2014 ഓഗസ്റ്റ് 16, ശനിയാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. സ്വ്വാതന്ത്ര്യദിനപ്പിറ്റേന്ന്. ആഗസ്റ്റ് 16,2014

























സ്വ്വാതന്ത്ര്യദിനപ്പിറ്റേന്ന്



സ്വാതന്ത്ര്യദിനാശംസാ
സന്ദേശബഹളത്തിൽ
സംതൃപ്തരാകുമ്പൊഴും
ചിന്തയിലമരുക,
എന്തേ നമുക്കീ, പാര-
തന്ത്ര്യത്തിൻ പാശങ്ങളിൽ
കുരുങ്ങാനിടവന്നു?

ഭാരതീയരാം ചിര
പുരാതന ജനത
പാരിനെപ്പഠിപ്പിച്ചൂ
വിദ്യ, പക്ഷേയതിൻനൽ
പൊരുളായി വിളങ്ങും
ആത്മാഭിമാനം പണ്ടേ
കളഞ്ഞുകുളിച്ചില്ലേ?

നാലുതുട്ടിനുവേണ്ടി
പരദേശിപ്പടതൻ
കാലാളായി നമ്മുടെ
നേർക്കുതന്നല്ലേ നാം
വെടിവെച്ചതും, പിന്നെ
 കൊലയ്ക്കു കൊടുത്തതും
അടിവെച്ചടിവെച്ച്
ചാരേ മാർച്ചുചെയ്തതും!

ചെയ്ത പാപത്തിൻ കറ
കഴുകിക്കളയാനായ്
ചെയ്യേണ്ടിവന്നില്ലേ വൻ
കുരുതികൾ, ജീവിതം
തളിർക്കാതെ, വസന്തം
വിടരാതെ, പാഴായി
പിളർന്നതാം ജന്മങ്ങൾ,
ജന്തുബലികൾ,! - നാടിൻ
ചിരംജീവികളവർ,
ചിന്താപുഷ്പങ്ങളാൽ നാം
അജ്ഞലിയർപ്പിക്കുക!!

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. സ്വാതന്ത്ര്യ ദിനം. ആഗസ്റ്റ് 15 2014

സ്വാതന്ത്ര്യദിനം








മുഗളപ്രഭാവത്തിൻ
ചെങ്കോട്ട ചേക്കേറിയോ-
രാംഗലക്കൊടിക്കൂറ
മണ്ണിലാഴ്ത്തിയ, കൃശ
ഗാത്രനാം "ഫക്കീറിനെ",
ഓർക്കുന്നുവോ നാമിന്നാ
പിതാമഹനെ, രാഷ്ട്ര-
പിതാവിനെ,  "മഹാത്മാ
ഗാന്ധി" തൻ രൂപം വെറും
നാണയത്തിലെ മുദ്ര!

സൂര്യനസ്തമിക്കാത്ത
സാംരാജ്യ മദയാന
ഭാരതജനതതൻ
കാലടിവന്ദിക്കുന്ന
ദൃശ്യമാണിനിക്കാണാൻ
പോവുക, അതിന്നാദ്യ
വിശ്വഘോഷണമായീ
മോദിതൻ പ്രഭാഷണം.
Friday, August 15, 2014 - 12:05 PM

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. ഹൈദരാബാദിൻ പുത്രൻ,

ഹൈദരാബാദിൻ പുത്രൻ,

 

ഹൈദരാബാദിൻ പുത്രൻ,
തലയോട്ടിത്തൊപ്പിയും
ബദൽവാണി,ശീർവാണി
ധാരിയും, -ചെറുസുൽത്താൻ
അസദ്ദുദ്ദീൻ  കുവൈസി
ഉവാച: " വെറും ഭോഷ്ക്
ഐഎസ്ഐഎസ് ഇറാക്കിൽ
പോലും, അതീയിന്ത്യയിൽ
ചെലവാകില്ല തീർത്തും"
വരിഷ്ട ഹിന്ദു , ശുഭ്രൻ
സ്വാമിയോ കുളിർ പൂണ്ടു,
കരുതിത്തന്നേചൊല്ലി:
"നിൻ നാവു പൊന്നാകട്ടെ"
ചാനലിൽ സമാധാനം;
പാനലോ തരിക്കുന്നു!
ആനയിച്ചെത്തുന്നുവോ
നാളുകൾ പൊൻനാളുകൾ!!

