അർവിന്ദ് കെജ്രിവാളിന്റെ ആപ്
ആം ആദ്മി പാർട്ടി (ആപ്) അനിതരസാധാരണമായ കിടിലൻ കന്നിപ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അർവിന്ദ് കെജ്രിവാൾ തന്റെ അണ്ണാ തൊപ്പിയിൽനിന്നും പൊടുന്നനെ ഒരു മുയലിനെ ഇറക്കിവിട്ട് അമ്പരിപ്പിക്കുന്ന ജാലവിദ്യയാണ് ജനസമക്ഷം അവതരിപ്പിച്ചിരിക്കുന്നത്. ഏവരേയും വിലക്കുന്നപോലെയോ അനുഗ്രഹിക്കുന്നപോലെയൊ തരാതരമായി വിശേഷിപ്പിക്കാവുന്ന രീതിയിൽ ഉയർത്തിക്കാട്ടിയിരുന്ന കോൺഗ്രസ്സിന്റെ കൈയ്യ് താനേ താണു. താമര ഉലഞ്ഞാടി നീരിൽ താഴുമെന്നുവരെ ഭയന്നു. ഇടക്കിടെ ഉടക്കാൻ വന്നിരുന്ന അയലത്തെ ചെറുക്കൻ വീട്ടിൽനിന്ന് ഇറക്കിവിട്ടതുപോലെയായി മുന്നു തവണ-മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ വിശ്വവിഖ്യാതമായ അമ്മമുഖം.
വെറും രാഷ്ട്രീയ ശിശുവായ കെജ്രിവാളിനെ ആർക്കാണു പേടിയെന്നു ചോദിച്ചവരൊക്കെ അവിശ്വസനീയമായി കണ്ണുമിഴിക്കുന്നു. ആപിന്റെ വിജയരേണുക്കൾ മുളക്കാൻപാകത്തിൽ ഇന്ത്യയിൽ എമ്പാടും പതിച്ചുകൊണ്ടിരിക്കുകയാണ്.ഏതാണ്ട് നിശ്ചലമായി തളംകെട്ടി മുഷിഞ്ഞ വായു നിറഞ്ഞിരുന്ന ഇന്ത്യൻ രാഷ്ട്രീയ സദനത്തിൽ പൊടുന്നനെ ഇന്ദ്രപ്രസ്ഥത്തിൽനിന്ന് ഒരു വടക്കൻ കാറ്റ് വീശിയിരിക്കുന്നു. ഈ വാമനൻ അടിവച്ച് അടിവെച്ച് ഇന്ത്യ മുഴുവൻ അളന്നെടുക്കുമോ?
ആശങ്കയുടെയും ആശയുടെയും സമ്മിശ്രവികാരവീചികൾ ദീർഘതരംഗങ്ങളായി പ്രസരിക്കുകകയാണ്. ഇതിൽ ഏതു വികാരദിശയെ അടയാളപ്പെടുത്തി നിൽക്കുന്നതാണ് തരംഗഗ്രാഹി എന്നതിനെ ആശ്രയിച്ചുനിൽക്കും ഓരോരുത്തരും വായിക്കുന്ന സന്ദേശം. എന്നാൽ രാഷ്ട്രീയ സൂചനകളേക്കാൾ ഈ വിഷയത്തിൽ വേണ്ടത് സാമൂഹ്യ സൂചനകളുടെ ഇഴപിരിച്ചുള്ള വിചാരണയാണ്. ഈ മുഴച്ചുനിൽക്കുന്ന സന്നിഗ്ദ്ധതയിൽ അന്തർലീനമായ സാമൂഹ്യ ശക്തികൾക്ക് തനതായുള്ള സൂചനകളാണ് ഈ നവാഗത രാഷ്ട്രീയപാർട്ടി തരംഗമാകുമോ എന്ന ചോദ്യത്തിനു ഉത്തരം പ്രവചിക്കാൻ സഹായിക്കുന്നത്.
അണ്ണാ തലപ്പാവുകൾ അടയാളമാക്കി ഡൽഹിയിലെ തെരുവുകളിൽ കണ്ട തൊപ്പിപ്പട്ടാളം പാർട്ടിപ്രവർത്തകരെന്നതിനേക്കാൾ ഒരു തരം ജനക്കൂട്ടത്തിനെയാണ് വിവക്ഷിച്ചത്. രാംലീല മൈതാനത്തു അണ്ണാ ഹസാരെയുടെ തൊപ്പിക്കീഴിലും സംവരണവിരുദ്ധ സമരത്തിലും തടിച്ചുകൂടിയ അതേ ജനക്കൂട്ടം. അവർ തെരുവുകളിലും ചേരികളിലും മധ്യവർഗ്ഗ വസതികളിലും കോളനികളിലും ഏവർക്കും നിത്യപരിചിതമായ ചൂലുകൾ ചിഹ്നമായി ഉയർത്തിക്കാട്ടി കേറിയിറങ്ങി നടന്നു. ആർക്കും ചേരാവുന്ന ആശയ, സിദ്ധാന്ത, ബന്ധനങ്ങളില്ലാത്ത, വെറും നേരമ്പോക്കുകാർക്കും നുഴഞ്ഞുകയറാവുന്ന ഒരു ജനസഞ്ചയം.' ഇന്നെന്താ പരിപാടി'യെന്ന് തെരഞ്ഞുനടക്കുന്ന മധ്യ, ഉപരിവർഗ്ഗക്കാരായ യുവാക്കളുടെയും മധ്യവയസ്കരുടെയും ഒഴിവുസമയ വിനോദം പെട്ടെന്ന് രാഷ്ട്രീയ അർത്ഥതലങ്ങളിലേക്ക് ഒരു കൊടുംകാറ്റുപോലെ കടന്നുകയറി കളി കാര്യമാക്കി.
