2014, ഒക്‌ടോബർ 20, തിങ്കളാഴ്‌ച

മുഖ്യധാരാ മതങ്ങളുടെ പൊതുസ്വഭാവം : ഒരു സംക്ഷിപ്ത അവലോകനം.

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

മുഖ്യധാരാ മതങ്ങളുടെ പൊതുസ്വഭാവം : ഒരു സംക്ഷിപ്ത അവലോകനം.





മതേതരത്വം (secularism) ബ്രിട്ടണിൽനിന്ന് കടമെടുത്ത ആശയമാണ്.  അതിന് ഇന്ത്യൻ പ്രകരണത്തിൽ തീരെ പ്രസക്തിയില്ല. കാരണം, ആ സങ്കല്പം സെമിറ്റിക് മതങ്ങ‌ൾ, അതായത്, ജുഡായിസം ഉൾപ്പെടുമെങ്കിലും പ്രധാനമായും ലോക മുഖ്യധാരാമതങ്ങളായ ക്രിസ്തുമതവും ഇസ്ലാമും, ഭൂരിപക്ഷത്തിന്റെ മതമാകുന്ന ദേശീയതകളിൽ മാത്രമേ പ്രസക്തിയോ പ്രയോജനമോ ആർജ്ജിക്കയുള്ളു. മത‌മെന്നാൽ പൊതുവായി, അഭിപ്രായം,വീക്ഷണം എന്നും, ഇക്കാര്യത്തിലാണെങ്കിൽ ആത്മീയ നിലപാട് എന്നുമാണ് വിവക്ഷ. സെമിറ്റിക് മതവീക്ഷണവും കടുത്ത നിലപാടും തങ്ങളുടെ ഓരോരുത്തരുടെയും വിശ്വാസങ്ങൾ മാത്രമാണ് ശരിയെന്നും, അന്തിമസത്യമെന്നും, മറ്റുള്ള മതവിശ്വാസങ്ങൾ എല്ലാം അസത്യവും അധിക്ഷേപാർഹവും അതിനാൽ ഉന്മൂലനം ചെയ്യപ്പെടേണ്ടവയും ആണെന്നാണ് .അവയുടെ ഈ വീക്ഷണങ്ങൾ  ക്രോഡീകരിച്ച് ഈ നിലപാടും, പിന്നീട് നിയമങ്ങൾ തന്നെ ആക്കിയതോ, പച്ചമനുഷ്യനായിരുന്ന അവരവരുടെ ഏക പ്രവാചകനും. എത്ര ദൈവികനെന്നു പിന്നീട് അനുയായികൾ കരുതിയാലും, മാലാഖ വെളിപ്പെടുത്തിയവയാണെന്ന് വിശ്വസിച്ചാലും, വാസ്തവത്തിൽ ആ വചനങ്ങൾ ഏകമനുഷ്യന്റെ ബുദ്ധിയിൽ തെളിഞ്ഞവമാത്രമാണ്. ഏകവ്യക്തിയുടെ ബുദ്ധിയ്ക്കും, വിവരത്തിനും, വിവേകത്തിനും  അവ ആത്മനിഷ്ടാപരമെന്നതിനു പുറമേ ( subjective), അല്ലെങ്കിൽ അതുകൊണ്ടുകൂടിയും, വളരെ പരിമിതിയും ഉണ്ട്. ഏകവ്യക്തിവചനങ്ങൾ ഒരിക്കലും അന്തിമസത്യമോ അവസാനത്തെ വാക്കോ ആവില്ല.