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. ആഗസ്റ്റ് 13, 2014

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. ആഗസ്റ്റ് 13, 2014

പുല്ലാണു പാർലിമെന്റെ-
ന്നോ ത്രിണമൂലേ , നഖവും
പല്ലും പ്രയോഗിക്കാൻ
തെല്ലുമേ മടിയില്ല!
ദീദിയായ് ബംഗാൾ വ്യാഘ്രം
ദില്ലിയിൽ വിഹരിക്കും
മോദിയേയെന്നേവെറും
തൃണമായ്കാണുന്നു ഞാൻ!!

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ 1

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ 1.

ഭാരതരത്നം ടെൻഡു
പാരിലെക്രിക്കറ്റ്ദൈവം!
പാർലിമെന്റിലോരണ്ടേ
രണ്ടുനാൾ,നോബാൾ,പാവം!!

2014 ഓഗസ്റ്റ് 10, ഞായറാഴ്‌ച

ഹൈകു കവിതകൾ (തുടർച്ച: 2)

 ഹൈകു കവിതകൾ (തുടർച്ച: 2)



ശാസ്ത്രീയമായ (സാമ്പ്രദായികമായ) ഹൈകു കവിതകൾ മലയാളത്തിൽ ആദ്യമായി ഞാൻ ഇവിടെ പ്രകാശനം ചെയ്തു തുടങ്ങി. "7 ഹൈകു കവിതകൾ " ( 2013, ഒക്ടോബർ 8, ചൊവ്വാഴ്ച) http://jeeyu.blogspot.in/2013/10/7.html കാണുക.  തുടർന്ന്, ഹൈകു കവിതകൾ (തുടർച്ച:  1) 2013, ഒക്‌ടോബർ 27, ഞായറാഴ്‌ച പ്രകാശനം ചെയ്തു. ["ഇക്കഴിഞ്ഞ പോസ്റ്റായ  "7 ഹൈകു കവിതകൾ " ( 2013, ഒക്ടോബർ 8, ചൊവ്വാഴ്ച) ഹൈകുകളുടെ സ്വഭാവ വിശദീകരണത്തോടെ പ്രസിദ്ധീകരിച്ചുകഴിഞ്ഞപ്പോൾ അത്  ഹൈകു കവിതകളായി നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും അറിവിൽപ്പെട്ടിടത്തോളം മലയാള സാഹിത്യത്തിലെ ശാസ്ത്രീയമായ ( classic or taditional, 5-7-5 syllables and other essential features) ഹൈകു കവിതകളൂടെ ആദ്യ അവതരണവും പ്രകാശനവുമായിരിക്കുയാണ്"]


 ഇന്ന് ഹൈകു കവിതകൾ (തുടർച്ച: 2) പോസ്റ്റ് ചെയ്യുന്നു.


1. നിന്മിഴികൾ



വസന്തരാവിൽ
താരകൾ നിന്മിഴികൾ -
നിലാവ് ചുറ്റും.

2. സ്നേഹനിമിഷം


സ്നേഹനിമിഷം
നീളും അപാരകാലം -
ഇയ്യാംപാറ്റകൾ

3. ബദ്ധർ

 

ഒറ്റ ശ്വാസത്തിൽ
ബദ്ധരായി നാം പണ്ടേ -
പുഷ്പകാലമായ്.

