2024 മേയ് 18, ശനിയാഴ്‌ച

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

സൌഹൃദ സ്മരണകള്‍

തരളമാമൊരു സായാഹ്ന വേളയില്‍
ഉരവമാകും തളിര്‍കാല സൌഹൃദ
സ്മരണകള്‍ കൊണ്ടുപോയിടും നമ്മളെ
ഒരു മധുരകാലലോകത്തിലേക്കായ്

അവിടെ നമ്മള്‍ തിരഞ്ഞെടുക്കുന്നതാം
വിവിധ കേളികള്‍ ഓര്‍ത്തു ലസിച്ചിടും
അവിടെ നമ്മള്‍ക്കനുഭവം തോന്നിടും
കവിയുമാനന്ദ മാനസ തൃപ്തിയും

ഒരുവിധത്തിലും കാണില്ല നമ്മുടെ
ചിരപരിചിത ഭാവങ്ങളൊന്നുമേ
ഒരു നവീനമാം സംതൃപ്തി തോന്നിടും
കരുതിടും താനെത്രയോ ഭാഗ്യവാന്‍!

അവിടെയല്‍പം മരുതുവാന്‍ തോന്നിടും
ചുവടുവെയ്ക്കുമാ ഗാനത്തിനൊപ്പമായ്
ഒരുസമീരണന്‍  വീശിടും ചുറ്റിലും
കരളിനേകും തളിര്‍കാലബാല്യവും

 

 Every Child's Fundamental Right: Right to Childhood Memories | by Kopal S |  Medium

2024 മേയ് 11, ശനിയാഴ്‌ച

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

 

 

ഒരു നെല്‍ക്കതിര്‍മണി കൊക്കിലേറ്റി
വയലില്‍നിന്നക്കിളി പാറിയെത്തി
മുറ്റത്തെ മാവിന്നിലപ്പരപ്പില്‍
ചുറ്റിക്കളിക്കും പ്രിയതമയ്ക്കായി
തന്നുപഹാരം സമര്‍പ്പിച്ച്കൊഞ്ചി.
എന്നാലഹങ്കാരി ഗൌനിച്ചതില്ല,
തന്നുപഹാരം താഴേക്കെറിഞ്ഞു പക്ഷി
ഒന്നുതന്‍ ദേഹം കുലുക്കി കുടഞ്ഞു
പെട്ടെന്ന് താഴേക്ക് പാറി പെണ്ണാള്‍
കൊത്തിക്കൊറിച്ചതിന്‍ നെന്മണികള്‍
സന്തുഷ്ടനായവന്‍ ചേര്‍ന്നുകൊത്തീ-
ട്ടെന്തിനോ ചുറ്റിലും പാളിനോക്കി
ഒന്നുചിരിച്ചുഞാന്‍ ചൊല്ലി,യെന്‍ പക്ഷീ
നിന്നുടെ രീതിയാണെന്നിടത്തും
പെണ്ണിന്‍റെ ഗര്‍വ്വം ക്ഷണികമല്ലൊ
കണ്ണനുമായതറിഞ്ഞതല്ലൊ
 
ഒരു നെല്‍ക്കതിര്‍മണി കൊക്കിലേറ്റി
വയലില്‍നിന്നക്കിളി പാറിയെത്തി
മുറ്റത്തെ മാവിന്നിലപ്പരപ്പില്‍
ചുറ്റിക്കളിക്കും പ്രിയതമയ്ക്കായി
തന്നുപഹാരം സമര്‍പ്പിച്ച്കൊഞ്ചി.
എന്നാലഹങ്കാരി ഗൌനിച്ചതില്ല,
തന്നുപഹാരം താഴേക്കെറിഞ്ഞു പക്ഷി
ഒന്നുതന്‍ ദേഹം കുലുക്കി കുടഞ്ഞു
പെട്ടെന്ന് താഴേക്ക് പാറി പെണ്ണാള്‍
കൊത്തിക്കൊറിച്ചതിന്‍ നെന്മണികള്‍
സന്തുഷ്ടനായവന്‍ ചേര്‍ന്നുകൊത്തീ-
ട്ടെന്തിനോ ചുറ്റിലും പാളിനോക്കി
ഒന്നുചിരിച്ചുഞാന്‍ ചൊല്ലി,യെന്‍ പക്ഷീ
നിന്നുടെ രീതിയാണെന്നിടത്തും
പെണ്ണിന്‍റെ ഗര്‍വ്വം ക്ഷണികമല്ലൊ
കണ്ണനുമായതറിഞ്ഞതല്ലൊ



ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

 ചപല ചോദ്യം

 

അവനിയില്‍ ജന്മം എടുപ്പവരും
അവനിയില്‍ ജന്മം ഒടുങ്ങിയോരും
ഒരുവഴിയാണോ ചരിപ്പതെന്തോ
ഒരുവേളയെങ്കിലും കാണ്മതുണ്ടോ

സരളമനസ്കന്‍ ഞാനെത്രവട്ടം
കരുതിവെച്ചാരാഞ്ഞു നോക്കുവാനായ്
പലവട്ടം ചോദിച്ചു പലരോടുമെന്നാല്‍
പലരുമീയെന്നെ പരിഹസിച്ചു.

ഇവനെന്തുപറ്റിയീ ചപലചോദ്യം
ഇവിടൊക്കെകേട്ടുനടക്കുവാനായ്!
അതിനാലാരായല്‍ ഞാന്‍ നിര്‍ത്തിവെച്ചു
പ്രതിപക്ഷമായിട്ട് വിസ്തരിച്ചു

അതുകേട്ട് മാധ്യമപ്പടയിറങ്ങീ
അതിവേഗം പത്രങ്ങളേറ്റെടുത്തു
അതുതന്നെമുഖ്യമാം വിഷയമായി
അതിനുള്ള ക്രിത്രിമ ബുദ്ധിയെത്തി

അതിലൂടെയെത്രയോ ഉത്തരങ്ങള്‍
അതിചപലമായി പരന്നിടുന്നു.
അതുവേണ്ടെനിക്കെന്‍ മതിപോരുമല്ലൊ
അതില്‍വരും ഉത്തരം വിശ്വസിപ്പൂ.