സെമിറ്റിക് മതങ്ങളുടെ രണ്ടാമത്തെ പ്രത്യേകതയായി പരിഗണിക്കേണ്ടത് അവയുടെ  അധികാരശ്രേണിയോടെയുള്ള ( hierarchy)  പുരോഹിത സ്ഥാപനസ്വഭാവമാണ് (establishment). ക്രിസ്തുമതത്തിൽ, ഡീകൺ,പാതിരി, ബിഷപ്, ആർച്ബിഷപ്, കർദിനാൾ, പോപ് എന്നിങ്ങനെ വിവിധ നിലകളിലുള്ള പുരോഹിതശ്രേണി  വ്യക്തമായി നിർവചിച്ചിട്ടുള്ള പ്രദേശ മണ്ഡലശ്രേണികളോടെ (പാരിഷ്, ഡയോസിസ്, പ്രോവിൻസ് ),  വിപുലമായ അധികാരം കുഞ്ഞാടുകളുടെ മേൽ കൈയ്യാളുന്നു. അതുപോലെ വിപുലമായ അധികാരമാണ് ഇസ്ലാമിൽ ശാരിയത് നിയമങ്ങൾക്കും അതു നടപ്പിലാക്കുന്ന ഇമാമിനും, മുഫ്തിയ്ക്കും, ആയതൊള്ളാഹ്യ്ക്കും. ഒടുവിൽ പറഞ്ഞ രണ്ട് അധികാരികൾക്കും വധശാസനവരെ പുറപ്പെടുവിക്കാം. സൽമാൻ റഷ്ദിയെ ഓർക്കുക.  ഈ സ്വഭാവം, ഈ ഘടന, വളരെ പരിമിതികളുള്ള ഏകപ്രവാചകന്റെ മൂല വചനങ്ങളെ പ്പോലും വളച്ചൊടിക്കാൻ പര്യാപ്തമാവുന്നു. പലപ്പോഴും താത്കാലികമായ  സന്ദർഭത്തിനും സാഹചര്യത്തിനും അനുരൂപമായി കപട വ്യാഖ്യാനങ്ങൾക്ക് കളമൊരുക്കുന്നു. പ്രായോഗിക നിത്യജീവിതത്തിനു സഹായകരമായതിനാൽ  കപടവ്യാഖ്യാനങ്ങൾ മൂലവചനങ്ങൾക്കു പകരക്കാരാവുന്നു. പുരോഹിതാധികാരത്തിനുമുന്നിൽ സാധാരണ ജനങ്ങൾക്കു കുഞ്ഞാടുകൾ ആകാനേ സാധിക്കൂ എന്ന സ്ഥിതിവിശേഷം സംഭവിക്കുന്നു. ഈ പ്രവണത സമൂഹ പശ്ചാത്ഗമനത്തിനും ജീർണ്ണതയ്ക്കും വഴിയൊരുക്കുന്നു.

                

സെമിറ്റിക് മതങ്ങളുടെ മൂന്നാമത്തെ പ്രത്യേകത അവയുടെ അടിസ്ഥാനപരമായ ആക്രമണ സ്വഭാവമാണ്.. ഇതരമതങ്ങളെ ഉന്മൂലനം ചെയ്യണമെന്ന് വിധിക്കുന്ന മതത്തിന് അക്രമത്തിലേക്ക് തിരിയാതെ വയ്യ. ക്രിസ്തുമതവും ഇസ്ലാം മതവും ക്രൂസേഡ് (കുരിശുയുദ്ധം) /ജിഹാദ് വിശുദ്ധയുദ്ധങ്ങളുടെ മതങ്ങളാണ്.  ബൈബിളിലും ഖുറാനിലും വാളെടുക്കുവാനുള്ള ആഹ്വാനങ്ങൾ ധാരാളമുണ്ട്.  ഒരിടത്ത് ക്രിസ്തു പറയുന്നു: "ഞാൻ ഭൂമിയിൽ സമാധാനം കൊണ്ടുവരാൻ വന്നതാണെന്ന് വിചാരിക്കണ്ട; ഞാൻ സമാധാനം കൊണ്ടുവരാൻ വന്നതല്ല, പ്രത്യുതാ വാൾ കൊണ്ടുവരാൻ വന്നതാണ്" ((Matthew 10:34) മധ്യകാലഘട്ടത്തിൽ കത്തോലിക് പോപ്മാരുടെ നേതൃത്വത്തിൽ പോപ് അർബൻ രണ്ടാമൻ 1095 ൽ വിശുദ്ധനാടായ ജെറുസലേം മുസ്ളീം അധീനതയിൽനിന്ന് മോചിപ്പിക്കാനും കടൽകടന്നുള്ള പരദേശങ്ങളിൽ ക്രിസ്തുമതം പ്രചരിപ്പിക്കാനുമായി തുടങ്ങിവെച്ച കുരിശുയുദ്ധങ്ങൾ, പരാജയത്തിൽ കലാശിച്ച ജെറുസലെം മോചനത്തിന് വേണ്ടി  200 വർഷത്തേക്കും, മതപ്രചാരണർത്ഥം 1588ലെ സ്പാനിഷ് അർമദ യുദ്ധം വരെയും നീണ്ടുനിൽക്കയുണ്ടായി. ഫിലിസ്തീനു പുറമേ സിറിയ, ഈജിപ്റ്റ്, സ്പെയിൻ, ലറ്റാവിയ-പ്രഷ്യ അടങ്ങിയ ബാൾടിൿ, ഇറ്റലി-സിസിലി, തെക്കൻ ഫ്രാൻസ് ഇവിടങ്ങളീലേക്കെല്ലാം കുരിശുയുദ്ധങ്ങൾ പടർന്നു. യൂറോപ്യൻ കൊളോണിയൽ വാഴ്ച്കളുടെ പ്രചോദനവും മറ്റൊന്നല്ല.



