2010, മാർച്ച് 25, വ്യാഴാഴ്‌ച

കാണാപ്പുറങ്ങൾ

കാണാപ്പുറങ്ങൾ



     എന്തൊക്കയോ നേടിയെന്ന ചിന്താഭാണ്ഡം ഒന്നഴിച്ചുനോക്കിയപ്പോൾ:
         





പട്ടിൽപ്പൊതിഞ്ഞതി ഗൂഢമായ്‌ വെച്ചൊര-
ക്കെട്ടുകൾ പൊട്ടിച്ചഴിച്ചു നോക്കി


തിട്ടപ്പെടുത്തുവാൻ, വീതിക്കുവാൻ,ലാഭ,
നഷ്ടക്കണക്കു നിൻ പക്കലില്ല


പാറിക്കളിക്കാൻ  പറത്തിയ പട്ടമായ്‌
മാറിക്കഴിഞ്ഞു നിൻ ജന്മമെന്നേ


വെട്ടിപ്പിടിക്കാനൊരുമ്പെട്ട സാമ്രാജ്യ
മിഷ്ടപ്പെടാത്തൊരു നഷ്ടയോദ്ധാ


അർത്ഥവും കാമവും കെട്ടിപ്പടുത്തൊരു
വ്യ്‌ർത്ഥസാമ്രാജ്യം ഭരിക്കയോ നീ?


ലക്ഷ്യം സുനിശ്ചിതം,എത്തും, എന്നൊർത്തു നീ
ഇച്ഛിച്ചതില്ലേ,യീ യാത്ര നീളാൻ?


കാണാത്തലയ്ക്കൽ വെളിച്ചമുണ്ടെങ്കിലോ
വേണം സുദീർഘം തുരങ്കമല്ലോ!


കൽപിച്ചു, പാപങ്ങളിൽ നിന്നു മോചനം
പിൽപ്പാടു പോതുമെന്നോതിയില്ലേ?


ഉൾക്കടം ഹൃത്തിൻ വരൾച്ചയിൽ സൂക്ഷിച്ചു
ശുഷ്ക്കമായ്മാറ്റിയോരോർമ്മപ്പൂക്കൾ


ആത്മഗേഹത്തിന്നലങ്കാരമായിതോ
ആത്മനിന്ദാപരിഹാരമായോ?




ചെല്ലക്കിനാക്കളെ മേയുവാൻ വിട്ടിട്ടു
പുല്ലാങ്കുഴൾനാദമോർത്തുനിന്നു


കാലികൾ മുറ്റും തിരിച്ചണഞ്ഞിട്ടുമാ
ലോല വേണുസ്വനം കേട്ടതില്ല


ഓർത്തില്ല, നിന്നിലാ വൃന്ദാവനം വെറും
ചീർത്ത മുൾക്കാടായ്ക്കഴിഞ്ഞുവെന്നും


നിൻ മനം തീർക്കും മുരളിക മാത്രമേ
അമ്മണിക്കണ്ണനോ മീട്ടുകെന്നും


ആദ്യന്തമില്ലാത്ത പാതയിൽ സ്വച്ഛമീ-
ശാദ്വല പ്പാടത്തിലെത്തിനിൽക്കെ,


ഈണമായ്‌, രാഗമായാ വേണുനാദമീ-
ക്കാണാപ്പുറങ്ങളിൽ കേൾക്കുമെങ്കിൽ!


ചിത്രം : ക്രി. കോ .

2010, മാർച്ച് 21, ഞായറാഴ്‌ച

നിലാവ്

നിലാവ് *   


നിലാവിൽ സാന്ധ്യതാരകം
ഉലാവും ശാന്തദൃഷ്ടിയും


നിതാന്ത്രസാന്ദ്രമാം ചിന്താ
നിവേശിതം സന്താപവും


അരണ്ട വിൺ-വെളിച്ചമാ-
യിരുണ്ട ചിത്തരാത്രി തൻ


കിനാവുപോലെ മായികം
നിലാവിലെന്റെ മാനസം!

* ജീയു വിന്റ്‌ " നിലാവ്‌ " എന്ന ഗദ്യകവിതയുടെ: പ്രിയ കവിത: http://guk.megabyet.net/ ആദ്യ ഭാഗം കവിതയാക്കി മാറ്റിനോക്കിയപ്പോൾ.

2010, മാർച്ച് 18, വ്യാഴാഴ്‌ച

ഖിന്നത

                         ഖിന്നത







താരുണ്യം തുടികൊട്ടും
താരിളം മേനിയാള്‍ തന്‍
ലാവണ്യത്തിടമ്പേന്തും
മനസ്സും പേറി,
പ്രണയശ്രീ കോവിലിന്റെ
തിരുമുറ്റത്തെത്രവട്ടം
വണങ്ങിച്ചെയ്തുനിന്നില്ലേ
വലംവച്ചില്ലേ!


പൂനിലാവായൊളിതൂകും
പുഞ്ചിരിപ്പാലൊഴുകുന്ന
പേലവമാമിളംദള-
ച്ചെഞ്ചുടിച്ചർത്താൽ
തന്മധുരം മൊഴിയൊന്നും
തൂവിടാതാമാദകപ്പെൺ-
മാന്മിഴിയാലെന്മനസ്സിൽ
നൊമ്പരം ഏറ്റി.