 

 

 

 silencing the bell: Silly questions

2024 മേയ് 9, വ്യാഴാഴ്‌ച

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

 

 

ഭവ്യ സമീരണന്‍
ഒരു സമീരണന്‍പോലെ നീയെത്തിയെന്‍
കരളിനേകും കുളിര്‍കാല മാധുരി
തരളമാനസന്‍ ഞാനെന്നറിഞ്ഞു നീ
കരുണഹസ്തം എനിക്കായി നീട്ടണേ
കനിവുതൂകും മൊഴികളാല്‍ മാറ്റണേ,
തനിയെയാക്കാതെ, ഞാന്‍ പെടും പാടുകള്‍
ഇനിയുമെത്രയൊ ദൂരെയെന്‍ മന്ദിരം
തനിയെപോകുവാനാവില്ലെനിക്കിനി
മൃദുല പാണിയാലെന്‍കരം നീ പിടി-
ച്ചതുല ശക്തിയോടെന്നെ നയിക്കണേ
വിജനപാതയില്‍ വിശ്വാസമേറ്റി നീ
അജയരൂപമായ് കൂട്ടുനിന്നീടണേ
അതിവിദൂരമല്ലെങ്കിലെന്‍ മന്ദിരം
കതിര്‍പൊഴിച്ചതു കാണാമെനിക്കിനി
അവിടെ ഞാനെത്തി വിശ്രമിക്കാതെയെന്‍
നിയതകര്‍മ്മങ്ങളാചരിച്ചീടുമേ!
 
 

2024 മേയ് 8, ബുധനാഴ്‌ച

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

 

 മോഹഗാനം 


 അതിസുന്ദര ഭഗവത് മുഖ
പരിചിന്തിത ചിത്തം
തവസന്നിധിയണയാനായ്
കവിയുന്നൊരു മോഹം

തനതായൊരു സാമ്രാജ്യ
ക്കനകോജ്വല ഗേഹം
അതിമോഹനവാടത്തിന്‍
പ്രതിരോധ കവാടം

അതുപിന്നിട്ടണയുമ്പോള്‍
തുടികൊട്ടും ഹൃദയം
അതുകൊട്ടി പാടും ഞാന്‍
പുതുതായൊരു ഗാനം

മതികെട്ടുമയങ്ങുന്നോ-
രുണരുന്നൊരു ഗാനം
അതിനായിട്ടണയുമ്പോള്‍
കതിരോനായ് നീ നില്‍ക്കും!

2024 മേയ് 7, ചൊവ്വാഴ്ച

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

 

ചെമ്പനിനീര്‍പ്പൂവ്

 

 ഒരു ചെമ്പനിനീര്‍പ്പൂവായ് വിരിഞ്ഞ-
തിന്‍റെ, അന്പു ഞാന്‍ കാണിച്ചതില്ല
മുബെന്നപോലെ ഞാനന്നും നിന്നെ.
അന്‍പോടേ തഴുകാന്‍ മറന്നുപോയി

കുറുമ്പുകാണിച്ചൊരു ജാടനാട്യം
മറയാക്കിഞാനൊരു കളികളിച്ചൂ,
അതില്‍ വീണുപോയി നീയെങ്കിലെന്താ
അതിവേഗമെന്‍റെയക്കളിയറിഞ്ഞൂ!

തളിരായി കുമിളായി മാറിമാറി
വെറുതെ നി യെന്നെ കളിപ്പിക്കയായി
അതിലാകെ ക്ഷീണിച്ചുപോയരെന്നെ
അതിവേഗമാശ്വസിപ്പിച്ചുകൊണ്ട്,

കളിമാറ്റി നീയെന്നടുക്കല്‍ വന്നൂ
കുളിരോടെ കെട്ടിപ്പിടിച്ചു നിന്നൂ
തരളമായ് ലോകംതളര്‍ന്നുകണ്ടൂ
വിരളമായ് ലോകം തുടിച്ചുകണ്ടൂ


2024 മേയ് 6, തിങ്കളാഴ്‌ച

ചാണക്യ ഗീതം

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

 

 ചാണക്യ ഗീതം


വിരാട ജീവല്‍ പ്രപഞ്ചമാകെ
കിരീടമന്നന്‍ ചമയും മനുഷ്യന്‍
പുരാതനങ്ങള്‍ പണിഞ്ഞതല്ലാ-
തൊരു പുതുവല്‍ ചമയമൊന്നും

പണിഞ്ഞതില്ലാന്നറിയുന്നനേരം
തകര്‍ന്നുതാനേ നിപതിക്കുമേറെ-
പറഞ്ഞുകേറ്റിയ ജാടഹര്‍മ്യം
അതിന്‍റെ പൊട്ടൂം പൊടിയും പെറുക്കി

കഴിഞ്ഞുകൂടാം ഇനിയുള്ള ജന്മം.
അടിഞ്ഞുകൂടാം അവിടെച്ചുരുണ്ട്
അതിലുണര്‍ന്നൊരു വാസ്തുവിദ്യാ
വിരുത് കൂട്ടിയ അടിക്കണക്കില്‍

ഉറച്ചിരിക്കാന്‍ സമര്‍ത്ഥമാക്കിയ
വിദഗ്ദ്ധ വിദ്യാ വിശാരദനാം
കണക്കുമന്നന്‍ ചാണക്യ ശ്രേഷ്ടന്‍
നമിപ്പിതായീ നടപ്പുകാലം

 Chanakya lessons: Ancient lessons for financial success | Value Research

 

 

2022 നവംബർ 25, വെള്ളിയാഴ്‌ച

ശാരദ സന്ധ്യ

 

 ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

 

ശാരദ സന്ധ്യ

 

ജി യു കുറുപ്പ്

 

 

ശാരദ സന്ധ്യാ സുശോഭയ്ക്കുതന്നെയും
ചാരുതയേകിയ നിന്നെ ഞാന്‍ കണ്ടനാള്‍
ജന്മാന്തരങ്ങളില്‍നിന്നെത്തി വീശുന്ന
മന്ദാനിലന്‍ പാറി എന്നകക്കാമ്പിലായി.
അന്തരം‍ഗങ്ങളില്‍ പൂക്കും സുഗന്ധികള്‍
ചിന്തിയോ സൌവര്‍ണ പൂം‍പരാഗങ്ങളെ!

ശാരദ സന്ധ്യയുറങ്ങുന്ന രാവുതന്‍
നേരിലുണരുന്ന പൊന്നിന്‍ പുലരികള്‍
പാരിന്‍റെ പോരില്‍ പിടയ്ക്കും പകലുകള്‍
ഓരോന്നുപോയി ലയിക്കുന്ന വര്‍ഷങ്ങള്‍
ഒന്നും ഗണിക്കാതെ മുന്നോട്ടുപോയി നാം
മന്നിന്‍റെ സംഗീതമാലപിച്ചിത്രനാള്‍!

നീലാം‍ബരിയായി പൂത്തുനില്‍ക്കുന്നതും,
നീരണിമേഘമായ് പെയ്തിറങ്ങുന്നതും,
മിന്നല്‍ ത്രിശൂലവും വീശി മനസ്സിനെ
ചിന്നിച്ചിതറിക്കുമുഗ്രസ്വരൂപിയും
പിന്നെ, പ്രണയാര്‍ദ്ദ്ര രാവുകളേറെയായ്
പൊന്നിന്‍ നിലാവില്‍ പൊതിഞ്ഞുനള്‍കുന്നതും

എല്ലാം നിഴലിപ്പിതേതോ വനാന്തര
ചോലയില്‍ ആകാശ, വനഭം‍ഗിയായി.
അച്ഛസ്ഫടിക വനനിര്‍ഝരിയുടെ
സ്വച്ഛാനുഭൂതിയായ് ജീവല്‍ പ്രവാഹവും!