ഇസ്ലാം മതഗ്രന്ഥമായ ഖുർആൻ, മുഹമ്മദ് തന്റെ ജീവിതത്തിന്റ അവസാനത്തെ 23 വർഷങ്ങൾക്കിടയിലെ വിവിധ സന്ദർഭങ്ങളിൽ ശകലങ്ങളായി അവതരിപ്പിച്ച പ്രമാണങ്ങൾ വാമൊഴിയായി പടർന്നത് മനഃപാഠമായി സൂക്ഷിച്ച്, ആദ്യ ഖലീഫ അബൂബക്റിന്റെ കാലത്ത് ക്രോഡീകരിക്കപ്പെടുകയും മൂന്നാം ഖലീഫയായ ഉസ്മാന്റെ കാലത്ത് ഇന്നു ലഭ്യമായ തരത്തിൽ പുസ്തക രൂപത്തിലാക്കപ്പെടുകയും ചെയ്തതാണ്. ഖുർആനിലാവട്ടെ, ആക്രമണോത്സുകതയും ആക്രമണ ആഹ്വാനങ്ങളും അമ്പരിപ്പിക്കുന്ന വിധത്തിൽ വളരെ അധികമാണ്  അത്തരം 164 സുറകൾ ഉണ്ടെന്നാണ് ഒരു കണക്ക്. " യുദ്ധം നിന്നിൽ നിർബന്ധിതമാണ്" (2.217) " ഒരു അവിശ്വാസിയെ കണ്ടാൽ അവന്റെ ഗളച്ഛേദം ചെയ്യുക"  (K 47:004 Set 69, Count 136)   അങ്ങനെ ഞെട്ടിപ്പിക്കുന്നവ.  അതിശയിക്കാനില്ല; 40താമത്തെ വയസ്സിനുമേൽ മുഹമ്മദ് പ്രവാചകൻ മാത്രമല്ല ആയത്, ഒരു പട്ടാളമേധാവിയും സൈനികമേധാവിത്വവാദിയുമായി (militarist) തീർന്നിരുന്നു. തന്നെ വേട്ടയാടിയ മെക്കയെ കീഴ്പെടുത്തിയതുൾപ്പെടെ 27 .യുദ്ധപ്രവര്‍ത്തനങ്ങൾ നയിക്കുകയും മറ്റ് 58  എണ്ണം ആസൂത്രണം നടത്തുകയും ചെയ്തിരുന്നത്രേ!.ഇവ മിക്കവയും മദീനയിൽ കൂടെകടന്നുപോന്നിരുന്ന സാര്‍ത്ഥവാഹകസംഘങ്ങളെയും (caravans) അവിടുത്തെയും അയൽപ്രദേശങ്ങളിലെയും സമ്പന്ന ഗ്രാമങ്ങളെയും കൊള്ളയടിച്ചുകൊണ്ടായിരുന്നു.  ജിഹാദ് യുദ്ധതന്ത്രങ്ങളിൽ പ്രഗത്ഭനായിരുന്ന മുഹമ്മദിന്റെ കാലത്തുതന്നെ അറേബ്യ മുഴുവൻ പിടച്ചടക്കിയിരുന്നു. തൂടർന്നുള്ള റാഷിദുൻ കാലിഫുകളുടെ കാലത്ത് വെറും 30 വർഷങ്ങൾക്ക്ക്കുള്ളിൽത്തന്നെ ഉഗ്ര മതവികാരവ്യഗ്രതയോടുകൂടിയ ജിഹാദിനാൽ മധ്യപൗരസ്ത്യ പ്രദേശം മുതൽ വടക്ക് ക്വോക്കസസ്, പടിഞ്ഞാറ് ഈജിപ്റ്റ് മുതൽ ടുണീഷ്യ വരെ, കിഴക്ക് ഇറാൻ പീഠഭൂമി മുതൽ മധ്യേഷ്യ അടക്കം അന്നേവരെയുള്ള ഏറ്റവും വിപുല സാമ്രാജ്യം മുസ്ലീം അധീനതയിലായി. ദേശീയതാപരമായ യുദ്ധത്തിനും വിശുദ്ധയുദ്ധത്തിനും തമ്മിലുള്ള ഞെട്ടിപ്പിക്കുന്ന അന്തരം മനസ്സിലാക്കിയേപറ്റു: ആദ്യത്തേതിൽ പോരാളി പറയുന്നത്, എന്റെ രാജ്യത്തിനു വേണ്ടി ഞാൻ മരിക്കും; എന്നാൽ വിശൂദ്ധയുദ്ധത്തിലെ ഭീകരൻ പറയുന്നത്, എന്റെ വിശ്വാസങ്ങൾക്ക് വേണ്ടീ നീ മരിക്കണം!



