ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.
ശാരദ സന്ധ്യ
ജി യു കുറുപ്പ്
ശാരദ സന്ധ്യാ സുശോഭയ്ക്കുതന്നെയും
ചാരുതയേകിയ നിന്നെ ഞാന്‍ കണ്ടനാള്‍
ജന്മാന്തരങ്ങളില്‍നിന്നെത്തി വീശുന്ന
മന്ദാനിലന്‍ പാറി എന്നകക്കാമ്പിലായി.
അന്തരംഗങ്ങളില്‍ പൂക്കും സുഗന്ധികള്‍
ചിന്തിയോ സൌവര്‍ണ പൂംപരാഗങ്ങളെ!
ശാരദ സന്ധ്യയുറങ്ങുന്ന രാവുതന്‍
നേരിലുണരുന്ന പൊന്നിന്‍ പുലരികള്‍
പാരിന്‍റെ പോരില്‍ പിടയ്ക്കും പകലുകള്‍
ഓരോന്നുപോയി ലയിക്കുന്ന വര്‍ഷങ്ങള്‍
ഒന്നും ഗണിക്കാതെ മുന്നോട്ടുപോയി നാം
മന്നിന്‍റെ സംഗീതമാലപിച്ചിത്രനാള്‍!
നീലാംബരിയായി പൂത്തുനില്‍ക്കുന്നതും,
നീരണിമേഘമായ് പെയ്തിറങ്ങുന്നതും,
മിന്നല്‍ ത്രിശൂലവും വീശി മനസ്സിനെ
ചിന്നിച്ചിതറിക്കുമുഗ്രസ്വരൂപിയും
പിന്നെ, പ്രണയാര്‍ദ്ദ്ര രാവുകളേറെയായ്
പൊന്നിന്‍ നിലാവില്‍ പൊതിഞ്ഞുനള്‍കുന്നതും
എല്ലാം നിഴലിപ്പിതേതോ വനാന്തര
ചോലയില്‍ ആകാശ, വനഭംഗിയായി.
അച്ഛസ്ഫടിക വനനിര്‍ഝരിയുടെ
സ്വച്ഛാനുഭൂതിയായ് ജീവല്‍ പ്രവാഹവും!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