2020 ഒക്‌ടോബർ 7, ബുധനാഴ്‌ച

ഇടവേളക്കുശേഷം

ഇടവേള ആയിരുന്നു. വീണ്ടും തുടരും, ദിവസങ്ങള്‍ക്കുള്ളില്‍.


ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

2017 ഒക്‌ടോബർ 29, ഞായറാഴ്‌ച

പഴയ പാട്ട്

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.



 പഴയ പാട്ട്



 ഒരുമിച്ചു പാട്ടൊന്നുപാടുവാനായി ഞാൻ
വരികെന്നുനിന്നെ ക്ഷണിച്ചശേഷം
സരിഗമകൾ ജീവൽനിനാദമായി
ഇരുവരും ചേർന്നു നാമാലപിച്ചു
ആവേശനാദപ്രപഞ്ചമായായതിൻ
ആവർത്തനങ്ങളും ഘോഷമാക്കി
സുരലോകമേഘങ്ങൾ പെയ്തിറങ്ങും
സ്വരനാദഗംഗാപ്രവാഹമായി
അനുപമം ലയഭാവമിശ്രണത്താൽ
അനുരാഗഭരിതമാമന്തരീക്ഷം
കരിമേഘജാലങ്ങൾ വന്നുമൂടി
ദുരിതങ്ങൾ വർഷിച്ചനാളിലൊക്കെ
കനകപ്രഭാതങ്ങൾ വന്നുദിച്ചാ
ഘനശ്യാമമേഘങ്ങൾ തൂത്തുമാറ്റും
അസുലഭസൗഭാഗ്യ ഭാവനതൻ
ഗസലുകൾ പാടിയ പഴയകാലം
തുടികൊട്ടി പാടുക ഹൃദയമേ നീ
ഒടുവിലേനാദം നിലയ്ക്കുവോളം !

2016 ഡിസംബർ 11, ഞായറാഴ്‌ച


ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

2016 സെപ്റ്റംബർ 13, ചൊവ്വാഴ്ച

എട്ടിന്റെ പണി

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


 
എട്ടിന്റെ പണി
 ( ഒരു സുഹൃത്തിന്റെ ഏറ്റുപറച്ചിൽ)


കുറ്റിത്തലമുടി പറ്റയ്ക്ക് വെട്ടി,
ഒറ്റക്കൽ കമ്മൽ ഒറ്റയ്ക്കണിഞ്ഞ്,
വട്ടക്കഴുത്തിലായ് മാലയണിഞ്ഞ്,
മുട്ടോളമെത്തുന്ന കുപ്പായമിട്ട്.
വെട്ടിപിടിപ്പിച്ച പാച്ചപ്പ്ജീൻസും
കട്ടിയിൽ പൊക്കം പിടിപ്പിച്ച ഷൂസും
എല്ലാം ധരിക്കും പുരുഷാവതാരം
മെല്ലെ ചലിച്ചെന്റെ ചാരത്തു വന്നു
" പത്തിന്റെ നോട്ടുണ്ടോ നൂറിനായ്, ഹീ?
എത്തണം വേഗമെനിക്കൊരിടത്ത്!"
"എട്ടോളം കാണണം, പോരുമോ, ഹീഹീ"
ഒട്ടൊന്നിളിച്ചു ഞാൻ തട്ടിവിട്ടപ്പോൾ
ഒട്ടും മടിക്കാതെ നൂറു നീട്ടി, ...ഞാൻ
എട്ടും കൊടുത്തേ; ചിരിക്കാതെ നിന്നു.
പെട്ടെന്നുപോകാൻ തിരിയുന്ന നേരം
തട്ടിയെൻ തോളത്ത്, ചൊല്ലി പിന്നെ, ..ഹി
ഒട്ടും താൻ കരുതല്ലെ ലാഭമെന്ന്,
കിട്ടിയതിപ്പോൾ വെറും ദാനമാണ്
മുട്ടിവിളിക്കുന്ന യാചകർക്കായി
ഇട്ടിട്ടു പോകയീ ഇരുപതും നീ.

അന്നത്തെ നാൾ മുതൽ പാഠം പഠിച്ചു:
എന്നത്തെ സത്യവും രൂപമല്ലല്ലോ.

    - ജിയു കുറുപ്പ്

2016 സെപ്റ്റംബർ 12, തിങ്കളാഴ്‌ച

കടവിലെ കാഴ്ചകൾ

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.



 
കടവിലെ കാഴ്ചകൾ

ഒടുവിൽ തുഴഞ്ഞു നാമെത്തിയിക്കടവിലെ 
പടിയിലായ് തോണിയണച്ചു കെട്ടി
കടവിന്റെ മേലേ പടവിലേ കൽത്തറ
പ്പടിയിൽ  നമുക്കൊന്നു വിശ്രമിക്കാം.
അതിനുള്ള ഭാഗ്യം തരേണെമേ കാവിലെ
ഭഗവതീ ശരണമായ് നിൽക്കുകില്ലേ!
കുങ്കുമച്ചെപ്പും തുറന്നതിന്നുള്ളിലെ
അന്തിച്ചുകപ്പിന്റെ പൊട്ടുതൊട്ട്,
മുറ്റത്തെ വെണ്മണൽ കാൽനടപ്പാതയിൽ 
ചുറ്റും വിളക്കുകൾ കത്തിനിൽക്കും,
ദ്യോവിലെനീലിച്ച കാന്തിയിൽ കാണുന്ന 
കാവിൽ ഭഗോതിയെ മെയ്‌വണങ്ങാം.
കളകളം പാടുന്ന കല്ലോലമാടുന്ന
നിളയിലെ കാറ്റുമായ് സല്ലപിക്കാം.
പുഴയിലെപ്പാതയിൽ ഊന്നിച്ചലിക്കുന്ന
കഴുകോൾത്തോണികൾ എണ്ണിനിൽക്കാം
ഒഴുകുന്ന ആറിന്റെ ശോകനിശ്വസമാം
ചുഴികളെക്കണ്ടുനാം സഹതപിക്കാം.
കാടിന്റെ മാറത്തെ മുട്ടൻമരങ്ങളിൽ
കടപുഴകിയൊഴുകുന്ന വൻമരത്തിൽ
കളിയാത്രചെയ്യുന്ന, കാടിൻ മകളായ
കിളിയെയും കണ്ടൊന്നു കുതുകമേറാം
ഒരുനാളെയോർക്കുന്ന, ആറ്റിൽകളിക്കുന്ന
കരുമാടികുട്ടർക്ക് കൈയ്യടിക്കാം
മുഴുവൻ കുടുംബാംഗ മാലിന്യമൊക്കെയും
കഴുകുമാ അമ്മയ്ക്ക് കുശലമോതാം.

