയാം. ശിവസേന നടമാടുന്ന മുംബൈയിലൊ, ജയലളിത,കരുണാനിധി പ്രഭൃതരുടെ ചെന്നൈയിലൊ, ത്രിണമുൽ കോട്ടയായ കൊൽക്കത്തയിലൊ, യാദവ നാടുകളിലൊ, ഒന്നും ജാതി മത പ്രാദേശീയ രാഷ്ട്രീയത്തിനതീതമായ സാർവ്വജനീനതയുടെ അഴിമതി വിരുദ്ധ ധാർമ്മിക രോഷവികാരം കൊണ്ടുമാത്രം വിജയിക്കാൻ സാധ്യമല്ല. ജയപ്രകാശ് നാരായൺ സ്ഥാപിച്ച ലോകസത്ത പാർട്ടി ആന്ധ്രയിൽ കിണഞ്ഞുശ്രമിച്ചിട്ടും ഇന്നും എങ്ങും എത്തിയിട്ടില്ലെന്നോർക്കണം.

അമിതമായ സ്വയം പരിശുദ്ധൻ വികാരം, ദാംഭികത്തം മറ്റു രാക്ഷ്ട്രീയപാർട്ടികളെ അസ്‌പൃശ്യരാക്കി തീണ്ടൽപ്പാടകലത്ത് നിർത്തുന്ന നയം വോട്ടർമാരെ ധ്രുവീകരിക്കുകയേയുള്ളു. ഇതര പാർട്ടികളുമായി നീക്കുപോക്കില്ലാതെ വർത്തമാനകാല രാക്ഷ്ട്രീയം എപ്പോഴും സാധ്യമാകില്ല എന്ന സത്യം ആപ് അറിഞ്ഞാൽ അവർക്കു നന്ന്.




2013 ഒക്‌ടോബർ 27, ഞായറാഴ്‌ച

ഹൈകു കവിതകൾ (തുടർച്ച:1)


ഇക്കഴിഞ്ഞ പോസ്റ്റായ  "7 ഹൈകു കവിതകൾ " ( 2013, ഒക്ടോബർ 8, ചൊവ്വാഴ്ച) ഹൈകുകളുടെ സ്വഭാവ വിശദീകരണത്തോടെ പ്രസിദ്ധീകരിച്ചുകഴിഞ്ഞപ്പോൾ അത്  ഹൈകു കവിതകളായി നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും അറിവിൽപ്പെട്ടിടത്തോളം മലയാള സാഹിത്യത്തിലെ ശാസ്ത്രീയമായ ( classic or taditional, 5-7-5 syllables and other essential features) ഹൈകു കവിതകളൂടെ ആദ്യ അവതരണവും പ്രകാശനവുമായിരിക്കുയാണ്.
  
പ്രസ്തുത "7 ഹൈകു കവിതകൾ" ഫെയ്സ്ബുക്കിൽ (Facebook) ഞാൻ പുനഃപ്രകാശനം ചെയ്തതോടെ അവിടെയും ശാസ്ത്രീയ സ്വഭാവം പൂർണ്ണമായി പാലിക്കുന്നവയല്ലെങ്കിൽക്കൂടി മൂന്നു വരി രൂപകല്പനയിൽ സന്തോഷകരമായ ഉദ്യമങ്ങൾ ഉണ്ടായിവരുന്നുണ്ട്. ഹൈകു കവിതകൾക്ക് ഇനി പ്രചുരപ്രചാരം ലഭിക്കുമെന്ന് പ്രത്യാശിക്കാം.

തുടർന്ന് കൂടുതൽ  "ഹൈകു കവിതകൾ (തുടർച്ച:1)"  ഇവിടെ പ്രസിദ്ധീകരിക്കുന്നു:


 ഹൈകു കവിതകൾ (തുടർച്ച: 1)



 1. അറിയാൻ
    തീർച്ചയില്ലാതെ
       വിഷയങ്ങളെത്രയോ; --
       മൂളുന്നു മൂങ്ങ.

2  പാപഭാരം
    ഈ നിലത്തിന്റെ
       പാപം, പാറകളായി; --
       ഒറ്റമരം തപസ്സിൽ


3. അപചയം  
       തോനെ കാര്യങ്ങൾ
       തെറ്റിലേക്കിഴയുന്നു; --
       തോട്ടിലോ വെള്ളം കുറവ്.


4. എഴുതാൻ
    വിഷയമാക്കാൻ
       ധൈര്യം പാവം ജീവിതം; --
       മണൽമെത്ത ഉറങ്ങാൻ
  
.      
5. പുരളും ചെളി
    വെളിയിൽ ചെളി,
       വീട്ടിൽ പുരളാനെത്ര!; --
       മഴയൊ ഇല്ല.