 സെമിറ്റിക് മതങ്ങളുടെ പൊതുസ്വഭാവം നാം മനസ്സിലാക്കിക്കഴിഞ്ഞു. ഈ പൊതുസ്വഭാവത്തെ 'ഹിന്ദുമത 'ത്തിന്റെ പൊതുസ്വഭാവവുമായി താരതമ്യപ്പെടുത്തിയാൽ അനുഭവപ്പെടുന്നത് അതിശാന്തമായ, ശീതളമായ, സമാധാനം തരുന്ന, ഒരു ശ്രേഷ്ടമായ അന്തരമാണ്. ഹിന്ദുമതമെന്നതിന് ഉദ്ധരണികൾ കൊടുത്തത് ശ്രദ്ധിച്ചുകാണുമല്ലൊ. എന്തെന്നാൽ അത് ഒരു മതമേ അല്ല. ഇംഗ്ളീഷിൽ വേണമെങ്കിൽ ഹിന്ദുയിസം (Hinduism) എന്നു പറയാം. ഹിന്ദുയിസം ഒരു മതമല്ല, ജീവിതശൈലിയാണ്, എന്ന് സർ ശ്രീ എസ്. രാധാകൃഷ്ണന്റെ അടിവരയിടണ്ട പ്രചുരപ്രചാരമായ പ്രസ്താവനയുടെ വാസ്തവികതയ്ക്കും പുറമേ നാം അറിഞ്ഞിരിക്കണ്ട ചില ചരിത്രയാഥാർത്ഥ്യങ്ങളൂമുണ്ട്.



ഹിന്ദു എന്ന് വാക്ക് വേദങ്ങളിലോ പുരാണങ്ങളിലോ ഇല്ല. വേദഭാഷയായ പ്രാകൃത സംസ്കൃതം ലോകത്തിലെ ഒരുവ്യ്വസ്ഥാപിത ഘടനയോടുകൂടിയ ആദ്യത്തെ ഭാഷയാണ്. അതിൽ നിന്നാണ് ആദിമ ആര്യൻ (Proto-Aryan) ഭാഷാാശാഖകളായ ഇൻഡോ-ഇറാനിയൻ, ഇൻഡൊ-യൂറോപിയൻ ഭാഷകൾ ഉരുത്തിരിഞ്ഞത്. വേദങ്ങളിൽ ആദിമമായ ഋഗ്വേദം ആണ് ലോകത്തെ ആദിമ ഗ്രന്ഥവും. ഋഗ്വേദത്തിലെ സംസ്ക്രതം സിന്ധുനദീതടവാസിക‌ളുടെ ഭാഷയായിരുന്നു. ഇവരെ വൈദിക ആര്യന്മാരെന്നു വിളിക്കാം. വേദനിഷ്ടക‌ൾ പാലിക്കാൻ  അലംഭാവമോ വിസമ്മതമോ പ്രകടിപ്പിച്ച  ചില ഗോത്രങ്ങളെ സിന്ധുനദീതട പ്രദേശത്തുനിന്ന് ബഹിഷ്കൃതരാക്കിയപ്പോൾ  അവർ പശ്ചിമദിശയിൽ യാത്രയാവുകയും  പരശ് (Persus), ഇന്നത്തെ പേർഷ്യ അഥവാ ഇറാൻ, എന്ന അയൽപ്രദേശത്ത് കുടിയേറുകയും ചെയ്തു. കാലാന്തരത്തിൽ ഇവരുടെ സംസ്ക്രത ഭാഷ രൂപം മാറി "അവസ്റ്റ" എന്ന പരശു ഭാഷയായി. പൂർവ്വപരശുക്കാരനും അഗ്നിഹോത്രി പുരോഹിതനുമായിരുന്ന സാരതുഷ്ട്ര (Zoroaster) സ്ഥാപിച്ച സാരതുഷ്ട്രയിസത്തിന്റെ (Zoroastrianism) വേദഗ്രന്ഥങ്ങ‌ൾ (യസ്ന ഹപതൻഘൈതി, ഗാത) ( scriptures:Yasna Haptanghaiti and the Gathas),  അവസ്റ്റ ഭാഷയിലാണ്.  ഇവർ ഇന്ന് പാർസികൾ എന്ന് അറിയപ്പെടുന്നു.