ദൂരെയായ് കാണുമാ തിരുമലക്കോവിലിൽ
തിരിദീപനാളം തെളിവതും മുമ്പ്
തിരയൊന്നും കാണാനരുതാതെ രാവിന്റെ 
തിരശീല താഴുന്ന മുമ്പുതന്നെ
ഒടുവിലെ കറ്റിരുൾ കാത്തിരിക്കാതെയാ
കടവും കടന്നേ തുഴഞ്ഞുപോകാം.



2016 സെപ്റ്റംബർ 11, ഞായറാഴ്‌ച

തുള്ളിയിൽ തെളിയുന്നത്.

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.





തുള്ളിയിൽ തെളിയുന്നത്.



പെയ്തു തോരാത്തതാമെത്രയോ കൺകളിൽ
പയ്യെത്തുളുമ്പിത്തിളങ്ങുന്ന തുള്ളിയിൽ
ഒന്നുനോക്കീടുകിൽ കാണാം സമൂഹവും
പിന്നിലായേറെ വികലമാം ലോകവും.

ചെയ്തുപോരുന്നതാം പാപക്കറകളാൽ
ചെയ്തു തീരാത്തതാം ചിത്രം കണക്കെയും
അസ്ഥിവാരം പോലും ആകെ മറിഞ്ഞതാം
അസ്ഥിത്വമാവുന്നു നാടും നഗരവും
പ്രേമം പുരളാത്ത കലുഷിതമാനസർ,
പ്രേതം ഭരിക്കുന്ന ഭീകര ജീവികൾ,
കാപാലികർ, കൊലയാളികൾ, തീവൃമാം
കോപാകുലർ, കൊടുംകാമാന്ധരായവർ
ചെയ്തുകൂട്ടുന്നതാം പാപക്കറകളാൽ
ചെയ്തുതീരാത്തതാം ചിത്രമായ് ലോകവും
എന്തുുകൊണ്ടാണെന്ന കാരണം പണ്ട് നീ
ബന്ധുരം ചൊല്ലിയോ, രാമായണക്കിളീ?

2016 സെപ്റ്റംബർ 1, വ്യാഴാഴ്‌ച

രണ്ടാം ക്ഷേത്രപ്രവേശന സമരം: ശബരിമല: മലമുകളിൽ മുല്ലപ്പൂ വിപ്ലവം.

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.



 രണ്ടാം ക്ഷേത്രപ്രവേശന സമരം: ശബരിമല: മലമുകളിൽ മുല്ലപ്പൂ വിപ്ലവം.



ഇന്ത്യയിലെ 99.9 ശതമാനം ക്ഷേത്രങ്ങളിലും സ്ത്രീകളോട് ഒരു വിവേചനവും ഇല്ല. വിരലിലെണ്ണാവുന്ന അത്രയും ക്ഷേത്രങ്ങളിൽ ചില നിയന്ത്രണങ്ങൾ ഉണ്ടാവാം. എന്നാൽ, മസ്ജിദുകളുടെ കാര്യമതല്ല. വ്യാപകമായ രീതിയിൽ അവ മുസ്ലീം സ്ത്രികളെ പലദൂരത്തിൽ അകറ്റി നിർത്തുന്നുണ്ട്. അവിടങ്ങളിൽ ഒരു വമ്പിച്ച 'ബൂർഖാ- തലേത്തട്ടം' വിപ്ലവം അരങ്ങേറുന്നതിന് സ്കോപ് ഉണ്ടുതാനും. എന്നാൽ ക്ഷേത്രപ്രവേശന വിഷയത്തിൽ ഇത്രയും ഹൈപ്,  ബഹളം ഉണ്ടാക്കുന്നത് മാധ്യമ അധികപ്രസരമാണ്.

പ്രത്യേകിച്ചും ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ സ്ത്രികൾ പ്രവേശന സമരം എന്നു കൊട്ടിഘോഷിച്ച് ഒരു മുല്ലപ്പൂ വിപ്ലവത്തിന്‌വേണ്ടി സാരി മാറ്റി ചൂരിദാർ-കമീസ് ധരിച്ച് കച്ചകെട്ടി കല്ലും മുള്ളും പുല്ലാണേ ശരണം അയ്യപ്പാാ എന്നു വിളിച്ച് മലകേറണോ എന്ന് അവർ ഒരു വീണ്ടുവിചാരം നടത്തണ്ടതാണ്. അത്തരം വിവേകപൂർണ്ണമായ സമീപനം കേരളത്തിലെ പ്രഗൽഭരായ സ്ത്രീസമൂഹത്തിന് ഉണ്ടെന്നുള്ളതിന് തെളിവാണ് " കാത്തിരിക്കാൻ തയ്യാർ" (" Ready to wait") എന്ന സൈബർ പ്രസ്ഥാനം. കാത്തിരിക്കാൻ തയ്യാറല്ലാത്ത കൂടുതലും വടക്കേ ഇന്ത്യൻ സ്ത്രീവാദികളെ അവർ നന്നായി കഴിഞ്ഞ ദിവസം ടീവി ചനലിൽ പ്രതിരോധിക്കുന്നത് കണ്ടു. സബാഷ്, സഹോദരിമാരെ!

ശബരിമലയിൽ ആർത്തവ വിധേയരായ, പ്രത്യുല്പാദനക്ഷമരായ സ്ത്രികൾക്കുമാത്രമേ  സന്നിധാനത്തിൽ വിലക്കുള്ളു. അല്ലാത്തവർക്ക് കാത്തിരുപ്പ് വേണ്ട. അവർ പുരുഷ സമാനർ. ശ്രീകോവിൽ നടവരെ ചെന്ന് താണുവീണുകിടന്ന് തൊഴാം, തിരക്ക് അനുവദിക്കുന്നിടത്തോളം. ആർത്തവബാധിതർക്കും (രോഗമെന്ന് വിവക്ഷയില്ല) വിധേയർക്കും എന്തുകൊണ്ട് വിലക്ക് എന്നത് സംഗതമായ, ചോദിക്കേണ്ട, ചോദ്യമാണ്.  ഇതിന്റെ ഉത്തരം അറിയാത്തവരാണ് മുല്ലപ്പൂവ് സമരക്കാർ.

