2010 ഓഗസ്റ്റ് 7, ശനിയാഴ്‌ച
മാസ്മരം
മാസ്മരം
നിന്റെ മനസ്സിലുയർന്നൊരു സുമമീ
നിന്നുടെ ചുണ്ടിൽ വിരിയും സ്മിതമായ്
കണ്ണിൽ കനവായ് നിനവായ്,എന്നുടെ
യുള്ളിൽ കുളിരായ്, വെയിലായ്ത്തീരാ-
നുള്ളൊരു മായികജാലമിതെന്തേ?
താവക കുളിർ കര സ്പർശന മൊരു
നവജീവനുണർത്താൻ, സിരകളിൽ
ഭാവ തരംഗത്തള്ളിൻ നുരയുടെ
പൂവുകൾ ചിതറാൻ മായമിതെന്തേ?
ദ്യോവിൻ നിറുകയിൽനിന്നുമിറങ്ങി
ഭൂവിലുറങ്ങും ബീജശതങ്ങളിൽ
ജീവനുണർത്തിയെടുത്തെന്നുള്ളിൽ
പൂവിരിയിക്കും മഴപോൽ പൊഴിയാൻ
ആവതിതേതൊരു മായാജാലം?
ഇന്ദീവരനേർമിഴികൊണ്ടെൻ മന-
മിന്ദ്രിയ ചോദിത തരളിതമായൊരു
മന്ദ്രം, മഥിതം സലിലമതാക്കി
സുന്ദര കവിതാകമലമുയർത്താ-
നെന്തൊരു വിസ്മയ വിദ്യയിരിപ്പൂ?
കോപം വില്ലു കുലച്ചു തൊടുത്തൊരു
ചാപം പോലെ, തുടുത്തൊരു ചുണ്ടിൽ
താപജ്വാലകൾ ഞൊടിയിൽ രൂപം
പ്രാപിക്കുന്നൊരു മഴവില്ലൊളിയായ്
വ്യാപിക്കുന്നതിതേതൊരു മായാജാലം?
മായികമാമീ മാനസഭാവം
പോയൊരു കാലക്കഥകളിലേതാം
നായികയെന്നേ യവനിക പിന്നിൽ
പോയിയിതെന്നാലെന്തേ, ഇന്നും എന്നിൽ
സ്ഥായീഭവമായ് പൂത്തുലയുന്നു?
ചിത്രം: ഗൂഗിൾ വഴി
2010 ജൂലൈ 30, വെള്ളിയാഴ്‌ച
വരണം
വരണം
നനുത്ത കാറ്റിൽ രാവിൻ വാർമുടി
യുലഞ്ഞു മാറുന്നു
മിനുത്ത കവിളിൻ മുഖപ്രസാദം
നിലാവിൽ മുങ്ങുന്നു
പരക്കെ വിണ്ണിൻ ചെരാതുകൾ നി-
ന്നെരിഞ്ഞു കത്തുന്നു
ഒരുക്കമൊക്കെ കഴിഞ്ഞിറങ്ങാൻ
തിടുക്കമാവുന്നോ?
തനിച്ചുതന്നേ വരണം, വേദിയിൽ
നടപ്പതല്ലീ വരണം,
നിനച്ചിതെന്നേതന്നേ, പക്ഷേ
നിമന്ത്രണം വരണം.