അവസ്റ്റയിൽ സംസ്കൃതത്തിലെ 'സ'കാരം 'ഹ്'കാരമായി മാറിയിരുന്നു.  ഇന്നത്തെ പേർഷ്യൻ ഭാഷയിലും പല മധ്യ-പൗരസ്ത്യ ഭാഷകളിലും സകാരത്തിനു പകരം ഹകാരം ഉച്ചരിക്കപ്പെടുന്നു. പാർസികളുടെ വേദഗ്രന്ഥമായ നേരത്തെ പറഞ്ഞ യസ്ന ഹപതൻഘൈതി വാസ്തവത്തിൽ  യജ്ഞ സപ്ത അംഗേതി അഥവാ ഏഴ് അംഗങ്ങൾ, അദ്ധ്യായം, ഉള്ള അനുഷ്ടാന വേദമാണ്. അവരുടെ ദൈവം " അഹുര മാസ്ദ"യാവട്ടെ അസുര മേധയും. ഇവർക്ക് സിന്ധു നദി ഹിന്ദു നദിയായി, സിന്ധുനദീതടവാസികൾ ഹിന്ദുനദീതടവാസികളും, സിന്ധുക്കൾ എന്ന ചുരുക്കവിളി ഹിന്ദുക്കൾ എന്നുമായി.  അപ്പോൾ ഹിന്ദു എന്ന നാമം സിന്ധു എന്ന നാമത്തിന്റെ അവസ്റ്റൻ അപഭ്രംശമായ പുരാതനപേർഷ്യൻ സംഭാവനയാണ്. ഇവരെ അനുകരിച്ച് പുരാതന ഗ്രീക്കുകാരും അർമീനിയക്കാരും ഹിന്ദു എന്നു തന്നെ ഉച്ചരിച്ചു. പിന്നീട് പത്താംശതകം മുതൽ തുടങ്ങിയ മുസ്ലീം പേർഷ്യൻ-തുർക്കി വംശജരായ സുൽത്താൻ, മുഗൾ, ഭരണകാലത്ത് ഹിന്ദു ഇസ്ലാമിതര മതത്തിനും, മതസ്ഥർക്കും, ഹിന്ദുസ്താൻ എന്നത്, ഉപഭൂഖണ്ഡത്തിനുമുള്ള പേരായി ചിരപ്രതിഷ്ട നേടി. അറബിനാടുകളിൽ ഇന്ത്യക്കാരെ അൽ ഹിന്ദ് എന്നാണ് വിളിക്കുന്നത്. ഹിന്ദുസ്ഥാൻ എന്നത് ചിലർക്ക് കാലാന്തരത്തിൽ ദഹിക്കാതായപ്പോൾ വിഭജിച്ച് പാകിസ്ഥാനും പിറന്നു. ഹിന്ദു എന്ന പദത്തിന്റെ മേൽവിവരിച്ച ഉല്പത്തിചരിത്രം ചരിത്രത്തിന്റെ ഏടുകളിൽനിന്നിറങ്ങി , അത് തികച്ചും ഭൂമിശാസ്ത്രപരമാണെന്നും അതിനാൽ മതേതരമാണെന്നും പൊതുവിജ്ഞാനീയമായിരുന്നെങ്കിൽ, ഒരുപക്ഷെ ഇന്ത്യ വിഭജിക്കപ്പേടുകയില്ലായിരുന്നിരിക്കാം! അതേതായാലും നന്നായി എന്ന അഭിപ്രായക്കാരനാണ് ഞാൻ; അല്ലെങ്കിൽ എന്നും എന്തൊരു പുകിലായിരുന്നേനെ ഇവിടെ. ഒവൈസിയെപ്പോലുള്ളവർക്ക് 15 മിനിട് പോലീസിനെ മാറ്റിനിർത്തിയുള്ള പാകിസ്ഥാനവൽക്കരണം സമീപകാല ചക്രവാളപരിധിയിൽതന്നെ കൊണ്ടുവരാമായിരുന്നേനെ.