ഈശ്വര വിശ്വ്വാസത്തിലും ആരാധനയിലും വെറും പ്രാർഥനയിലും ഒക്കെ നിർണ്ണായക ഘടകവും ന്യായീകരണ ഘടകവും ഭക്തിയും വിശ്വ്വാസവുമാണ്.  ലോജിക്കിന്റെ ഇരുമ്പുലക്കയല്ല. അല്ലേയല്ല. നിങ്ങൾ ലോജിക്കിൽ തലവെച്ചാൽ വിശ്വ്വാസവും വരില്ല ഭക്തിയും തോന്നില്ല. കല്ലിന്റെ അകത്ത് ദൈവം കേറിയിരുന്നാൽ ശ്വാസം മുട്ടില്ലേ 'അച്ചാ' എന്നു പണ്ടത്തെപോലെ ചോദിക്കും. അതുപോലെ തന്നെയാണ് പലദൈവങ്ങളുടെ അസ്ഥിത്വവവും. അത്യാവശ്യത്തിന് ഒരു ദൈവം ധാരാളം മതി. പക്ഷെ പല രൂപഭാവങ്ങളിൽ അതിനെ സങ്കല്പിക്കാം. അപ്പോഴാണ് നമ്മുടെ ദൈവസങ്കല്പത്തിന് സമഗ്രത കൈവരിക . തൂണിലും തുരുമ്പിലും ദൈവത്തെ കാണാൻ  സാധിച്ചാൽ ഭക്തിയുടെ പരമകാഷ്ഠ ആയി. ലോജിക്കുകാരന്റെ ഉള്ളിലും അതാ ഇരിക്കുന്നു ദൈവം.
 അങ്ങിനെ എവിടെയെങ്കിലും ഒരു പ്രത്യേക ദൈവ സങ്കൽപത്തെ വിശ്വ്വാസി പ്രതിഷ്ടിച്ചാൽ ആ സങ്കല്പത്തിന് അയാളെ, അവളെ, സംബന്ധിച്ചിടത്തോളം മൂർത്തിമത്വവും വ്യക്തിത്വവും വരും. അത് ഒരു ദൈവതം ആകും അങ്ങനെ ഒന്നാണ് ശ്രീ അയ്യപ്പൻ എന്ന ദൈവതം. അയ്യപ്പ സങ്കല്പം നിത്യ ബ്രഹ്മചാരിയുടെ രൂപഭാവത്തിലാണ്. ആ ബ്രഹ്മചര്യത്തെ, നമ്മുടെ തന്നെ സങ്കല്പമായ ആ രൂപഭാവത്തെ, അവിഹിതമായി നകാരാത്മകമായി ബാധിച്ച് ആ സങ്കല്പത്തിനെ ഉടയ്ക്കുന്ന സാഹചര്യം നാം തന്നെ എന്തിന് ഒരുക്കണം? പുരുഷ ബ്രഹ്മചര്യോർജ്ജത്തെ എതിർദിശയിൽ   ധ്രുവീകരിക്കത്തക്കതാണ് പ്രജനനക്ഷമമായ സ്ത്രീലൈംഗികതയുടെ കാന്തശക്തി. മറിച്ചും. പുരുഷന്മാർ അയ്യപ്പനോട് ഐക്യദാർഢ്യം പാലിച്ച് 45 ദിവസത്തെ വൃതാനുഷ്ടാനത്തോടെയാണ് മലചവിട്ടുന്നത്. മലമുകളിൽ ബ്രഹ്മചര്യത്തിന്റെയും മനശുദ്ധിയുടെയും പരിസ്ഥിതി ചൂഴ്ന്ന് നിൽക്കയാണ്. അതിനെ ധ്രുവീകരിക്കാൻപോന്ന സാഹചര്യം ഒഴിവാക്കണമെന്നുള്ളതുകൊണ്ടാണ് പ്രജനനക്ഷമരായ സ്ത്രീകൾക്ക് വിലക്ക്. തനുമനശുദ്ധിക്കായി ചിലർ ഏതനും ദിവസത്തെ നിരാഹാരവൃതം എടുക്കാറുണ്ട്. അങ്ങനെയുള്ള ഒരാളിന്റെ മുൻപിൽ ആരെങ്കിലും സ്വാദിഷ്ടമായ ഭക്ഷണം നിരത്തി വൃതഭംഗത്തിന് ശ്രമിക്കുമോ. ആൾ നല്ല മനശ്ശക്തിയും നിശ്ചയദാർഢ്യവുമുള്ള വ്യക്തിയാണെങ്കിൽപോലും.

ഇനി സ്വല്പം നിയമവശംകൂടി പരിഗണിക്കാം. ഇങ്ങനെയുള്ള ഒരു ദൈവതം ഒരു നിയമാനുസൃതമായ വ്യക്തിയാണെന്നും വസ്തു,സ്വത്തുക്കൾക്ക് അവകാശിയാണെന്നും എന്നത് ബ്രിട്ടിഷ് ഭരണകാലത്തെ പ്രെവീകൗൺസിൽ മുതൽ സുപ്രീം കോടതി വരെ അംഗീകരിച്ചിട്ടുണ്ട്. സ്വത്തുക്കൾ നോക്കിനടത്താൻ "ഏറ്റവും അടുത്ത സുഹൃത്ത്" (best friend), മറ്റ് ചുമതലപ്പെട്ടവരുമാകാം. പ്രത്യേകിച്ചും ദൈവതം ബാലരൂപത്തിലുള്ളതെങ്കിൽ. രാമജന്മഭൂമി തർക്കത്തിലെ ഒടുവിൽ വന്നിരിക്കുന്ന വിധി ഈ ദൈവതവ്യക്തിത്വവും 'അടുത്ത സുഹൃത്ത്' തത്വവും ആശ്രയിച്ചുള്ളതാണ്. ബാലാവസ്ഥയിലുള്ള( രാംലല്ല) ശ്രീരാമന്റെ 'അടുത്ത സുഹൃത്ത്' എന്ന നിലയിലാണ്` മുൻ അഡീഷണൽ സൊളിസിറ്റർ ജനറൽ കെ.എൻ. ഭട്ട്‌ കേസ് ഫയൽ ചെയ്തത്.

അപ്പോൾ, ശബരിമല ക്ഷേത്രവും പരിസരങ്ങളും  അയ്യപ്പന്റെ ഗേഹംകൂടിയായ സ്വകാര്യ സ്വത്താണ്. അവിടുത്തെ നിയമങ്ങളും മര്യാദകളും ചിട്ടവട്ടങ്ങളും പാലിക്കാൻ എല്ലവരും ബാദ്ധ്യസ്ഥരാണ്. ഭരണഘടനയുടെ 14ആം വകുപ്പും പറഞ്ഞ് നിങ്ങൾക്ക് ഒരു വീട്ടിലോ, വനിതാ ഹോസ്റ്റലിലോ, വനിതാ ബോഗിയിലോ,
കമ്പാർട്ടുമെന്റിലോ,  ബസ്സിലോ കടന്നുകയറാൻ സാധ്യമല്ല. ഭരണഘടന അനുവദിച്ചിട്ടുള്ള ന്യായമായ നിയന്ത്രണമാണിത്, തുല്യതാ നിഷേധമല്ല.

അതുകൊണ്ട്, സഹോദരിമാരേ, അല്പം ക്ഷമിച്ച്, അല്പം കാത്തിരിക്കൂ; സമയമാകുമ്പോൾ ശ്രീകോവിലിന്റെ  അടുത്തുനിന്ന് മനസ്സ് നിറയെ ശ്രീഅയ്യപ്പസ്വരൂപം ദർശിച്ച് വണങ്ങാം. ആണുങ്ങൾക്ക് ഒപ്പം.
  