തുടിച്ചു നിൽക്കും ഹൃദന്തമല്ലാ-
തെടുക്കുവാനില്ല
കൊടുക്കുവാനായ് കരത്തിലൊന്നും
പിടിക്കുവാനില്ല
മൊഴിഞ്ഞ പാട്ടിന്നീരടി കാതിൽ
പൊലിഞ്ഞു പോയാലും
പൊഴിഞ്ഞ പൂവിന്നിതളുകൾ കാറ്റിൽ
പറന്നു പോയാലും
അഴിഞ്ഞുപോയൊരു തന്ത്രികൾ പേറിയ
വീണയിതെന്നാലും
കഴിഞ്ഞകാലശ്രുതികളിലൊഴുകിയ
നാദം നിന്നാലും
അകത്തളത്തിൽ ജ്വലിച്ചുനിൽക്കും
വിളക്കെരിഞ്ഞോട്ടെ
അകന്നുതന്നെ ഒഴിഞ്ഞുമാറി
ഇരുട്ടു നിന്നോളൂം
കനത്തനാണം മെനഞ്ഞ മഞ്ഞിൻ
മുഖപ്പടം മൂടി
കുനിഞ്ഞ ശീർഷം നമിച്ചു കൈകൾ
പിണച്ചു കൂപ്പട്ടെ!
ചിത്രം: ഗൂഗിൾ വഴി.
2010 ജൂലൈ 13, ചൊവ്വാഴ്ച
വ്യവസായം
വ്യവസായം
കക്ഷിരാഷ്ട്രീയം കടക്കാത്ത താം മന-
സ്സാക്ഷികൾ! നിങ്ങൾ തൻ വർഗ്ഗം വളരണേ!
പാർട്ടിയേക്കാളും വലുതായ് അയൽപ്പക്ക
വീട്ടിന്റെ സൗഹൃദം കാണാൻ കഴിയണേ!
ഏട്ടിലായ്ക്കാണും വരട്ടുവാദത്തിനേ-
ക്കാട്ടിലും നല്ലതീ നാട്ടിന്നറിവുകൾ
ഈർഷ്യയും കൊണ്ടു നടക്കുന്ന ദോഷമീ
ബൂർഷകളൊന്നും വരുത്തുകില്ലെന്നതും
ധർമ്മങ്ങളെല്ലാം മതിക്കുന്നതുൽകൃഷ്ട
കർമ്മങ്ങളെന്ന മതത്തിനെയെന്നതും
നാനതരങ്ങളിൽക്കാണുന്നൊരേകത്വ
മാനങ്ങളൊന്നേ സനാതനമെന്നതും
നേരിട്ടുചൊല്ലും " ഋജുബുദ്ധി" യാമീ
നേരിന്നുപാസകൻ കവിമാത്രചിത്തൻ.
ഓരോ തിരഞ്ഞെടുപ്പെത്തവേ പ്രത്യേക
രൂപാന്തരത്താൽ ഉടലെടുക്കുന്നവർ
സഞ്ചിതം നാട്ടിൻ വിധായകം കേവലം
പഞ്ചവർഷങ്ങളിൽ ഭാഗിച്ചുവെയ്ക്കുവോർ,
വന്നിടും രാമനും പോയിടും രാമനും
ചേർന്നിടും തീർക്കുവാൻ രാമരാജ്യത്തിനെ!
ആശയമില്ലതെ ആദർശമില്ലാതെ
ആശ്രയിക്കുന്നൂ വയർ വീർത്ത കീശയെ
ആർജ്ജവം പണ്ടേ കളഞ്ഞുകുളിച്ചവർ
ആർജ്ജിച്ചു വെയ്ക്കുന്നിതേഴു ജന്മത്തിനും
രാഷ്ട്രീയമിന്നു വിളയാണ്, നാണയ-
ക്കൃഷിയാണ്, പക്ഷേ വ്യവസായമാക്കണം!