ഋഗ്വേദകാലത്ത് മതം എന്ന സങ്കല്പം ഇല്ല. അറിയപ്പെടുന്ന ലോകജനത, വടക്ക് ഹിമാലയം, കിഴ്ക്ക് ഇന്നത്തെ ബീഹാർ, പടിഞ്ഞാറ് ഗാന്ധാരം (ഇന്നത്തെ അഫ്ഗാനിസ്ഥാൻ ), തെക്ക് അരാവല്ലി പർവ്വതനിരകൾ വരെയുള്ള, പ്രധാനമായും സപ്തസിന്ധുനദിതട (പഞ്ചാബ്) വാസികളായ  വൈദിക ആര്യഗോത്രവർഗ്ഗങ്ങൾ മാത്രം. ലോകമെന്നാൽ ഈ പ്രദേശവും. (സമുദ്രത്തെക്കുറിച്ച് വ്യയ്ക്തമായ പരാമർശം ഋഗ്വേദത്തിലില്ല എന്ന് വാദവിധേയമായി.പറയാം.)  ഒരേയൊരു വൈദികജീവിതശൈലിയും. മതമെന്ന ആശയത്തിനുപകരം, നിയമനിഷ്ഠമായ സദാചാരാനുഷ്ഠാനം കടമയാണെന്ന് നിർദ്ദേശിക്കുന്ന ധർമ്മം എന്ന വാക്കാണ് ഈ ജിവിതശൈലിക്ക് നൽകിയിരിക്കുന്നത്. ധർമ്മം പ്രകൃതിസത്യത്തെയും നിയമങ്ങളെയും പാലിക്കലാണ്.അത് പ്രപഞ്ചനിലനില്പിന് അനുപേക്ഷണിയമായതിനാൽ, ശാശ്വതസത്യമാണെന്നതിനാൽ, ഈ ജീവിതശൈലിയെ സനാതനധർമ്മം എന്നാണ് ഋഗ്വേദത്തിൽ പരമർശിക്കുന്നത്. സനാതനധർമ്മം മനുഷ്യന്റെ ഏറ്റവും പ്രാചീനവും, , നിത്യസത്യവും, ശാശ്വതവുമായ പെരുമാറ്റനീതിയും മൂല്യവ്യ്വസ്ഥയുമാണ്. മുക്തി, അതായത് ജ്ഞാനോദയത്തിലൂടെ അബോധത്തിൽനിന്ന് മോചനം, നേടാനുള്ള മാർഗ്ഗവുമാണ്. തമസോമയ ജ്യോതിർഗമയ!