 





2016 ഓഗസ്റ്റ് 20, ശനിയാഴ്‌ച

മറുനിറങ്ങൾ

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.



മറുനിറങ്ങൾ



നിറങ്ങളുടെ മേൽ  നിങ്ങൾ സ്വന്തം
മറുനിറങ്ങൾ പൂശുന്നു, അതിന്മേൽ
മാരിവില്ല് സ്വയം വരച്ചുവെക്കുന്നു
വർണ്ണങ്ങളുടെ പൊടി വിതറുന്നു

ചക്രവാളത്തിന്റെ അപ്പുറത്തുനിന്ന്
ചണ്ടവാതത്തിന്റെ സിംഹഗളമേറി
 മിന്നൽ ശൂലവുമേന്തി മഴദേവത
മാനത്തിറങ്ങുന്നു, മേഘഗർജ്ജനം,
 താണ്ഡവം, സർവ്വം ഒടുങ്ങുമ്പോൾ
വിരിക്കുന്നു വെള്ളയുടെ വിതാനം

ചക്രവാളത്തിന്റെ അപ്പുറത്തുനിന്ന്
ദിഗ്‌ദേവത പ്രകാശതാലങ്ങളേന്തി
വസന്തത്തിന്റെ വർണ്ണവാങ്മയങ്ങൾ
വാരിവിതറുന്നു, അവ മാരിവില്ലാകുന്നു

മഴയിലലിയാത്ത, കാറ്റിലകലാത്ത
സത്യങ്ങളുടെ മുത്തുകൾ അതിരിട്ട
വജ്രങ്ങൾ, വരക്കാതെ, പതിക്കുന്നു
ചാർത്തുന്നു കാലത്തിന്റെ ഗളത്തിൽ






.

2016 ഓഗസ്റ്റ് 14, ഞായറാഴ്‌ച

ഒരു പഴയ ബാഗേജ്.

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


ഒരു പഴയ ബാഗേജ്.




 പാടാൻ തുടങ്ങിയ പാട്ടിൻവരികളെ
പാടേ വിഴുങ്ങി ഞാൻ കണ്ണുതള്ളി

പണ്ടത്തെ പൈങ്കിളി പ്രേമകഥയിലെ
മൊഞ്ചത്തിയല്ലിയെൻ മുന്നിൽ നില്പൂ!

വമ്പത്തി,താനോ കോളേജ് ബ്യൂട്ടിയാണെന്ന
തണ്ടത്തി; എത്രയോ കൂവി ഞങ്ങൾ!

ഊളസംഘത്തിനെയൊട്ടുമേ കൂസാതെ
ആളുകാണിച്ചവൾ, തോറ്റു ഞങ്ങൾ.

പിന്നെയോ സൗഹൃദ പട്ടുറുമ്മാലുകൾ
തുന്നി സമ്മാനമായ് തന്നുവല്ലൊ

തോറ്റുനിലംപരിശായൊരാക്കൂട്ടത്തി-
ലൊറ്റയ്ക്കൊരാളെ നീ നോക്കിവെച്ചു.

വശ്യം കളിച്ചും കുഴഞ്ഞും രസിച്ചും, അ-
വശ്യം പിന്നെ ശാസിച്ചുനോക്കിയും, 

ആരുടെമുന്നിലും വായാടിയായ നീ
ക്രൂരമായെന്നെയവഗണിച്ചു.

ഭീരുവാകുന്നതോ മൂകയാകുന്നതോ! 
തീരെ തിരിയാതിരുന്നിതന്നാൾ

ദൂരെ നീളത്തിലക്കോറിഡോർ ചെന്നങ്ങ്
തീരവേ നീയോ തിരിഞ്ഞുനോക്കും 

സുറുമതേക്കാത്തൊരാക്കൺകളിൽ
വെറിപുരണ്ടതോ, പ്രേമവായ്പോ?

ചകിതമാനസനായി ഞാൻ രാത്രിതൻ
പകുതി നിദ്രാവിഹീനനായി.

പാതിരിയച്ചന്റെ യാസുരതാടിയെ
പാതിരാവിലും പാർത്തോരു നാൾകൾ!

"അച്ചൻ വിളീക്കുന്നു", ആ രണ്ടു വാക്കുകൾ
ഉച്ചത്തിലെന്റെ മിടിപ്പുകൂട്ടി.

************

ആലയഘണ്ടാനിനാദങ്ങൾ പിന്നെയും
ആലപിച്ചല്ലോ പല വട്ടവും

"അച്ചൻ വിളിക്കുന്നു" കേട്ടു ഞാനൊരുനാൾ,
ഉച്ചം മിടിക്കും കരളുമായി

ചെന്നു ഞാൻ, പാതിരിയച്ചൻ ചിരിക്കുന്നു!
" വന്നുവോ, ഈ കത്തു വാങ്ങിക്കുക

ഞങ്ങളെയൊക്കെ ക്ഷണിച്ചു; നിനക്കിതാ
വാങ്ങുക, എന്നെയേല്പിച്ചതെന്തോ!"

തീർത്തും അടക്കിയ ശ്വാസത്തെ വിട്ടു ഞാൻ
കത്ത് തുറന്നൂ; പിന്നാമ്പുറത്തായ്

കുത്തിക്കുറിച്ചിരിക്കുന്നു:
      "പോകുന്നു ഞാൻ,
      എത്രയും പേടിച്ച ദുസ്വപ്നമോ
      എത്തി യാഥാർഥ്യമായ്,
      വരൻ ദുബായിയിൽ,
      എത്തേണ്ട നീ, വന്നാലെനിക്കെന്നെ
      നിർത്തുവാനാവില്ല, എന്തുമേചെയ്യിടും.
      ആർക്കും കൊടുത്തില്ല കൂട്ടുകാർക്കായ്
      നിനക്കായിമാത്രം!.. നിനക്കായിമാത്രം!
      നിനക്കായ് നേരുന്നു നന്മയെന്നും!!"

*********

പൊട്ടിച്ചിരിയൊന്നു കേട്ട് ഞാൻ ഞെട്ടിയോ,
പൊട്ടിച്ചിരിപ്പവൾ, കൈനീട്ടിയും,

എങ്ങിനെയുണ്ട് ഹായ് ഓൾഡ്മാൻ, തീരെ
യങ്ങിനെത്തന്നെ താൻ, ക്ഷേമമല്ലേ?

