ഐശ്വര്യപ്പൊൻപുലരി - വിഷു.
'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്നു വിഷുവിനെ വാഴ്ത്തിക്കൊണ്ട് പുള്ളുവൻ പാടുന്നു. ശ്രീകൃഷ്ണൻ താരകാസുരനെ നിഗ്രഹിച്ച ദിവസമാണെന്നും, രാവണൻ തന്റെ കൊട്ടാരത്തിൽ വെയിൽ കടക്കുന്നതിനാൽ സൂര്യനെ ഉദിക്കാൻ അനുവദിക്കാതിരുന്നത് ശ്രീരാമനാൽ കൊല്ലപ്പെട്ടശേഷം മാറി സൂര്യൻ ഉദിച്ച ആഹ്ലാദദിനമാണെന്നും വിഷുവിനെച്ചൊല്ലി രണ്ട് ഐതിഹ്യങ്ങൾ ഉണ്ട്. ഏതായാലും കണി കാണുന്നത് മലയാളിക്കു പ്രധാനമാണ്. ദിവസക്കണി ആണ്ടുകണി എന്ന രണ്ടു കണികളിൽ മേടമാസം ഒന്നാംദിനം ആഘോഷിക്കുന്ന ആണ്ടുകണിയാണു വിഷുക്കണി. വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. സമരാത്രദിനമെന്ന അർത്ഥത്തിൽ മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. തുലാവിഷുവിൽ കണികാണലില്ല.
ഭാരതത്തിലെ കാർഷികപഞ്ചാംഗത്തിലെ ആദ്യദിനമാണ് കേരളത്തിൽ വിഷു ആയി ആഘോഷിക്കുന്നത്. ഭാരതത്തിലെമ്പാടും ഇതേ ദിവസം ആഘോഷങ്ങൾ ഉണ്ട്. ഉദാഹരണത്തിന് ബംഗാളീലെ ബൈശാഖ്, അസമിലെ ബിഹു. വൈശാഖമാസത്തിലെ ബൈഹാഗ് ആണ് അവർക്ക് ബിഹു. അന്നേ ദിവസം കാർഷികോത്സവത്തിനു പുറമെ നവവത്സരവും, വസന്തോത്സവവും എല്ലാമായി അവർ ആഘോഷിക്കുന്നു. കൃഷിഭൂമിപൂജ, ഗോപൂജ, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനങ്ങൾ നൽകുക, സംഘനൃത്തം എന്നിവയെല്ലാം ബിഹുവിന്റെ ഭാഗമാണ്. കൃഷിയിടങ്ങളിലെ പൊലിപ്പാട്ടും, വളർത്തുമൃഗങ്ങളെ കണികാണിക്കലും, കൈനീട്ടം നൽകലും എല്ലാം വിഷുവിലും ഉണ്ട്. ബീഹാറിലെ ആഘോഷത്തിനും ബൈഹാഗ് എന്നാണ് പറയുക. പഞ്ചാബിൽ ഇതേ സമയം വൈശാഖിയും തമിഴ്‌നാട്ടിൽ പുത്താണ്ടും ആഘോഷിക്കുന്നു. കർണാടകയിലും ആന്ധ്രാപ്രദേശിലും ഇക്കാലത്ത് ഉഗാദി എന്ന ആഘോഷം കൊണ്ടാടുന്നു. യുഗ-ആദി ആണ് ഉഗാദി ആയത്, അർത്ഥം ആണ്ടുപിറപ്പ് എന്നു തന്നെ.
കേരളത്തിൽ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. തലേനാൾ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ കത്തിച്ചുകളയുന്നു. വീട് ശുദ്ധിയാക്കുകയും പുതിയ വർഷത്തെ വരവേൽക്കുയും ആണ് ഇതിന്റെ ഉദ്ദേശം. അതോടെ വീടുകളിൽ പടക്കം പൊട്ടിച്ചു തുടങ്ങുകയായി.