ചിത്രം; ഗൂഗിൾ വഴി
2010 ജൂൺ 24, വ്യാഴാഴ്‌ച
ഓണത്തുമ്പി
ഓണത്തുമ്പി
കതിർ വീണു തിങ്ങിക്കിടക്കുന്ന പാടത്തി
ന്നതിരായിപ്പോകുന്നു മുള്ളുവേലി,
അരികിലായൊഴുകുന്നു കൈത്തോട്; വേണെങ്കിൽ
ഒരു കുതിപ്പാലതിൻ മറികടക്കാം
( ചെറുതോട്ടിൽനിന്നുടൻ ചാടുമത്തവളയേ
വെറുതേ വിരട്ടാൻ മെനക്കെടാതെ,
കാണുന്ന കാണുന്ന പൂക്കളിൻ കാതിലായോ-
ണക്കുശലങ്ങളോതുന്ന തുമ്പിയെ
ഓടിച്ചുചാടിപ്പിടിക്കുവാനൊട്ടൊന്നു
പാടുപെട്ടെന്നാൽ പിടിച്ചെടുക്കാം)
കുറുകുത്തിമുല്ലതൻ നറുമണം വായുവിൽ
നിറയുന്ന നീളൻ വരമ്പിലൂടെ
വേലിപ്പരത്തിയും മുല്ലയും പൂവിട്ടൊ-
രോലപ്പുരയ്ക്കൂള്ള "ഗേറ്റി"ലെത്തീ
ഇരുമുളക്കമ്പിൻ കടമ്പ കാണുന്നതിൽ
ഒരു കമ്പു മാറ്റിക്കടന്നുകൂടാം.
"ഹാ"യെന്നു വിസ്മയം കൂടുന്ന കണ്ണുകൾ
വായിക്കുമീയെൻ മുഖം ചുളിച്ച്
ഒരു കണ്ണിറുക്കി ഞാൻ കേൾക്കുന്നു: കോർക്കുമീ-
യരിമുല്ലമാലയിന്നാർക്കു വേണ്ടി?
വിവരമായറിയില്ലയൊന്നുമേയെങ്കിലും
കവിളുകൾ കുങ്കുമം പൂശി നിൽക്കും.
ഒരു പൊട്ടുചൂടുവാൻ പോരുന്ന കുങ്കുമം
അരുമയാം കവിളിൽനിന്നൂർന്നെടുക്കാം!
കുറുമുടിച്ചുരുളുകൾ മൃദുതളിർപാണിയാൽ
നറുനെറ്റിമേലേ വകഞ്ഞുമാറ്റി,
മലർമാല മാറിലായ് തൊട്ടൊരു പുഞ്ചിരി
കലരുന്ന കുസൃതിച്ചുണ്ടുകോട്ടി,
തനതായ വേണിയിൽ കോർക്കുവാൻ ഭാവിച്ചി-
ട്ടനവദ്യമായെൻ ഗളത്തിൽ വയ്ക്കെ,
വരമഞ്ഞൾ വർണ്ണത്തിലായിരം തുമ്പികൾ
കരളിൽ വന്നെന്നും പറഞ്ഞുവെയ്ക്കാം
ചിത്രം: ഗൂഗിൾ വഴി
കതിർ വീണു തിങ്ങിക്കിടക്കുന്ന പാടത്തി
ന്നതിരായിപ്പോകുന്നു മുള്ളുവേലി,
അരികിലായൊഴുകുന്നു കൈത്തോട്; വേണെങ്കിൽ
ഒരു കുതിപ്പാലതിൻ മറികടക്കാം
( ചെറുതോട്ടിൽനിന്നുടൻ ചാടുമത്തവളയേ
വെറുതേ വിരട്ടാൻ മെനക്കെടാതെ,
കാണുന്ന കാണുന്ന പൂക്കളിൻ കാതിലായോ-
ണക്കുശലങ്ങളോതുന്ന തുമ്പിയെ
ഓടിച്ചുചാടിപ്പിടിക്കുവാനൊട്ടൊന്നു
പാടുപെട്ടെന്നാൽ പിടിച്ചെടുക്കാം)
കുറുകുത്തിമുല്ലതൻ നറുമണം വായുവിൽ
നിറയുന്ന നീളൻ വരമ്പിലൂടെ
വേലിപ്പരത്തിയും മുല്ലയും പൂവിട്ടൊ-
രോലപ്പുരയ്ക്കൂള്ള "ഗേറ്റി"ലെത്തീ
ഇരുമുളക്കമ്പിൻ കടമ്പ കാണുന്നതിൽ
ഒരു കമ്പു മാറ്റിക്കടന്നുകൂടാം.