ചുറ്റിത്തിരിഞ്ഞൊന്നു നോക്കവേ ഓരമായ്
പറ്റിനിൽക്കുന്നൂ മുട്ടാളമക്കൾ

ബാഗേജിനെക്കാൾ വലിപ്പം, പഴേകാല
ബാഗേജ് ജീൻസിൽ ഞെരിഞ്ഞു നില്പൂ

കൈകളെകൂട്ടിപ്പിടിച്ചും കുലുക്കിയും
തോളെല്ലു തീരെതകർക്കും ഇവൾ

അവൾ തന്നെയെന്നോ? പഴേകാല വേദീ
യവനികയിതാ വീണുവെന്നോ?

2016 ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ശാക്തിക സ്ത്രീവാദം

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


 ശാക്തിക സ്ത്രീവാദം





 “ദി ബ്യൂട്ടി മിത്ത്‌ “എന്ന പ്രശസ്തകൃതിയുടെ രചയിതാവായ നയമി വൂൾഫിന്റെ പുതിയ കൃതിയാണ്.“ഫയർ വിത്ത്‌ ഫയർ” .    സ്ത്രീവാദത്തിന്റെ രണ്ടാം തരംഗമെന്ന് വിശേഷിക്കപ്പെടുന്ന  'ഇരയുടെ ഫെമിനിസത്തെ' വിമർശന വിധേയമാക്കുന്നതോടൊപ്പം  ഈ പുസ്തകം 'പവര്‍ ഫെമിനിസം' എന്ന ഒരു മൂന്നാം തരംഗത്തിന്റെ വക്താവായും വരികയാണ്.

 ഇരയുടെ ഫെമിനിസം സ്ത്രീയെ നന്മയുടെയും പുരുഷനെ മൃഗീയതയുടേയും പ്രതീകമായി കാണുന്നു എന്നാൽ രണ്ടും ചേർന്ന സ്വഭാവം ഇരുവരിലുമുണ്ട്‌. സ്ത്രീപീഡനത്തെപ്പറ്റി ഇരയുടെ ഫെമിനിസം ആകുലമാണ്. സ്ത്രീയുടെ വൈകാരികതയിലാണ്‌ ഇരയുടെ ഫെമിനിസം ഊന്നുന്നത്‌. എന്നാൽ അവളുടെ യുക്തിബോധവും വൈകാരികത പോലെതന്നെ പരിപോഷിപ്പിക്കപ്പെടണം. ഇരയുടെ ഫെമിനിസം സ്ത്രീകളുടെ ആത്മത്യാഗത്തിനുള്ള കഴിവിനെപ്പറ്റി പറയുമ്പോൾ, അവളുടെ മഹത്വാകാംക്ഷയാണ്‌ ശക്തിയുടെ ഫെമിനിസം ചൂണ്ടിക്കാട്ടുന്നത്‌. ഒരു മനുഷ്യാവകാശ പ്രസ്ഥാനം കൂടിയാണ്‌ ഫെമിനിസം. ചിലരുടെ തെറ്റിന്റെ  പേരിൽ പുരുഷവർഗ്ഗത്തെ ഒന്നടങ്കം പഴിക്കുന്ന നിലയിലേക്ക്‌ സ്ത്രീവാദം താഴരുത്. ഫെമിനിസത്തിന്റെ ഒന്നാം തരംഗം പുരുഷന്മാരെ അകറ്റി നിർത്തുകയോ ശത്രുക്കളായി കരുതുകയോ ചെയ്യാതെ സാമൂഹ്യനീതിക്കുവേണ്ടിയുള്ള സ്ത്രീയുടെ സമരത്തിലെ പങ്കാളികളാക്കിയിരുന്നു. സ്ത്രീ, സ്വന്തം സ്വാതന്ത്ര്യത്തേക്കാൾ ബന്ധങ്ങൾക്ക്‌ പ്രാധാന്യം കൊടുക്കുകയും . അതുകൊണ്ടുതന്നെ  സ്വയം നിർണയത്തേയും  എന്തിന്‌  അസൂയയുണർത്തുന്ന വിജയങ്ങളെപ്പോലും ഭയപ്പെടുന്നു എന്നും അത്തരം ഭയങ്ങളിൽനിന്ന് മുക്തമാകണ്ടതുണ്ടെന്നും ശഠിച്ചിരുന്നു, .

 ഇരയുടെ  തോൽവിയുടെ കയങ്ങളിൽ അഭിരമിക്കുന്ന ഫെമിനിസത്തിൽനിന്ന് ശക്തിയുടെ,  ഫെമിനിസത്തിലേയ്ക്ക്‌ സ്ത്രീകൾ പുരോഗമിക്കേണ്ടതുണ്ട്.  ജയിക്കാനുള്ള അഭിനിവേശമാണ് ഇന്നത്തെ സ്ത്രീക്ക്‌ വേണ്ടത്‌ പുരുഷാധിപത്യത്തിന്റെ ഭാഷ പണത്തിന്റെയും അധികാരത്തിന്റെയും ഭാഷ. അവരോട് ആഭാഷയിൽ തന്നെ സംസാരിക്കണം.
എന്നാൽ ആ ഭാഷയെ കാര്യങ്ങളുടെ  സങ്കീർണത മനസിലാക്കി കൂടുതൽ സൂക്ഷ്മമാക്കണം  സാമ്പത്തിക സ്വാതന്ത്ര്യമാണ്‌ സ്ത്രീക്ക്‌ ഏറ്റവുമാദ്യം വേണ്ടത്‌.
മുമ്പ്‌ ഭർത്താക്കന്മാരിലൂടെ നേടിയിരുന്ന വിജയം ഒറ്റയ്ക്ക്‌ നേടാൻ ഇന്നത്തെ സ്ത്രീ കൊതിക്കുന്നു. സ്ത്രീയുടെ ലൈംഗികത തെറ്റായി ചിത്രീകരിക്കപ്പെടുമ്പോൾ സ്വന്തം ലൈംഗിക  എന്തെന്ന്‌ സ്ത്രീകൾ ലോകത്തോട്‌ പറയണം- ഉഭയസമ്മതത്തോടെയുള്ള മുതിർന്ന സ്ത്രീ പുരുഷന്മാരുടെ ലൈംഗികവേഴ്ചയിൽ പവർഫെമിനിസത്തിന്‌ പരാതിയില്ല. മനസും ആത്മാവും പലതരം വിശപ്പുകളുടെ ഇടമായ ശരീരവും എല്ലാമുള്ള, സ്ത്രീകൾ ആ ത്രിമാനങ്ങൾ പ്രതിഫലിപ്പിക്കേണ്ടതുണ്ട്. സ്ത്രീപീഡനത്തേയും പുരുഷാധിപത്യ പ്രവണതകളേയും പറ്റി മാത്രം ചർച്ച ചെയ്ത്‌ സ്വൽപം ഇരുണ്ടു പോകുന്നുണ്ടോ ഫെമിനിസം?