കണി ഒരുക്കുന്നതും കാണീക്കുന്നതും കുടുംബത്തിലെ മുതിർന്ന സ്ത്രീകളുടെ ചുമതലയാണ്. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ കസവാട വിരിച്ച് അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്.വിഷുവുമായി അഭേദ്യബന്ധമുള്ള ഒന്നാണ് കണിക്കൊന്ന(ഇന്ത്യൻ ലബർണം). സൗവര്‍ണ്ണമായ സങ്കല്പങ്ങള്‍ക്ക് ചാരുത പകരുന്ന പൂക്കളാണ് കൊന്നപൂക്കള്‍. പ്രകൃതിയുടെ വിഷുകൈനീട്ടമാണിവ. കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണികൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ സംസ്ഥാന പുഷ്പവും. കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം.കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത് കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു. കണികണ്ടതിനു ശേഷം ഗൃഹനാഥൻ കുടുംബാഗങ്ങൾക്ക് വിഷുക്കൈനീട്ടം നൽകുന്നു. "ഐശ്വര്യസമ്പൂർണ്ണമായ അതായത് പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക"
രാവിലെ പ്രാതലിന് ചിലയിടങ്ങളിൽ വിഷുക്കട്ട എന്ന വിഭവം കാണാറുണ്ട്. നാളികേരപ്പാലിൽ പുന്നെല്ലിന്റെ അരി വേവിച്ച് ജീരകം ചേർത്ത് വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ശർക്കര പാനിയോ, മത്തനും, പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചായിരിക്കും ഇത് കഴിക്കുക. ഉച്ചു ഊണിന് ചക്ക - അന്നു പ്രത്യേകമായി,'പനസം 'എന്നേ പറയൂ - കൊണ്ടുള്ള, ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്ത എരിശ്ശേരി, ചക്ക വറുത്തത് ഈ വിഭവങ്ങൾ പ്രധാനമാണ്. അതുപോലെ മാമ്പഴപുളിശ്ശേരിയും. വിഷുവിനു മാംസാഹാരങ്ങൾ ആവാം. ആദിദ്രാവിഡാഘോഷങ്ങളിൽ പെട്ട ഒരു ഉത്സവമാണ് വിഷു. മത്സ്യമാംസാഹാരാദികൾ വർജ്ജിച്ചുകൊണ്ടുള്ള ഓണം ബുദ്ധമതസിദ്ധാന്തങ്ങൾക്ക് ചേരുന്നതാണെങ്കിൽ വിഷു അതിന് കടകവിരുദ്ധമാണ്. വേട്ടയാടി കാലയാപനം കഴിച്ചിരുന്ന ആദിദ്രാവിഡരുടെ മാംസാഹാരത്തോടുള്ള അഭിരുചി വിഷുആഘോഷങ്ങളിൽ നിഴലിക്കുന്നു. അതിനാൽ ഓണത്തേക്കാൾ പഴക്കമുള്ള ആഘോഷമാണ് വിഷു എന്നും കരുതുന്നു.
കൃഷീവലർ ഉച്ചസദ്യയ്ക്കു മുൻപായി വയലിൽ കളം വരച്ച് കൃഷിയായുധങ്ങൾ കോലം വരച്ചലങ്കരിച്ച് അട നിവേദിച്ചു പൂജ കഴിച്ച് ഉർവ്വരാനുഷ്ടാനമായി ഉഴുത് വിഷുച്ചാൽ കീറണം അതുപോലെ കൈക്കോട്ടുചാൽ ആചരിക്കുന്നതും പതിവുണ്ട്. പുതിയ കൈക്കോട്ടിനെ കഴുകി കുറി തൊടുവിച്ച് കൊന്നപ്പൂക്കൾ കൊണ്ട് അലങ്കരിക്കുന്നു. അങ്ങനെ അണിയിച്ചൊരുക്കിയ കൈക്കോട്ട് വീടിന്റെ കിഴക്കു പടിഞ്ഞാറു ഭാഗത്ത് വച്ചു പൂജിക്കയും അതിനുശേഷം കുറച്ചു സ്ഥലത്ത് കൊത്തികിളയ്ക്കുകയും ചെയ്യുന്നു. അങ്ങനെ കൊത്തിക്കിളച്ചതിൽ കുഴിയെടുത്ത് അതിൽ നവധാന്യങ്ങൾ, പച്ചക്കറി വിത്തുകൾ എന്നിവ ഒരുമിച്ച് നടുന്നു.
മദ്ധ്യ തിരുവിതാംകൂറിലെ ഏറ്റവും വലിയ വിഷു ഉത്സവം വെണ്മണിയിലെ ശാർങ്ങക്കാവിലെതാണ്(ചാമക്കാവ്). വിഷു ദിനത്തിൽ കെട്ടുകാഴ്ചകളുമായി വെണ്മണിയിലെ വിവിധ കരകളിൽ നിന്നും ഭക്തർ ഇവിടെ വന്നു കൂടുന്നു. ചേരാനെല്ലൂരിൽ നടക്കുന്ന ഏകദിനവ്യാപാരം വിഷുമാറ്റം എന്നാണ് അറിയപ്പെടുന്നത്. നാണയസമ്പ്രദായം നടപ്പിലാവുന്നതിനു മുന്നേ തന്നെ നടന്നു വന്ന ഈ രീതിക്ക് സംഘകാലത്തോളം പഴക്കമുണ്ട്.
വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാർവത്രികമായിരുന്നു. പണിക്കർ (കണിയാൻ) വീടുകളിൽ വന്ന് വിഷുഫലം ഗണിച്ച് പറയുന്നരീതിയാണിത്. ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേൾപ്പിക്കും. വിഷു സംക്രാന്തി നാളിലാണ് പണിക്കർ വരുന്നത്. അവർക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ "യാവന" എന്നാണ് പറയുക
മലയാളികള്‍ക്ക് ഐശ്വര്യത്തിന്റെ പൊന്‍പുലരിയാണ് വിഷു. പുതുവര്‍ഷത്തിലേക്കുള്ള ചുവട്‌വെപ്പ്. സ്നേഹത്തിന്റെ കണിവെള്ളരിക്കൊപ്പം കണിക്കൊന്നയുടെ പീതവര്‍ണവും കൈനീട്ടത്തിന്റെ ഐശ്വര്യവും. മലയാളിക്ക് പ്രതീക്ഷയുടെ മാസമാണ് മേടം.
എല്ലാവർക്കും സ്നേഹനിർഭരമായ വിഷു ആശംസകൾ!
വൈകിയാണെങ്കിലും വിഷു ആശംസകള്‍!
മറുപടിഇല്ലാതാക്കൂവിഷു ആശംസകൾ നേരുന്നു.
മറുപടിഇല്ലാതാക്കൂ