"ഹാ"യെന്നു വിസ്മയം കൂടുന്ന കണ്ണുകൾ
വായിക്കുമീയെൻ മുഖം ചുളിച്ച്
ഒരു കണ്ണിറുക്കി ഞാൻ കേൾക്കുന്നു: കോർക്കുമീ-
യരിമുല്ലമാലയിന്നാർക്കു വേണ്ടി?
വിവരമായറിയില്ലയൊന്നുമേയെങ്കിലും
കവിളുകൾ കുങ്കുമം പൂശി നിൽക്കും.
ഒരു പൊട്ടുചൂടുവാൻ പോരുന്ന കുങ്കുമം
അരുമയാം കവിളിൽനിന്നൂർന്നെടുക്കാം!
കുറുമുടിച്ചുരുളുകൾ മൃദുതളിർപാണിയാൽ
നറുനെറ്റിമേലേ വകഞ്ഞുമാറ്റി,
മലർമാല മാറിലായ് തൊട്ടൊരു പുഞ്ചിരി
കലരുന്ന കുസൃതിച്ചുണ്ടുകോട്ടി,
തനതായ വേണിയിൽ കോർക്കുവാൻ ഭാവിച്ചി-
ട്ടനവദ്യമായെൻ ഗളത്തിൽ വയ്ക്കെ,
വരമഞ്ഞൾ വർണ്ണത്തിലായിരം തുമ്പികൾ
കരളിൽ വന്നെന്നും പറഞ്ഞുവെയ്ക്കാം
ചിത്രം: ഗൂഗിൾ വഴി
2010 ജൂൺ 6, ഞായറാഴ്‌ച
മോഹപ്പക്ഷി
മോഹപ്പക്ഷി
താമരപ്പത്രത്തിൽ
പാദമൂന്നി
ഓമനപ്പക്ഷി
നടന്നുനീങ്ങി
നീരിൽ നടക്കാൻ
നിവൃത്തിയില്ലാ-
തോരത്തുനിന്നു
ഞാൻ പിന്മടങ്ങി
നന്നെപ്പരന്നതാം
കല്ലെടുത്തു,
തെന്നുന്നപോലെ
എറിഞ്ഞൂവിട്ടു
കല്ലോലവീചികൾ
ചുംബിച്ചു പായും
കല്ലിനാലന്നെൻ
നിരാശ തീർത്തു.
മാമലയ്ക്കുച്ചിയിൽ
ചേക്കേറിയന്ത്യ-
യാമപ്പുലരിയിൽ
പക്ഷം പരത്തി
ഉഷ്ണപ്രവാഹത്തി
ലേറി വിണ്ണിൽ
കൃഷ്ണപ്പരുന്തായി
യാലി നിൽക്കാൻ,
മാനത്തുമുട്ടാൻ
മദിച്ച മോഹം
വാനിൽ ത്തൊടു-
ത്തതാം പട്ടമാക്കി
സൂത്രം ചലിപ്പിച്ചു
കാക്കുവാനായ്
മാത്രമീമന്നിൽ
ത്തറഞ്ഞുനിന്നു.
നാകപ്രഭയ്ക്കുള്ളിൽ
മിന്നുന്ന താരം
ആകുവാൻ മിന്നാ-
മിനുങ്ങിറങ്ങി!
* * * *
പിന്നെയോ കാലം
കഴിഞ്ഞുപോയീ
പിന്നിൽ നിഴലുകൾ
നീണ്ടുപോയി.
