2016 ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ശാക്തിക സ്ത്രീവാദം

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


 ശാക്തിക സ്ത്രീവാദം





 “ദി ബ്യൂട്ടി മിത്ത്‌ “എന്ന പ്രശസ്തകൃതിയുടെ രചയിതാവായ നയമി വൂൾഫിന്റെ പുതിയ കൃതിയാണ്.“ഫയർ വിത്ത്‌ ഫയർ” .    സ്ത്രീവാദത്തിന്റെ രണ്ടാം തരംഗമെന്ന് വിശേഷിക്കപ്പെടുന്ന  'ഇരയുടെ ഫെമിനിസത്തെ' വിമർശന വിധേയമാക്കുന്നതോടൊപ്പം  ഈ പുസ്തകം 'പവര്‍ ഫെമിനിസം' എന്ന ഒരു മൂന്നാം തരംഗത്തിന്റെ വക്താവായും വരികയാണ്.

 ഇരയുടെ ഫെമിനിസം സ്ത്രീയെ നന്മയുടെയും പുരുഷനെ മൃഗീയതയുടേയും പ്രതീകമായി കാണുന്നു എന്നാൽ രണ്ടും ചേർന്ന സ്വഭാവം ഇരുവരിലുമുണ്ട്‌. സ്ത്രീപീഡനത്തെപ്പറ്റി ഇരയുടെ ഫെമിനിസം ആകുലമാണ്. സ്ത്രീയുടെ വൈകാരികതയിലാണ്‌ ഇരയുടെ ഫെമിനിസം ഊന്നുന്നത്‌. എന്നാൽ അവളുടെ യുക്തിബോധവും വൈകാരികത പോലെതന്നെ പരിപോഷിപ്പിക്കപ്പെടണം. ഇരയുടെ ഫെമിനിസം സ്ത്രീകളുടെ ആത്മത്യാഗത്തിനുള്ള കഴിവിനെപ്പറ്റി പറയുമ്പോൾ, അവളുടെ മഹത്വാകാംക്ഷയാണ്‌ ശക്തിയുടെ ഫെമിനിസം ചൂണ്ടിക്കാട്ടുന്നത്‌. ഒരു മനുഷ്യാവകാശ പ്രസ്ഥാനം കൂടിയാണ്‌ ഫെമിനിസം. ചിലരുടെ തെറ്റിന്റെ  പേരിൽ പുരുഷവർഗ്ഗത്തെ ഒന്നടങ്കം പഴിക്കുന്ന നിലയിലേക്ക്‌ സ്ത്രീവാദം താഴരുത്. ഫെമിനിസത്തിന്റെ ഒന്നാം തരംഗം പുരുഷന്മാരെ അകറ്റി നിർത്തുകയോ ശത്രുക്കളായി കരുതുകയോ ചെയ്യാതെ സാമൂഹ്യനീതിക്കുവേണ്ടിയുള്ള സ്ത്രീയുടെ സമരത്തിലെ പങ്കാളികളാക്കിയിരുന്നു. സ്ത്രീ, സ്വന്തം സ്വാതന്ത്ര്യത്തേക്കാൾ ബന്ധങ്ങൾക്ക്‌ പ്രാധാന്യം കൊടുക്കുകയും . അതുകൊണ്ടുതന്നെ  സ്വയം നിർണയത്തേയും  എന്തിന്‌  അസൂയയുണർത്തുന്ന വിജയങ്ങളെപ്പോലും ഭയപ്പെടുന്നു എന്നും അത്തരം ഭയങ്ങളിൽനിന്ന് മുക്തമാകണ്ടതുണ്ടെന്നും ശഠിച്ചിരുന്നു, .

 ഇരയുടെ  തോൽവിയുടെ കയങ്ങളിൽ അഭിരമിക്കുന്ന ഫെമിനിസത്തിൽനിന്ന് ശക്തിയുടെ,  ഫെമിനിസത്തിലേയ്ക്ക്‌ സ്ത്രീകൾ പുരോഗമിക്കേണ്ടതുണ്ട്.  ജയിക്കാനുള്ള അഭിനിവേശമാണ് ഇന്നത്തെ സ്ത്രീക്ക്‌ വേണ്ടത്‌ പുരുഷാധിപത്യത്തിന്റെ ഭാഷ പണത്തിന്റെയും അധികാരത്തിന്റെയും ഭാഷ. അവരോട് ആഭാഷയിൽ തന്നെ സംസാരിക്കണം.
എന്നാൽ ആ ഭാഷയെ കാര്യങ്ങളുടെ  സങ്കീർണത മനസിലാക്കി കൂടുതൽ സൂക്ഷ്മമാക്കണം  സാമ്പത്തിക സ്വാതന്ത്ര്യമാണ്‌ സ്ത്രീക്ക്‌ ഏറ്റവുമാദ്യം വേണ്ടത്‌.
മുമ്പ്‌ ഭർത്താക്കന്മാരിലൂടെ നേടിയിരുന്ന വിജയം ഒറ്റയ്ക്ക്‌ നേടാൻ ഇന്നത്തെ സ്ത്രീ കൊതിക്കുന്നു. സ്ത്രീയുടെ ലൈംഗികത തെറ്റായി ചിത്രീകരിക്കപ്പെടുമ്പോൾ സ്വന്തം ലൈംഗിക  എന്തെന്ന്‌ സ്ത്രീകൾ ലോകത്തോട്‌ പറയണം- ഉഭയസമ്മതത്തോടെയുള്ള മുതിർന്ന സ്ത്രീ പുരുഷന്മാരുടെ ലൈംഗികവേഴ്ചയിൽ പവർഫെമിനിസത്തിന്‌ പരാതിയില്ല. മനസും ആത്മാവും പലതരം വിശപ്പുകളുടെ ഇടമായ ശരീരവും എല്ലാമുള്ള, സ്ത്രീകൾ ആ ത്രിമാനങ്ങൾ പ്രതിഫലിപ്പിക്കേണ്ടതുണ്ട്. സ്ത്രീപീഡനത്തേയും പുരുഷാധിപത്യ പ്രവണതകളേയും പറ്റി മാത്രം ചർച്ച ചെയ്ത്‌ സ്വൽപം ഇരുണ്ടു പോകുന്നുണ്ടോ ഫെമിനിസം?