സെമിറ്റിക് മതങ്ങളുടെ പൊതുസ്വഭാവതെ വിവരിച്ചുവല്ലൊ. എന്താണ് സനാതനധർമ്മത്തിന്റെ പൊതുസ്വഭാവം? ഇത് ഏകപ്രവാചകപ്രോക്തമോ കേന്ദ്രീകൃതമോ അല്ല. ഇശ്വരകേന്ദ്രീകൃതമാണ്. വിശ്വാസങ്ങളല്ല അടിത്തറ, പ്രത്യുതാ അനുഭവജ്ഞാനമാണ്. ചരിത്രാതീതമാണ്. പ്രപഞ്ച നീതിശാസ്ത്രമായതിനാൽ സനാതനധർമ്മ ക്രോഡീകരണത്തിനു മുൻപുമുണ്ടായിരുന്നു ,അത് തുടരുന്നു, അത് ശാശ്വതവുമാണ്. എല്ലാവരിലുമുള്ളത്, എല്ലാവരെയും ഉൾക്കൊള്ളുന്നത്. ഇത് വ്യക്തിയുടെ ആത്മീയവേദനത്തിനാണ് ഔപചാരികമായ മതപ്രമാണങ്ങളേക്കാൾ പ്രാധാന്യം കൽപ്പിക്കുന്നത്. പ്രാപഞ്ചികസത്യം എവിടെയുണ്ടോ, അത് മറ്റൊരു മതത്തിലാവട്ടെ, മതസ്ഥരിലാവട്ടെ, ശാസ്ത്രത്തിലോ, കലയിലോ, സംസ്കൃതിയിലോ ആവട്ടെ, അവിടെ സനാതനധർമ്മമുണ്ട്. എവിടെ പ്രാപഞ്ചികസത്യത്തെ, നീതിശാസ്ത്രത്തെ, അംഗീകരിക്കാതിരിക്കയോ, ഒരു വിഭാഗത്തിലേക്കോ, ഏകഗ്രന്ഥത്തിലേക്കോ, ഒരുവ്യക്തിയിലേക്കോ, മാത്രമായി ചുരുക്കുകയൊ ചെയ്താൽ, അത് ദൈവനാമത്തിലാണെങ്കിലും, അവിടെ സനാതനധർമ്മം വേർപിരിയുന്നു. അസ്ഥിത്വത്തെ ക്രമീകരിക്കുന്ന ആത്മീയനിയമങ്ങൾ മനുഷ്യജീവിതത്തിന്, പ്രപഞ്ചത്തിന് ഗുരുത്വാകർഷണ നിയമം പോലെയുള്ള ഭൗതികനിയമങ്ങൾ എന്താണോ, അതുതന്നെയാണ്.  ഈശ്വരന്റെ സാക്ഷാത്ക്കാരമാണ് പ്രപഞ്ചമെന്ന് സനാതനധർമ്മം കരുതുന്നു. പ്രപഞ്ചം, വസുധൈവ കുടുംബകമാണ്. അത് മൂന്ന് ഗുണങ്ങളാൽ നിർമ്മിതമാണ്:  സാത്വികം, രാജസികം, തമസികം. ഇവയിൽ  സാത്വികഗുണം പരിശുദ്ധവും നിർമ്മലവും ഉത്തമവും ആരോഗ്യാവഹവും ശാന്തിപൂർവ്വഹവുമാണ്. രാജസികം പ്രവർത്തനനിരതവും ചലനാത്മകവും ഊക്കേറിയതും അതേസമയം നിശ്ചയമില്ലായ്മ നിറഞ്ഞതുമാണ്. തമസികഗുണം നിശ്ചലവും അലസവും ജാഡ്യം ബാധിച്ചതും ഇരുണ്ടതുമാണ്. എല്ലാം, പ്രപഞ്ചം തന്നെ, ഈ മൂന്നു ഗുണങ്ങളുടെ സമ്മിശ്രമായാണ് നിലനിൽക്കുന്നത്. പ്രധാനമായും സാത്വികനായ മഹർഷിയിലും മറ്റു രണ്ട് ഗുണങ്ങളും ചെറിയ അളവിൽ കാണും. ഈ സമ്മിശ്രമില്ലാതെ അസ്ഥിത്വമില്ല.



 ഈ തത്ത്വങ്ങളെല്ലാംതന്നെ സനാതനമായ പ്രപഞ്ചസത്യങ്ങളാൺ്. ഏതുമതത്തിനും സ്വീകാര്യമാവേണ്ടത്. ശാസ്ത്ര-കലാ-സാഹിത്യ നിയമങ്ങ‌ളെപ്പോലെ. അതുകൊണ്ടുതന്നെ മതേതരവും. അപ്പോൾ സനാതനധർമ്മം  - വർത്തമാനകാലികാർത്ഥത്തിൽ - മതേതരമായ 'മത'മാണ്. ഇത്, എല്ലാ മതസത്തയും വിശ്വാസികൾക്ക് ഈശ്വരനിലേക്കോ ആത്മീയതയിലേക്കൊ നയിക്കുന്ന വഴികളാണ്, അതിൽ നന്മയും ഉണ്മയും ഉണ്ട്, അതിനാൽ ഒരു മതത്തെയും നിരാകരിക്കയോ തിരസ്കരിക്കയോ വേണ്ട എന്ന് ഉദ്ഘോഷിക്കുന്നു. മതമേതായാലും മതി, അതിൽ മനുഷ്യത്വത്തിലൂടെയുള്ള ദൈവികത്വം ഉണ്ടെങ്കിൽ, എന്ന അനർഘമായ മതമാണ് സനാതനധർമ്മത്തിലുള്ളത്. ഈ സനാതനധമ്മ്മംപോലും പൂർണ്ണമാണെന്നോ അന്തിമസത്യമാണെന്നോ അത് സിദ്ധാന്തിക്കുന്നില്ല. കാരണം ക്രോഡീകരണം ഒരിക്കലും പൂർണ്ണമാവില്ല. മനുഷ്യനുള്ളകാലത്തോളം മതഭേദങ്ങളൂം കാണും സനാതനധർമ്മത്തിൽനിന്ന് ഉദ്ഭവിച്ചതാണ് മതഭേദങ്ങളായ ചാർവ്വാക'മത'വും ബുദ്ധ'മത'വും.ജൈന'മതവും'. ആരിലും ഈ തത്ത്വസംഹിത അടിച്ചേൽപ്പിക്കുന്നില്ല.അതിന്റെ പ്രചാരണത്തിനായി അക്രമണോത്സുകതയോ ആക്രമണ ആഹ്വാനമോ, വിശുദ്ധയുദ്ധമോ ഇല്ല. അരക്കിട്ടുറപ്പിക്കാൻ വൈദിക അധികാരശ്രേണിയുമില്ല. എവിടെയും ഹൃദ്യമായ, വിശാലമായ, സ്വാതന്ത്ര്യം. അന്യസ്വേച്ഛകളെ  അനുനയിപ്പിച്ചുള്ള  സ്വേച്ഛാനുസാരത. അതാണ് അതിന്റെ യുഗയുഗാന്തരമായി നിലനിൽക്കുന്ന അജയ്യശക്തിയും.