പണ്ടത്തെ മോഹത്തിൻ
വെമ്പലില്ല
താണ്ടുവാനേറെ-
ക്കടമ്പയില്ല
എങ്കിലും ഏകാന്ത
മാത്രയൊന്നിൽ
അങ്കുരിപ്പൂ പഴ-
ങ്കാല മോഹം:
സാഗരമാനവും
പിന്നിട്ടു വാനിൽ
ആഗമിച്ചപ്പുറം
പോയ്മറയാൻ,
അകലത്തിനപ്പുറം
ആലിനിൽക്കാൻ,
സകലതും കാണും
വിഹംഗമാകാൻ!!
ചിത്രം: ഗൂഗിൾ വഴി
താമരപ്പത്രത്തിൽ
പാദമൂന്നി
ഓമനപ്പക്ഷി
നടന്നുനീങ്ങി
നീരിൽ നടക്കാൻ
നിവൃത്തിയില്ലാ-
തോരത്തുനിന്നു
ഞാൻ പിന്മടങ്ങി
നന്നെപ്പരന്നതാം
കല്ലെടുത്തു,
തെന്നുന്നപോലെ
എറിഞ്ഞൂവിട്ടു
കല്ലോലവീചികൾ
ചുംബിച്ചു പായും
കല്ലിനാലന്നെൻ
നിരാശ തീർത്തു.
മാമലയ്ക്കുച്ചിയിൽ
ചേക്കേറിയന്ത്യ-
യാമപ്പുലരിയിൽ
പക്ഷം പരത്തി
ഉഷ്ണപ്രവാഹത്തി
ലേറി വിണ്ണിൽ
കൃഷ്ണപ്പരുന്തായി
യാലി നിൽക്കാൻ,
മാനത്തുമുട്ടാൻ
മദിച്ച മോഹം
വാനിൽ ത്തൊടു-
ത്തതാം പട്ടമാക്കി
സൂത്രം ചലിപ്പിച്ചു
കാക്കുവാനായ്
മാത്രമീമന്നിൽ
ത്തറഞ്ഞുനിന്നു.
നാകപ്രഭയ്ക്കുള്ളിൽ
മിന്നുന്ന താരം
ആകുവാൻ മിന്നാ-
മിനുങ്ങിറങ്ങി!
* * * *
പിന്നെയോ കാലം
കഴിഞ്ഞുപോയീ
പിന്നിൽ നിഴലുകൾ
നീണ്ടുപോയി.
പണ്ടത്തെ മോഹത്തിൻ
വെമ്പലില്ല
താണ്ടുവാനേറെ-
ക്കടമ്പയില്ല
എങ്കിലും ഏകാന്ത
മാത്രയൊന്നിൽ
അങ്കുരിപ്പൂ പഴ-
ങ്കാല മോഹം:
സാഗരമാനവും
പിന്നിട്ടു വാനിൽ
ആഗമിച്ചപ്പുറം
പോയ്മറയാൻ,
അകലത്തിനപ്പുറം
ആലിനിൽക്കാൻ,
സകലതും കാണും
വിഹംഗമാകാൻ!!