ഇത്തരം ജനസഞ്ചയങ്ങളെ അറബ് വസന്തത്തിലും മുല്ലപ്പൂവിപ്ലവത്തിലും വാൾസ്ട്രീറ്റ് അധിനിവേശത്തിലുമൊക്കെ നഗരഹൃദയങ്ങളിലെ ഇടങ്ങൾ നിറച്ച് സമാധാനപരമായി ഇരമ്പുന്ന ജനരോഷമായി നാം പരിചയപ്പെട്ടിട്ടുണ്ട്.. സ്വയംഭൂവായി കേന്ദ്രനേതത്വമില്ലാതെ തടിച്ചുകൂടുക (swarming). അത്തരം ഒരു ജനസഞ്ചയത്തെ മറ്റിടങ്ങളിൽ സംഭവിക്കാതിരുന്ന രീതിയിൽ പരമ്പരാഗത രാഷ്ട്രീയ സംഘടനയുടെ ചട്ടക്കൂട് കൊടുത്ത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ വഴിയിൽ ശാക്തീകരിച്ചതാണ് കെജ്രിവാളിന്റെ വിജയം.
പരമ്പരാഗത രാഷ്ട്രീയ ജീർണ്ണതകൾക്കെതിരായ പുതുതലമുറയുടെ കടുത്ത രോഷം, വിലക്കയറ്റവും വിപരീത ഭരണക്കെടുതികളും കൊണ്ട് പൊറുതിമുട്ടിയിരുന്ന ജനമനസ്സുകളിലെ തീക്കനലുകളെ ആളിക്കത്തിച്ചതാണ് നാം കണ്ടത്. അതേറ്റുവാങ്ങാൻ സാമ്പ്രദായികമല്ലാത്ത മറ്റൊരു രാഷ്ട്രീയ ബദൽ തേടിനടന്നവർക്ക് അത് വിശ്വ്വസനീയമായി ഒരുക്കി കൈകളിലെത്തിച്ചു കൊടുത്തു കെജ്രിവാൾ.
എന്നാൽ ആപിന്റെ അഖിലേന്ത്യാ വ്യാപനത്തിന്റെയും വളർച്ചയുടെയും സാധ്യത എന്താണ്? സംവരണത്തിനെതിരായി ഡെൽഹിയിൽ നടന്ന സമരം നയിച്ചവർ യൂത്ത് ഫോർ ഇക്വാലിറ്റി എന്ന് സ്വയം വിശേഷിപ്പിച്ച സവർണ്ണവിദ്യാർത്ഥി കളുടെ കൂട്ടായ്മയായിരുന്നു. ഇവർക്കു ആപിലും നിർണ്ണായക സ്വാധീനമുണ്ട്. അതുപോലെ ജനലോക്പാൽ സമരത്തിൽ ആർ.എസ്.എസ്. ന്റെയും സംഘപരിവാറിന്റെയും നിഴലുകൾ വീണിരുന്നു. ഈ വിചാരങ്ങൾ മുസ്ലീം കേന്ദ്രങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. അസംബ്ലി തിരഞ്ഞെടുപ്പിൽ മുസ്ലീം മണ്ഡലങ്ങളിലൊക്കെ കോൺഗ്രസ്സ് സ്ഥാനാർത്ഥികളാണ് വിജയിച്ചിരിക്കുന്നത് ( ജയിച്ച 8 സ്ഥാനാർത്ഥികളിൽ 4 പേർ മുസ്ലീമുകൾ). ആപിന്റെ പ്രധാന മുസ്ലീം മുഖമായിരുന്ന ഷാസിയ ഇൽമി മറ്റു കാരണങ്ങൾ കലർന്നിട്ടായിരുന്നെങ്കിലും തോറ്റുപോവുകയാണുണ്ടായത്.