 തങ്ങളുടെ പ്രവാചനും, പ്രവാചകവാചകങ്ങ‌ളെന്ന് വിശ്വസിക്കപ്പെടുന്നവയടങ്ങിയ ഗ്രന്ഥവും, അതിലെ സിദ്ധാന്തസംഹിതയും വിശ്വാസപ്രമാണങ്ങളും, അവ പേർകൊടുത്ത ദൈവവും, എല്ലാം ചേർന്ന മതവും മാത്രമാണ് യഥാർത്ഥമെന്നും, മറ്റുള്ള പ്രവാചക‌-ഗ്രന്ഥ-വിശ്വാസപ്രമാണങ്ങളും ദൈവവും മതവും അയഥാർത്ഥവും, നികൃഷ്ടവും അതിനാൽ ഉന്മൂലനം ചെയ്യപ്പെ‌ടേണ്ടതാണെന്നും അവയിലെ വിശ്വാസികളെ നിഷ്കരുണം ഒന്നടക്കം കൊന്നൊടുക്കണമെന്നും പറയുന്നത് സാത്താനിൽക്കൂടെയല്ലാതെ ഒരു ദൈവനാമത്തിലും സാധൂകരിക്കാൻ സാധ്യമല്ല. അവിടെയാണ് എല്ലാ മതസത്തകളും, ഏകദൈവത്തിലേക്കുള്ള വ്യത്യസ്ഥവഴികളെന്ന് ഉദ്ഘോഷിക്കുന്ന സനാതനധർമ്മത്തിന്റെ പരമമായ സയുക്തികതയും സാധുതയും. നേരത്തെ പറഞ്ഞ, 'ഹിന്ദുമത 'ത്തിന്റെ പൊതുസ്വഭാവത്തെ സെമിറ്റിക് മതങ്ങളുമായി താരതമ്യപ്പെടുത്തിയാൽ അനുഭവപ്പെടുന്ന അതിശാന്തമായ, ശീതളമായ, സമാധാനം തരുന്ന, ആ ശ്രേഷ്ടമായ അന്തരം നമുക്ക് ഇവിടെ അനുഭവപ്പെടുന്നു.



ലോകസമാധാനത്തിനായി സെമിറ്റിക് മതസ്ഥർ ചെയ്യേണ്ട കാര്യം വളരെ ലളിതമാണ്. സനാതനമതത്തെ അനുകരിച്ച്, രണ്ടുകാര്യങ്ങൾ മാത്രം. ബൗദ്ധികമായല്ലാത്ത മതപ്രചാരണം ഒഴിവാക്കുക. മറ്റുമതങ്ങളെ അംഗീകരിക്കുക. സര്‍വ്വോത്‌കൃഷ്‌ടമായി, അനായാസമായി, അനുഷ്ടിക്കാവുന്നത്.

1 അഭിപ്രായം:

  1. Dear Friend,

    You are ignorant about Bible and Jesus. About Hinduism, how do you justify the cast system, the myriad of wars, which resulted in the death of many thousands, that is being glorified Hindu puranas??

    മറുപടിഇല്ലാതാക്കൂ

Powered By Blogger