6. ഹോട്ടൽ പൂജ
    നക്ഷത്രഹോട്ടൽ!
       ജപവും ജാരവൃത്തി; --
       തിക്കും തിരക്കും


7. മാനഭ്രമം
    ഇരുളും മാനം
       ഭ്രമമായ് ചക്രവാളം; --
       ഇരമ്പും കടൽ.
  
        ----


.



2013 ഒക്‌ടോബർ 8, ചൊവ്വാഴ്ച

7 ഹൈകു കവിതകൾ







ജാപ്പനീസ് ഭാഷയിലെ കുഞ്ഞിക്കവിതകളാണു ഹൈകുകൾഉച്ചാരണത്തിന്റെ ഏറ്റവും ചെറിയ ഏകകത്തിനെ ആ ഭാഷയിൽ ഓൻ അഥവാ മൊറെ എന്നു പറയുന്നു;  ഏകദേശം ചില്ലക്ഷരത്തിനു സമാനംസാമ്പ്രദായിക (traditional)  ഹൈകു, ലംബമായി എഴുതുന്ന(കീഴോട്ട്ഒറ്റവരിയിൽ 17 ഓൻ അടങ്ങിയതാണ്തിരശ്ചീനമായി എഴുതുന്ന സാധാരണ ഭാഷകളിൽ മൂന്നുവരികളിലാണ് ഹൈകു കവിത. പാശ്ചാത്യ ഭാഷകളിൽ ഇല്ലാത്ത ഓനിനു പകരം സിലബി (syllable)  കണക്കായി ഉപയോഗിക്കുന്നുഒന്നും മൂന്നും വരികളിൽ ഉം നടുവിലെ വരിയിൽ 7ഉം സിലബിൾ ആണ് സാധാരണ വരിക
അടിസ്ഥാനപരമായി വ്യത്യസ്ഥമായ രണ്ട് ആശയങ്ങൾ, അഥവാ ബിംബങ്ങൾ, തൊടുവിച്ചുവെക്കുന്നതായിരിക്കണം എന്നത് നിർബന്ധമാണ്ജാപ്പനീസ് ഭാഷയിൽ ഈ രണ്ട് ഘടകങ്ങളേയു വേർതിരിക്കുന്നതും അതേസമയം വിശേഷിപ്പിക്കുന്നതുമായ  ഒരു വാക്ചിഹ്നം (കിരേജിഉണ്ടായിരിക്കുംമറ്റു ഭാഷകളിൽ സൗകര്യംപോലെ ഒരു ഉപാധികയോ, വിരാമചിഹ്നങ്ങളിലൊന്നോ ഉപയോഗിക്കുന്നുസാമ്പ്രദായികമായ മറ്റൊരു നിബന്ധന ഏതെങ്കിലും ഒരു ഋതുകാലത്തെ വിവക്ഷിക്കണം എന്നതുമാണ്ഇത്തരം നിഷ്കർഷങ്ങൾ പാലിക്കാത്ത വകഭേദങ്ങളും ധാരാളമായി ഉണ്ട്.
ഇവിടെ മലയാളത്തിൽ ഓനിനെ അക്ഷരമായി മാറ്റി, കണക്കായി ഉപയോഗിക്കുന്നു, കിരേജിക്കു പകരം തുടർച്ചക്കുറി (-)യും.



1. പൂത്തുമ്പി
 
 പറന്നിറങ്ങി
പൂ ത്തുമ്പി പുൽക്കൊടിമേൽ, -
 ഭൂമി ചിരിച്ച്.

  
 2. പുഷ്പം

 നനഞ്ഞ പുഷ്പം
 ഈറൻ കാറ്റിൽ പതിച്ചു, -
 ഇല വിതുമ്പി.


 3. പുഴു

 അമ്മവീടോർത്ത്
 സഞ്ചരിക്കുന്ന പുഴു, -
 പൊള്ളും പാറകൾ.


 4. കുയിൽ

 തളിരു കണ്ട്
 കൂവിത്തകർക്കും കുയിൽ, -
 മരഹൃദയം.


 5. വെയിൽ  

 എന്തോ ഓർത്ത്
 ഒന്നും ഉരിയാടാതെ, -
 വെയിൽ തെളിഞ്ഞു.


 6. കാകൻ

 കാകൻ കരഞ്ഞു
 പറഞ്ഞ്, പറന്നുപോയ്, -
 പൂച്ച കൺചിമ്മി.


 7. മരക്കമ്പുകൾ

 മരക്കമ്പുകൾ
 ഇലച്ചാർത്തിലെ വഴി, -
 ഒലിക്കും കറ.

Powered By Blogger