ചിത്രം: ഗൂഗിൾ വഴി
2010 മേയ് 25, ചൊവ്വാഴ്ച
പേടകം
പേടകം
ഉൽക്കടം കത്തിജ്ജ്വലിച്ചാ വിഹായസ്സി-
ലത്ഭുത ബിന്ദുവായ് പാഞ്ഞകന്നങ്ങനെ
താരാപഥങ്ങളെത്താണ്ടി നീ യജ്ഞാത
സൂരവ്യൂഹങ്ങളെത്തേടിപ്പറക്കവേ,
നിർഗ്ഗുണ നിശ്ശൂന്യ നാക വക്ഷസ്സിലെ
സ്വർഗ്ഗപ്രശാന്തിയിൽ നീന്തിത്തുടിക്കവേ,
ഓർക്കുക നിന്നെയീമന്നുമായ്ച്ചേർത്തൊരു
പൊക്കിളിൻ വള്ളിയിൽ ബന്ധിച്ചിരിപ്പതും
സീമയില്ലാത്തൊരഭൌമ പ്രപഞ്ചവും
വ്യോമവുമുണ്ടു നിന്നുള്ളിലായെന്നതും
ആദിമധ്യാന്തവിഹീനമായ്, കാലാതി-
ഭേദിയായ് വർത്തിക്കുമന്തരാകാശത്തിൽ
ആവർത്തനംചെയ്തു സത്യങ്ങളന്യോന്യ-
മാവഹിക്കുന്നതാമെത്രയോ ഗോളങ്ങൾ,
തേജസ്സു ചൂഴുമത്താരകൾ, ഭാവമാ-
മോജസ്സിൽ നീളുന്നൊരാകാശഗംഗ്ഗകൾ,
അപ്രമേയങ്ങളാം മാനങ്ങൾ, ആയതിൽ
തൽപ്രേരകങ്ങളാം വർണ്ണഭേദങ്ങളും,
മിന്നിപ്പൊലിഞ്ഞുപോമുൽക്കകൾ- ആശകൾ-,
വന്നുദിക്കുന്നതാം ധൂമകേതുക്കളും,
വെട്ടം വിഴുങ്ങുന്ന കൂരിരുൾഗർത്തവും
കത്തും പക തീർക്കുമഗ്നിഗോളങ്ങളും,
ജന്മപാശത്തിനാലാത്മാവിൽ ബന്ധിച്ചു
ബ്രഹ്മപ്രപഞ്ചമീയന്തരാകാശത്തിൽ
സ്വന്തമായുള്ളോരു സൂരവ്യൂഹത്തിനേ-
യേന്തിച്ചലിക്കും പരമാണുവെപ്പോലെ
ഏതോ സനാതനം സത്യത്തിനുള്ളിലെ
ച്ചേതോവികാരമീയാകാശമെന്നതിൽ
നിസ്തന്ദ്രനിർല്ലേപനാകപ്രയാണത്തി-
ലസ്തിത്വമില്ലാതെ പായുന്ന പേടകം!
ചിത്രം; ഗൂഗിൾ വഴി
ഉൽക്കടം കത്തിജ്ജ്വലിച്ചാ വിഹായസ്സി-
ലത്ഭുത ബിന്ദുവായ് പാഞ്ഞകന്നങ്ങനെ
താരാപഥങ്ങളെത്താണ്ടി നീ യജ്ഞാത
സൂരവ്യൂഹങ്ങളെത്തേടിപ്പറക്കവേ,
നിർഗ്ഗുണ നിശ്ശൂന്യ നാക വക്ഷസ്സിലെ
സ്വർഗ്ഗപ്രശാന്തിയിൽ നീന്തിത്തുടിക്കവേ,
ഓർക്കുക നിന്നെയീമന്നുമായ്ച്ചേർത്തൊരു
പൊക്കിളിൻ വള്ളിയിൽ ബന്ധിച്ചിരിപ്പതും
സീമയില്ലാത്തൊരഭൌമ പ്രപഞ്ചവും
വ്യോമവുമുണ്ടു നിന്നുള്ളിലായെന്നതും
ആദിമധ്യാന്തവിഹീനമായ്, കാലാതി-
ഭേദിയായ് വർത്തിക്കുമന്തരാകാശത്തിൽ
ആവർത്തനംചെയ്തു സത്യങ്ങളന്യോന്യ-
മാവഹിക്കുന്നതാമെത്രയോ ഗോളങ്ങൾ,
തേജസ്സു ചൂഴുമത്താരകൾ, ഭാവമാ-
മോജസ്സിൽ നീളുന്നൊരാകാശഗംഗ്ഗകൾ,
അപ്രമേയങ്ങളാം മാനങ്ങൾ, ആയതിൽ
തൽപ്രേരകങ്ങളാം വർണ്ണഭേദങ്ങളും,
മിന്നിപ്പൊലിഞ്ഞുപോമുൽക്കകൾ- ആശകൾ-,
വന്നുദിക്കുന്നതാം ധൂമകേതുക്കളും,
വെട്ടം വിഴുങ്ങുന്ന കൂരിരുൾഗർത്തവും
കത്തും പക തീർക്കുമഗ്നിഗോളങ്ങളും,
ജന്മപാശത്തിനാലാത്മാവിൽ ബന്ധിച്ചു
ബ്രഹ്മപ്രപഞ്ചമീയന്തരാകാശത്തിൽ
സ്വന്തമായുള്ളോരു സൂരവ്യൂഹത്തിനേ-
യേന്തിച്ചലിക്കും പരമാണുവെപ്പോലെ
ഏതോ സനാതനം സത്യത്തിനുള്ളിലെ
ച്ചേതോവികാരമീയാകാശമെന്നതിൽ
നിസ്തന്ദ്രനിർല്ലേപനാകപ്രയാണത്തി-
ലസ്തിത്വമില്ലാതെ പായുന്ന പേടകം!