4. ചുംബനം


നദീദേവത
അഴിമുഖം മുത്തുന്നു -
മേഘഗർജ്ജനം

5. സന്ധ്യ


പിരിയും സന്ധ്യ
പൊഴിക്കും കണ്ണീർമഴ -
മേലേ ചിദംബരം

6. ശ്യാമിനി


മിന്നാമിനുങ്ങാൽ
കണ്ണ്ചിമ്മി ശ്യാമിനി -
ഇടവം പാതി

7. മിന്നൽ


ജ്വലിക്കും മിന്നൽ
പൊളിക്കും അനന്തത -
പൊലിയും താരകൾ









************



2014 ഏപ്രിൽ 30, ബുധനാഴ്‌ച

ഭഗവാൻ ഉറങ്ങുകയല്ല.


ഭഗവാൻ ഉറങ്ങുകയല്ല.



സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന ക്രിസ്തുവചനം (Synoptic Bible ) നമ്മുടെ നടപ്പ് ജനാധിപത്യവ്യ്വസ്ഥയ്ക്കു മാതൃകയായ ബ്രിട്ടനിൽ  പണ്ടേ സ്ഥാപിതമതവും ഭരണകൂടവും തമ്മിലുള്ള അതിർരേഖയായി കാണുന്നു. ക്രിസ്തുവിന്റെ എതിരാളികൾ ദൈവപുത്രനെ കുരുക്കുവാനായി,  വിശ്വാസികളായ യഹൂദർ തങ്ങളുടെ ഭരണകൂടത്തിനു കരംകൊടുക്കന്നത് ശരിയോ എന്നു യേശുവിനോട് ചോദിച്ചപ്പോൾ അവർ വിചാരിച്ചത് യേശു ദൈവത്തിന്റെ പക്ഷംപിടിക്കുമെന്നാണ്. ശ്രീയേഷു കണക്കിനുകൊടുത്ത ഈ മറുപടി പിന്നീട് ജനായത്ത രാജ്യഭരണ മീമാംസയുടെ ആണിക്കല്ലായി കിടക്കുകയാണ്. സത്യക്രിസ്ത്യാനിയായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഈ ബിബ്ളിക്കൽ പൊരുൾ അതിന്റെ എല്ലാ ആധുനിക കാലികമാനങ്ങളോടൂംകൂടി ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.


 പാണ്ഡ്യസാമ്രാജ്യത്തിലെ സാമന്തരാജ്യവംശമായിരുന്ന ആയ് രാജ്യത്തിന്റെ കീഴിലുള്ള പ്രമുഖ രാജവംശമായിരുന്നു വേണാട് രാജകുലം. ഇന്നത്തെ കൊല്ലം,തിരുവനന്തപുരം,കന്യാകുമാരി ജില്ലകൾ അടങ്ങിയ വേണാട് രാജ്യം അവർ അടക്കിവാണിരുന്നു. തമിഴക സംഘകാലം മുതലേയുള്ളതാണ് വേൽനാട് എന്ന വേണാട്. അത് 9 -ആം ശതകത്തോടുകൂടി രണ്ടാം ചേരരാജവംശത്തിന്റെ ഭാഗമാവുകയും പിന്നീട് 11-ആം ശതകത്തോടെ ചോള സാമ്രാജ്യത്തിന്റെ അധീനതയിലാവുകയും ചെയ്തു. ചേരരാജവംശത്തിൽ ലയിച്ചതോടെയാണ് വേണാടിനു സമൃദ്ധിയുടെ നാട് എന്നർത്ഥത്തിൽ ശ്രീവാഴുംകോട് ( തിരുവിഴാംകോട്,തിരുവിതാംകൂർ, (ഇംഗ്ളീഷുകാരുടെ ട്രാവൻകൂർ))എന്ന പേർ വന്നത്. പിന്നീട്18-ആം ശതകത്തിന്റെ പകുതിയോടെ മാർത്താണ്ഡവർമ്മ മഹാരാജാവ് ആധുനിക തിരുവിതാംകൂർ രാജ്യം സൃഷ്ടിച്ചെടുക്കുകയും ചെയ്തു.