സ്ത്രീകൾ ഫെമിനിസ്റ്റുകളാവാൻ മടിക്കുന്നത് എന്തുകൊണ്ട്? ഫെമിനിസത്തിന്റെ ചില കടുംപിടുത്തങ്ങൾ അവരെ അകറ്റുന്നുണ്ടോ?  സ്ത്രീവാദം ഉത്തരം കാണണ്ടതുണ്ട്.
 ബാല്യത്തിൽ പെൺകുട്ടികൾ ആൺകുട്ടികളോളം തന്നെ കാടത്തമുള്ളവരാണ്‌. എന്നാൽ പിന്നീട് മാറുന്നു; അവൾ ആശ്രിതത്വവും  സംരക്ഷയും ശ്രദ്ധ കിട്ടുന്നതും  കുട്ടിത്തരവും  ഗൗരവരാഹിത്യവും ജീവിതത്തിൽ വലിയ നിർണ്ണങ്ങളില്ലാത്ത അവസ്ഥയും ആഗ്രഹിക്കുന്നു. എങ്കിൽ വ്യക്തിത്വരൂപീകരണം സാധ്യമാവില്ലെന്ന് പക്ഷെ അറിയുന്നില്ല. അവൾ അധികാരത്തെ ഭയപ്പെടുന്നു. അതിന്റെ ഒരു കാരണം അതിന്റെ മോശമായ ഉപയോഗം മാത്രമേ പൊതുവേ  അവൾ കണ്ടിട്ടുള്ളൂ എന്നതാണ്‌. അതിനെ നീതിബോധത്തോടെ ഉപയോഗിക്കാനാവും എന്നവൾ മനസിലാക്കണം.  അതുപോലെതന്നെ, വ്യക്തിബന്ധങ്ങൾക്ക്‌ നൽകുന്ന അമിതപ്രാധാന്യം സ്ത്രീക്ക്‌ സംഘടനാപ്രവർത്തനവും ബുദ്ധിമുട്ടുള്ളതാക്കുന്നു. ഒരു സംഘത്തിലെ ചില വ്യക്തികളെ ഇഷ്ടപ്പെടാത്തതിനാൽ അതിൽ നിന്നവൾ അകലാൻ പാടില്ല. വ്യക്തിപരമായ അടുപ്പമില്ലാതെതന്നെ, കൂട്ടായി പ്രവർത്തിക്കാനുള്ള ശേഷി ആർജ്ജിക്കണം. മുഖ്യധാരാ മാധ്യമങ്ങൾ ഫെമിനിസത്തെ പരിഹസിക്കുന്നത് നേരിടാനും, ജനപ്രിയ മാധ്യമങ്ങളെ പുശ്ചിക്കാതെ അവയിൽ നിന്ന്‌ ഒരു ശ്രേഷ്ടഭാവത്തിൽ മാറി നിൽക്കാതിരിക്കാനും പുതിയ ഫെമിനിസ്റ്റുകൾ ശ്രദ്ധിക്കണം.

 ഫെമിനിസ്റ്റ്‌ ചിന്ത മനുഷ്യാവകാശ പ്രശ്നമായിക്കൂടി ഉന്നയിക്കപ്പെട്ടെങ്കിലും, അത് ഒരു  പ്രത്യേക വിഷയവും ഭാഷയായും മാറി അക്കാദമിക ലോകത്തേയ്ക്ക്‌ പിൻവലിയുകയാണുണ്ടായത്‌. ഇത്‌ ഒരു ദുരന്തമായി. ഫെമിനിസവും സാധാരണ സ്ത്രീകളും വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരായിത്തീർന്നു എന്ന ദുരന്തം.  ഫെമിനിസ്റ്റ്‌ ബുദ്ധിജീവികൾ നിസാരമായിക്കാണുന്ന വനിതാ മാസികകളിലെ ശുഭപ്രതീക്ഷയും മാറ്റത്തിലുള്ള അചഞ്ചലവിശ്വാസവും ഒരു വശത്ത്‌; ഫെമിനിസ്റ്റ്‌ സിദ്ധാന്തത്തിന്റെ വ്യക്തമായ രാഷ്ട്രീയവിശകലനങ്ങളും ഫെമിനിസ്റ്റ്‌ സംഘടനകളുടെ പ്രവർത്തനമികവും മറുവശത്ത്‌, ഇങ്ങനെ ചേരിതിരിയാതെ, ഇവയെല്ലാം ഒന്നിപ്പിച്ച്‌  ഒഴുകുമ്പോഴേ കൂടുതൽ സ്ത്രീകളെ ആകർഷിക്കാൻ ഫെമിനിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ സാധ്യമാകൂ.

  


2016 ഓഗസ്റ്റ് 2, ചൊവ്വാഴ്ച

7 ഹൈകു കവിതകൾ (തുടർച്ച 5 )

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


7 ഹൈകു കവിതകൾ (തുടർച്ച 5 ) 


[ തനത് സാമ്പ്രദായിക (traditional) ജാപ്പനീസ്  ഹൈകു രീതി അവലംബിച്ച് രചിക്കുന്നവ: അതായത്, 5-7-5 അക്ഷര ക്രമത്തിൽ 3 വരികൾ; (-) കിരേജി ഇട്ട് വേർതിരിച്ച മൂന്നാമത്തെ വരിയിൽ സ്വതന്ത്ര ആശയം; ഋതു സൂചന. തനത് ഹൈകു രൂപകല്പനാ വിവരണത്തിന്, കാണുക എന്റെ ആദ്യ ഹൈകു രചന:  http://jeeyu.blogspot.in/2013/10/7.html]






                                              1. സാഹിതി
                                
                                   സാഹിതീ വർഷം           
                                   പ്രപഞ്ച വാങ്മയമോ -
                                   വിപഞ്ചികകൾ!

                                              2. ഓർമ്മ
                             
                                   ഓർമ്മ ചീയാതെ
                                   കാലപ്പഴക്കം ഉപ്പിൽ -
                                   പൂത്ത മാവുകൾ.

                                              3. മീൻമോഹം
                                 
                                   പൊന്മാന്റെ ഭംഗി
                                   നോക്കിയ മീനോ കൊക്കിൽ -
                                   ജലത്തിൽ മേഘം.

                                             4. അണ്ണാൻ 
                                
                                   അണ്ണാൻ ചിലച്ച്
                                   കുത്തനെ കീഴോട്ടേക്ക് -
                                   മരം നിവർന്ന്.

                                             5. മഴക്കുഴി 
                                 
                                   അലയിളക്കാൻ
                                   കൊതിച്ച് മഴക്കുഴി -
                                   കുതിക്കും മാക്രി.

                                            6. നിഴൽ
                                 
                                   എന്നെക്കാൾ നീണ്ട
                                   നിഴൽ എനിക്കുവേണ്ട -
                                   വെയിൽ ചിരിച്ച്.

                                 
                                           7. ഇലയോട്
                                 
                                   പൂ ഇലയോട്
                                   മുഖം മറയ്ക്കാതെന്ന്  -
                                   ആടും ചില്ലകൾ
                                 
                                 
Powered By Blogger