ഊർന്നുപോയോരുത്തരീയം
ഒതുക്കുമ്പോളൊരുനാണം
ചേർന്നലിഞ്ഞ കവിൾത്തട്ടിൻ
ശോഭയും കൂട്ടി,
പൊന്നുപാദത്തളം, ഒന്നിൻ
മുന്നിലൊന്നായ്‌ ചലിക്കുമ്പോൾ
ഖിന്നചിത്തം കാണുവതോ
കാൽപ്പാടുകൾ മാത്രം!


വന്നുചേരും വിശുദ്ധി പോൽ
ചേതനയിൽ വീശുവതാ
തെന്നലിലേയപൂർവ്വമാം
സൗരഭം മാത്രം!





ചിത്രം: Avathar, onatlopera.com

2010, മാർച്ച് 9, ചൊവ്വാഴ്ച

ചിത്രബിന്ദു


ചിത്രബിന്ദു











വളരെനാൾ മുന്നില-
പ്പുലരിത്തുടിപ്പീ‍ലാ-
യിളവെയിൽ കൊണ്ടു
നീ നിന്നിരുന്നു.


എതിരേറ്റ കൺകളിൽ
ഒരുപാടു കാമന
കതിരിട്ടുനിന്നതായ്
കണ്ടിരുന്നു


തളിരിളംതുമ്പിലായ്
ഹിമകണം പോലതിൽ
തെളിയുന്ന രാഗം
തുളുമ്പി നിന്നു.


വിരിയുവാൻ വെമ്പുമാ
പ്പലവർണരാജികൾ
വിരചിച്ചചിത്രം
വിരൂപമാക്കാൻ


ദിനരാത്രമെത്രമേൽ
കരി,വെള്ള തേച്ചതിൻ
തനുഭംഗി മായ്ക്കാൻ
ശ്രമിച്ചതില്ല!


*    *   *    *


തരളമൊരു സായാഹ്ന
വേളയിൽക്കതിരവൻ
ഇരുളും വെളിച്ചവും
ചേർന്നു നിൽക്കും


അഴികടൽ ച്ചാർത്തി
ലായമരുന്ന ശോഭയിൽ
മുഴുകുമാമായിക-
മാത്രയൊന്നിൽ


കരകേറ്റി വച്ചതാം
തോണിതൻ നീളുന്ന
കരിനിഴൽവട്ട-
ത്തിലേകയായി,


പുളിയിലക്കരയാട
ചുറ്റിപ്പുതച്ചതിൻ
ചുളിവുകൾ കൂടി
പ്പതിഞ്ഞ മെയ്യും


ഇടനെഞ്ചിലൊക്കെയും
പടരുന്ന ശോകത്തെ
തടയുന്ന മട്ടിൽ
പ്പിടിച്ച കൈയും


കരിയിലത്തുമ്പിലെ
ഉപ്പുനീർക്കണികയിൽ
കരുതാത്തൊരിക്കാൾച-
യല്ലികണ്ടു!!



ചിത്രങ്ങൾ: ക്രീ.കോ.

2010, മാർച്ച് 3, ബുധനാഴ്‌ച

കളിക്കൂട്ടുകാരി

       

      കളിക്കൂട്ടുകാരി





അഴലുമെന്നാത്മാവിൻ
സവിധത്തിലേക്കായ്
കഴലൊന്നുപോലും
നീ വച്ചതില്ല

ഇരുളുമെൻ മൂവന്തി
മുറ്റത്തു വന്നു നീ
ഒരു തിരി പോലും
കൊളുത്തിയില്ല

ഉരുകുമെൻ നെറ്റിയിൽ
ക്ഷണനേരം പോലും
കുളിർകര സ്പർശ-
മണച്ചതില്ല

പെരുകും മനസ്സിന്റെ
പരിദേവനങ്ങൾ
ഒരുവചസ്സോതി-
ക്കുറച്ചതില്ല

അറിയുന്നിതാണു ഞാനി-
വയൊക്കെയെന്നാ-
ലറിയാതെ പിന്നെയും
സ്നേഹിച്ചിടുന്നു

ഗതകാലകാമങ്ങ-
ളെല്ലാം കൊഴിഞ്ഞിട്ടു-
മിതു മാത്രമെന്തേ
തളിരായി നില്പൂ!

വഴിയോര ദീപങ്ങൾ
കണ്ണടച്ചിട്ടുമീ
വഴിയമ്പലത്തിൽ
വിളക്കു നില്പൂ.

*   *   *

വെളിവായി നിന്നിൽ
ഞാൻ വീക്ഷിച്ചീരുന്നതെൻ
തളിർകാല താരുണ്യ-
മായിരുന്നോ!

കാലാതിവർത്തി നീ
കാമനാറാണിയെൻ
കാല്പനികത്വമാം
കാമിനീരത്നവും.

കളിക്കൂടുകാരി നീ
എൻ കരൾത്തട്ടുതൻ
വിളിപ്പാടുവട്ട
ത്തിലാവസിപ്പൂ.


ചിത്രം: ക്രീ. കൊ




































Powered By Blogger