ഡെൽഹി നിവാസികൾ അഖിലേന്ത്യാജനതയുടെ പരിച്ഛേദസ്വഭാവം വഹിക്കുന്ന നാഗരികരും വേരുകൾ പ്രായേണ ബലഹീനമായിക്കഴിഞ്ഞിരിക്കുന്ന, ആദേശം ചെയ്തു ആഗതരായവരുമാണ് (migrants). മറ്റേതൊരു പൗരാാവലിയേക്കാളും അഖിലേന്ത്യാ രാക്ഷ്ട്രീയ പ്രസരം വമിച്ചുനിൽക്കുന്ന തലസ്ഥാന നഗരയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന നയ, നിയമ,ഭരണ ഗതിവിഗതികളുടെ ചൂടും ചൂരും അണുപ്രസരണവും നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നവർ. അവരുടെ ബഹുസ്വരത ഈ രാഷ്ട്രീയ പ്രസരണങ്ങൾക്കും ചലനങ്ങൾക്കും വിധേയമായി കഴിഞ്ഞിരിക്കുന്നു.
ഡെൽഹി എല്ലാവരുടേയുമാണ്; എന്നാൽ ആരുടെയും അല്ല താനും. ഒരു പരമവിധേയത്വമോ, പ്രതേക ജാതി മത ദേശ ഭാഷാ സമൂഹത്തിന്റെ പ്രാമാണികത്വവുമില്ല. ഉപരിശ്രേണിയിലേക്കു ഉയരാൻ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്ന അവർക്ക് ശക്തമായ വോട്ടുബാങ്ക് ബന്ധങ്ങളൊന്നുമില്ല. ആശ്വ്വാസകരമായ നഗരഭരണത്തിലും നാൾക്കുനാൾ നന്നാവുന്ന ജീവിതം കെട്ടിപ്പടുക്കുന്നതിലും മാത്രമാണ് അവർ ശ്രദ്ധിക്കുന്നത്. ഏറ്റവും മികച്ച ആളോഹരി വരുമാനമുള്ള ഡെൽഹി നിവാസികൾ മദ്യത്തിനൊ വോട്ടുകൂലിക്കൊ പേശീബലത്തിനൊ വളരെയൊന്നും വഴങ്ങുന്നവരുമല്ല. അതേസമയം പുത്തൻപണവും അധികാരവും ചേർന്നു സൃഷ്ടിക്കുന്ന ഒരു മൃഗീയ വ്യവസ്ഥിതി അവരുടെ ജീവിതത്തിന്റെ ഗുണപരിപാകങ്ങൾ നിർണ്ണയിക്കുന്നതിൽ അസ്വസ്ഥരാണ്. ഇതുപോലെയുള്ള ഒരു പരിസ്ഥിതി ആപിനെപോലെയുള്ള രാഷ്ട്രീയ ബദലുകൾക്ക് വളരാൻ പറ്റിയ വിളനിലമാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാവങ്ങളൂടെയും സംവരണത്തിന്റെയും ധനികരുടെയും മണ്ഡലങ്ങളിൽ ആപിന്റെ സ്ഥാനാർത്ഥികൾ വിജയിച്ചിട്ടുണ്ട്.
എന്നാൽ ബാക്കിയുള്ള ഇന്ത്യ വളരെ വിഭിന്നമാണെന്നു നമുക്ക് അറിയാം. ശിവസേന നടമാടുന്ന മുംബൈയിലൊ, ജയലളിത,കരുണാനിധി പ്രഭൃതരുടെ ചെന്നൈയിലൊ, ത്രിണമുൽ കോട്ടയായ കൊൽക്കത്തയിലൊ, യാദവ നാടുകളിലൊ, ഒന്നും ജാതി മത പ്രാദേശീയ രാഷ്ട്രീയത്തിനതീതമായ സാർവ്വജനീനതയുടെ അഴിമതി വിരുദ്ധ ധാർമ്മിക രോഷവികാരം കൊണ്ടുമാത്രം വിജയിക്കാൻ സാധ്യമല്ല. ജയപ്രകാശ് നാരായൺ സ്ഥാപിച്ച ലോകസത്ത പാർട്ടി ആന്ധ്രയിൽ കിണഞ്ഞുശ്രമിച്ചിട്ടും ഇന്നും എങ്ങും എത്തിയിട്ടില്ലെന്നോർക്കണം.
അമിതമായ സ്വയം പരിശുദ്ധൻ വികാരം, ദാംഭികത്തം മറ്റു രാക്ഷ്ട്രീയപാർട്ടികളെ അസ്‌പൃശ്യരാക്കി തീണ്ടൽപ്പാടകലത്ത് നിർത്തുന്ന നയം വോട്ടർമാരെ ധ്രുവീകരിക്കുകയേയുള്ളു. ഇതര പാർട്ടികളുമായി നീക്കുപോക്കില്ലാതെ വർത്തമാനകാല രാക്ഷ്ട്രീയം എപ്പോഴും സാധ്യമാകില്ല എന്ന സത്യം ആപ് അറിഞ്ഞാൽ അവർക്കു നന്ന്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