 ഇക്കാലമത്രയും വേണാട്ടരചന്മാരായ തിരുവിതാംകൂർ രാജവശത്തിന്റെ കുലക്ഷേത്രമായിരുന്നു ശീപദ്മനാഭസ്വാമി ക്ഷേത്രം. അതായത് ക്രിസ്തുവിന്റെ കാലത്തിനും മുൻപ് മുതൽതന്നെ. 9-ആം ശതകത്തിൽപോലും തമിഴകത്തെ (തെന്നിന്ത്യ) സുപ്രസിദ്ധ വിഷ്ണുക്ഷേത്രങ്ങളിലൊന്നായി ശീപദ്മനാഭസ്വാമി ക്ഷേത്രം വാഴ്ത്തപ്പെട്ടിരുന്നതായി വൈഷ്ണവാചാര്യൻ നമ്മൽവാരുടെ 'മലൈനാട്ടു തിരുപ്പതികൾ' എന്ന രചനയലെ കീർത്തന പരാമശർത്തിൽനിന്ന് മനസ്സിലാക്കാം. അപ്പോൾ, സഹസ്രാബ്ദങ്ങളായി ക്ഷേത്രംഭരിച്ചിരുന്ന രാജകുടുംബത്തിനെ ക്ഷേത്രത്തിൽനിന്ന് എങ്ങനെ അടർത്തി മാറ്റിനിർത്താനാവും? അതൊരു ക്ഷേത്രഭേദനം ആവും, ഭവനഭേദനംപോലെ.

 വിഷയം ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 14-ആം നൂറ്റാണ്ടിന്റെ ആദ്യദശകത്തിനടുപ്പിച്ച് (1310-14) വേണാട്ട് രാജവംശത്തിന്റെ വെന്നിക്കൊടി തെന്നിന്ത്യ മുഴുവൻ പാറിച്ച രവിവർമ്മ കുലശേഖരന്റെ ദിഗ്വിജയത്തിനു തൊട്ടുമുൻപ് ഡൽഹി സുൽത്താൻ വേണാട് രാജ്യത്തിൽ ആക്രമണപരമായി ഇടപെട്ടതുപോലെ ഇപ്പോൾ ഡൽഹി യിൽനിന്നും ശ്രീപദ്മ്നാഭസ്വമിക്ഷേത്ര ഭരണത്തിൽ അനാരോഗ്യകരവും നിർഭാഗ്യകരവുമായ രീതിയിൽ ഇടങ്കോലിടുകില്ലെന്ന് ആശിക്കാം. ചരിത്രത്തിലെ അതുല്യമായ, അമൂല്യമായ, ഈ ലോകോത്തര ദൈവികനിധി ചിരകാലസുരക്ഷിതമായി സൂക്ഷിക്കാൻ രാജകുടുംബത്തിന്റെ പ്രാധാന്യം നിലനിർത്തിക്കൊണ്ട്തന്നെ, സർക്കാരിന്റെ സംവിധാനങ്ങളും സേവനവും ഉപയോഗിച്ച്  ആർക്കും കബളിപ്പിക്കാൻപറ്റാത്ത, പഴുതുകളോ പിഴവുകളോ ഇല്ലാത്ത, ഒരു ഭരണസംവിധാനം വിധിച്ചുനൽകാൻ ഈ ചരിത്രസന്ദർഭം പരമോന്നതനീതിപീഠം വിനിയോഗിക്കുകയാണുവേണ്ടത്. ഏതായലും പ്രപഞ്ച പരമോന്നതപീഠം ഉണ്ടല്ലോ, ...പ്രിൻസസ് ലക്ഷ്മീ ബായി പറഞ്ഞതുപോലെ: " ഭഗവാൻ ഉറങ്ങുകയല്ല".
Powered By Blogger