ചിത്രം; ഗൂഗിൾ വഴി
2010 മേയ് 13, വ്യാഴാഴ്‌ച
വാമനൻ
വാമനൻ
ഗോപാൽ ഉണ്ണികൃഷ്ണ
നന്നെക്കനിഞ്ഞു നീ
തന്നൊരീയാടകൾ
ഒന്നും എനിക്കിണ-
ങ്ങാത്തത്തായ് വന്നു ഹാ!
എന്നെക്കരുതി
ക്കരുപ്പിടിപ്പിച്ചൊരീ
പ്പൊന്നിൻ വിഭൂഷകൾ
പാഴായ് ച്ചമഞ്ഞിതോ!
കൊട്ടിഘോഷിച്ചു
തിമിർക്കുവാൻ നിർമ്മിച്ച
കൊട്ടാരമൊന്നിൽ
ഞാനേകനായ്പ്പോയിതോ!
സാമ്രാജ്യമില്ലാത്ത
ചെങ്കോൽ വഹിക്കുന്ന
സാമ്രാട്ടെഴുന്നള്ളി
വാഴുന്ന പോലെയോ
എന്നെക്കുറിച്ചു ഞാൻ
കണ്ട കിനാവുകൾ
എന്നേ പൊലിഞ്ഞു പോ-
യെന്നറിഞ്ഞീലയോ
മിന്നിത്തെളിഞ്ഞ
പ്രതീക്ഷകൾ വന്നെന്റെ
മുന്നിൽക്കളിച്ചോരു
നാളുകളന്യമായ്
ഇന്നെന്റെ വാനി-
ലുദിക്കുന്ന സൂര്യനും
ചെന്നുപതിക്കുന്ന
സൂര്യനുമൊന്നുപോൽ
വന്നുമറഞ്ഞിടും
മാഞ്ഞിട്ടു വന്നിടും
എന്നുമീ വൃത്തം
വരയ്ക്കുക മാത്രമായ്
വന്നടുത്തെത്തും
ചുവടുകൾ കേൾക്കുവാൻ
ചെന്നെതിരേൽക്കു
വാനില്ലെനിക്കാഗ്രഹം
ഒന്നുകേട്ടിട്ടുണ്ടൊ-
രിക്കലീ നാടിന്റെ
മന്നവൻ പോലും
തലകുനിച്ചെന്നതായ്
എത്രയും നീളം
കുറഞ്ഞൊരാ വാമനൻ
അത്രയ്ക്കുയർന്നു
വളർന്നു വന്നെന്നതും
നന്നെക്കുറുകിയ
ചോടുകൾ വച്ഛൊരു
മന്നിൻ കിരീടവും
ചൂടിനിന്നെന്നതും
* *
എന്നെക്കരുതി
ക്കരുപ്പിടിപ്പിച്ചൊരാ
പൊന്നിൻ കിരീടവും
കാത്തിരിക്കുന്നു ഞാൻ!!
ചിത്രം: വിക്കിപിഡിയ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)