സ്ത്രീകൾ ഫെമിനിസ്റ്റുകളാവാൻ മടിക്കുന്നത് എന്തുകൊണ്ട്? ഫെമിനിസത്തിന്റെ ചില കടുംപിടുത്തങ്ങൾ അവരെ അകറ്റുന്നുണ്ടോ?  സ്ത്രീവാദം ഉത്തരം കാണണ്ടതുണ്ട്.
 ബാല്യത്തിൽ പെൺകുട്ടികൾ ആൺകുട്ടികളോളം തന്നെ കാടത്തമുള്ളവരാണ്‌. എന്നാൽ പിന്നീട് മാറുന്നു; അവൾ ആശ്രിതത്വവും  സംരക്ഷയും ശ്രദ്ധ കിട്ടുന്നതും  കുട്ടിത്തരവും  ഗൗരവരാഹിത്യവും ജീവിതത്തിൽ വലിയ നിർണ്ണങ്ങളില്ലാത്ത അവസ്ഥയും ആഗ്രഹിക്കുന്നു. എങ്കിൽ വ്യക്തിത്വരൂപീകരണം സാധ്യമാവില്ലെന്ന് പക്ഷെ അറിയുന്നില്ല. അവൾ അധികാരത്തെ ഭയപ്പെടുന്നു. അതിന്റെ ഒരു കാരണം അതിന്റെ മോശമായ ഉപയോഗം മാത്രമേ പൊതുവേ  അവൾ കണ്ടിട്ടുള്ളൂ എന്നതാണ്‌. അതിനെ നീതിബോധത്തോടെ ഉപയോഗിക്കാനാവും എന്നവൾ മനസിലാക്കണം.  അതുപോലെതന്നെ, വ്യക്തിബന്ധങ്ങൾക്ക്‌ നൽകുന്ന അമിതപ്രാധാന്യം സ്ത്രീക്ക്‌ സംഘടനാപ്രവർത്തനവും ബുദ്ധിമുട്ടുള്ളതാക്കുന്നു. ഒരു സംഘത്തിലെ ചില വ്യക്തികളെ ഇഷ്ടപ്പെടാത്തതിനാൽ അതിൽ നിന്നവൾ അകലാൻ പാടില്ല. വ്യക്തിപരമായ അടുപ്പമില്ലാതെതന്നെ, കൂട്ടായി പ്രവർത്തിക്കാനുള്ള ശേഷി ആർജ്ജിക്കണം. മുഖ്യധാരാ മാധ്യമങ്ങൾ ഫെമിനിസത്തെ പരിഹസിക്കുന്നത് നേരിടാനും, ജനപ്രിയ മാധ്യമങ്ങളെ പുശ്ചിക്കാതെ അവയിൽ നിന്ന്‌ ഒരു ശ്രേഷ്ടഭാവത്തിൽ മാറി നിൽക്കാതിരിക്കാനും പുതിയ ഫെമിനിസ്റ്റുകൾ ശ്രദ്ധിക്കണം.

 ഫെമിനിസ്റ്റ്‌ ചിന്ത മനുഷ്യാവകാശ പ്രശ്നമായിക്കൂടി ഉന്നയിക്കപ്പെട്ടെങ്കിലും, അത് ഒരു  പ്രത്യേക വിഷയവും ഭാഷയായും മാറി അക്കാദമിക ലോകത്തേയ്ക്ക്‌ പിൻവലിയുകയാണുണ്ടായത്‌. ഇത്‌ ഒരു ദുരന്തമായി. ഫെമിനിസവും സാധാരണ സ്ത്രീകളും വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരായിത്തീർന്നു എന്ന ദുരന്തം.  ഫെമിനിസ്റ്റ്‌ ബുദ്ധിജീവികൾ നിസാരമായിക്കാണുന്ന വനിതാ മാസികകളിലെ ശുഭപ്രതീക്ഷയും മാറ്റത്തിലുള്ള അചഞ്ചലവിശ്വാസവും ഒരു വശത്ത്‌; ഫെമിനിസ്റ്റ്‌ സിദ്ധാന്തത്തിന്റെ വ്യക്തമായ രാഷ്ട്രീയവിശകലനങ്ങളും ഫെമിനിസ്റ്റ്‌ സംഘടനകളുടെ പ്രവർത്തനമികവും മറുവശത്ത്‌, ഇങ്ങനെ ചേരിതിരിയാതെ, ഇവയെല്ലാം ഒന്നിപ്പിച്ച്‌  ഒഴുകുമ്പോഴേ കൂടുതൽ സ്ത്രീകളെ ആകർഷിക്കാൻ ഫെമിനിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ സാധ്യമാകൂ.

  


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Powered By Blogger